നിപ്പാ വൈറസിനെ കേരളം നേരിട്ടതിന്റെ നേര്‍ചിത്രം; യൂട്യൂബില്‍ ട്രെന്‍ഡിങായി ‘വൈറസ്’ ട്രെയിലര്‍

നടി രേവതിയാണ് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറുടെ വേഷത്തിലെത്തുന്നത്

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ആഷിഖ് അബു ചിത്രം വൈറസിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. കേരളം നിപ്പാ വൈറസ് എന്ന മഹാവ്യാധിയെ നേരിട്ടതിന്റെ നേര്‍ചിത്രമാണ് വൈറസ് എന്ന സിനിമയിലൂടെ സംവിധായകന്‍ കാണിച്ചിരിക്കുന്നത്. റിലീസ് ചെയ്ത് പതിനൊന്ന് മണിക്കൂറിനുള്ളില്‍ യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമതാണ് ചിത്രത്തിന്റെ ട്രെയിലറിപ്പോള്‍. രേവതി, പാര്‍വതി, രമ്യാ നമ്പീശന്‍, റിമ കല്ലിങ്കല്‍, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, സൗബിന്‍ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍. നിപ്പാ വൈറസ് കാരണം കോഴിക്കോട് ജനത അനുഭവിച്ച ദുരിതത്തെയും ട്രെയിലറില്‍ സംവിധായകന്‍ കാണിച്ചിട്ടുണ്ട്.

കേരളം നിപ്പാ വൈറസ് എന്ന മാരകവ്യാധിയെ കേരളം നേരിട്ടതിനെ ഒരിക്കല്‍ കൂടി സംവിധായകന്‍ ആഷിഖ് അബു തന്റെ ചിത്രത്തിലൂടെ പുനസൃഷ്ടിച്ചിരിക്കുകയാണ്. രോഗബാധിരരെ ചികിത്സിക്കുന്നതിനിടയില്‍ നിപ്പാ ബാധിച്ച് മരിച്ച സിസ്റ്റര്‍ ലിനിയുടെ വേഷത്തില്‍ എത്തുന്നത് നടി റിമാ കല്ലിങ്കലാണ്. ‘ആള്‍ക്കാര്‍ക്ക് അസുഖം വന്നാല്‍ നോക്കാതിരിക്കാനാവുമോയെന്ന’ റിമയുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ പ്രേക്ഷകന്റെ ഇടനെഞ്ച് ഒന്ന് പിടയും.

നടി രേവതിയാണ് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറുടെ വേഷത്തിലെത്തുന്നത്. റഹ്മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ആസിഫ് അലി, ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി, മഡോണ സെബാസ്റ്റിയന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഒപിഎം പ്രൊഡക്ഷന്‍സ് ആണ്.

Exit mobile version