ചരിത്രം കുറിച്ച് ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’; ട്രെയിലര്‍ പുറത്തിറക്കുന്നത് തെന്നിന്ത്യന്‍ സിനിമയിലെയും ബോളിവുഡിലെയും സൂപ്പര്‍താരങ്ങള്‍

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ്ചിത്രത്തിന്റെ ട്രെയിലറിനെക്കുറിച്ചുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തെന്നിന്ത്യന്‍ സിനിമയിലെയും ബോളിവുഡിലെയും സൂപ്പര്‍താരങ്ങള്‍ ചേര്‍ന്നാണ് ട്രയിലര്‍ പുറത്തുവിടുന്നത്.

നാളെയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്ന സൈന ആണ് ഈ വാര്‍ത്ത പ്രേക്ഷകരെ അറിയിച്ചത്. സൂര്യ തമിഴ് പതിപ്പും യാഷ് കന്നഡ പതിപ്പും അക്ഷയ് കുമാര്‍ ഹിന്ദി പതിപ്പും ജൂനിയര്‍ എന്‍ ടി ആര്‍ തെലുങ്ക് പതിപ്പിന്റെ ട്രയിലറും പുറത്തിറക്കും.

ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയ്ക്കാണ് സൈന മരയ്ക്കാറിന്റെ ഓഡിയോ റൈറ്റ്സ് വാങ്ങിയിരിക്കുന്നത്. എന്നാല്‍ തുക വെളിപ്പെടുത്തിയിട്ടില്ല. എല്ലാ ഭാഷകളിലെയും ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നതും സൈനയാണ്. ഇതിന് മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിനും വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനാണ് ടീസര്‍ എഡിറ്റ് ചെയ്തത്.

മോഹന്‍ലാല്‍ മരയ്ക്കാറായി എത്തുന്ന ചിത്രത്തില്‍ മധു, മഞ്ജു വാര്യര്‍, പ്രഭു, അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, പ്രണവ് മോഹന്‍ലാല്‍, സിദ്ദിഖ്, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, മുകേഷ്, നെടുമുടി വേണു തുടങ്ങി ഇന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങളെല്ലാം ചിത്രത്തില്‍ വേഷമിടുന്നുണ്ട്. പ്രിയദര്‍ശന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. ഈ മാസം 26നാണ് ചിത്രം പുറത്തിറങ്ങുന്നത്.

Exit mobile version