ഗണിത ശാസ്ത്രജ്ഞനായി ഹൃത്വിക് റോഷന്‍; ആരാധകരെ ഞെട്ടിച്ച് സൂപ്പര്‍ 30യുടെ ട്രെയിലര്‍

മുന്‍കാല സിനിമകളില്‍ നിന്നും വ്യത്യസ്തമായ ഹൃത്വികിന്റെ മോക്കോവര്‍ ഇതിനോടകം തന്നെ വന്‍ ജനശ്രദ്ധയാണ് നേടിയത്

ആരാധകരെയും വിമര്‍ശകരെയും ഒരുപോലെ ഞെട്ടിപ്പിച്ചുകൊണ്ട് ഹൃത്വിക് റോഷന്‍ കിടിലന്‍ മേക്കോവറില്‍ എത്തുന്ന ചിത്രം സൂപ്പര്‍ 30യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഗണിത ശാസ്ത്രജ്ഞന്റെ വേഷത്തിലാണ് ഹൃത്വിക് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. മുന്‍കാല സിനിമകളില്‍ നിന്നും വ്യത്യസ്തമായ ഹൃത്വികിന്റെ മോക്കോവര്‍ ഇതിനോടകം തന്നെ വന്‍ ജനശ്രദ്ധയാണ് നേടിയത്.

കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലര്‍ 15 മില്യണ്‍ ആളുകളാണ് ഇതുവരെ യൂട്യൂബില്‍ കണ്ടത്. വികാസ് ബാഹല്‍ സംവിധാനം ചെയ്ത സൂപ്പര്‍ 30യില്‍ ടിവി താരമായ മൃണാല്‍ താക്കൂറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരു യഥാര്‍ഥ കഥയെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തില്‍ ആനന്ദ് കുമാര്‍ എന്ന ഗണിത ശാസ്ത്രജ്ഞന്റെ ജീവിതകഥയാണ് പറയുന്നത്.

ബിഹാറിലെ ദരിദ്രരായ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ താമസവും ഭക്ഷണവും പഠനോപകരണങ്ങളും പരിശീലനവും നല്കി ഐഐടി പ്രവേശനം നേടിക്കൊടുത്ത വ്യക്തിയാണ് ആനന്ദ് കുമാര്‍. മാത്തമാറ്റിക്‌സ് രാമാനുജന്‍ സ്‌കൂള്‍ എന്ന സ്ഥാപനത്തിലൂടെയാണ് പരിശീലനം. പാട്‌ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ എല്ലാ വര്‍ഷവും സമൂഹത്തിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന 30 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കും.

പഠനത്തിനായി എല്ലാ സൗകര്യങ്ങളും നല്‍കി ഇവരെ ഇന്ത്യയിലെ ബുദ്ധിമുട്ടേറിയ ഐഐടി പരീക്ഷയ്ക്ക് പ്രാപ്തരാക്കുകയും അതിലൂടെ അവരുടെ ജീവിതത്തിന്റെ ചിത്രം തന്നെ മാറ്റുകയാണ് ആനന്ദ് ചെയ്യുന്നത്. വരാണസി, രാജസ്ഥാന്‍ എന്നിവിടങ്ങളിലായി ചിത്രീകരിച്ചിരിക്കുന്ന സൂപ്പര്‍ 30 ജൂലൈ 12ന് തീയ്യേറ്ററുകളിലെത്തും.

Exit mobile version