കണ്ണവം വനത്തിന്റെ മനോഹാരിതയിലേക്ക് വീണ്ടും ക്യാമറ ചലിപ്പിച്ച് രാജമൗലി; ‘ആര്‍ആര്‍ആര്‍’ ക്ലൈമാക്സ് ഷൂട്ട് കണ്ണൂരില്‍

പുതിയ ചിത്രമായ 'ആര്‍ആര്‍ആര്‍' അഥവാ 'ട്രിപ്പില്‍ ആര്‍' എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ട് ചെയ്യാനാണ് രാജമൗലി വീണ്ടും കണ്ണവം വനത്തില്‍ എത്തിയിരിക്കുന്നത്

ബ്രഹ്മാണ്ഡ സിനിമകളുടെ സംവിധായകനായ രാജമൗലി വീണ്ടും കേരളത്തില്‍ എത്തുന്നു. തന്റെ പുതിയ ചിത്രമായ ‘ആര്‍ആര്‍ആര്‍’ അഥവാ ‘ട്രിപ്പില്‍ ആര്‍’ എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ട് ചെയ്യാനാണ് രാജമൗലി വീണ്ടും കണ്ണവം വനത്തില്‍ എത്തിയിരിക്കുന്നത്. നേരത്തേ ബാഹുബലി 2വിന്റെ ചിത്രീകരണം കണ്ണൂരിലെ കണ്ണവം വനത്തില്‍ വെച്ച് നടന്നിരുന്നു.

300 കോടി ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്. തെലുങ്ക് സൂപ്പര്‍ സ്റ്റാറുകളായ ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുവരും ചിത്രത്തില്‍ സഹോദരന്മാരായാണ് എത്തുന്നത്. ഈ കാലഘട്ടത്തിലെ കഥാപരിസരത്ത് നിന്ന് 1920 കളിലേയ്ക്ക് ചിത്രം പോകുമ്പോള്‍ വിപ്ലവകാരികളായ കോമരം ഭിം, അല്ലൂരി സീതാരാമരാജു എന്നീ കഥാപാത്രങ്ങളായാണ് ഇരുവരും എത്തുന്നത്. ഈ ഫ്ളാഷ് ബാക്ക് കഥ പറയാനാണ് കണ്ണവം വനത്തില്‍ രാജമൗലിയും സംഘവും വീണ്ടു എത്തുന്നത്.

‘മോട്ടോര്‍ സൈക്കിള്‍ ഡയറീസ്’ എന്ന ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് രാജമൗലി ഈ ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും എത്തുന്നുണ്ട്. പത്ത് ഭാഷകളിലായി 2020 ജനുവരി അവസാന വാരത്തോടെ ചിത്രം തീയ്യേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version