‘മഹാവിജയത്തിന്റെ പങ്കാളികള്‍ക്ക് മഹാസമ്മാനങ്ങള്‍’; ലൂസിഫര്‍ ഹിറ്റാക്കിയ പ്രേക്ഷകര്‍ക്ക് സമ്മാനങ്ങളുമായി പൃഥ്വിരാജ്

ഇപ്പോഴിതാ ചിത്രത്തെ ഇത്രയും വലിയ ഹിറ്റാക്കി മാറ്റിയ പ്രേക്ഷകര്‍ക്ക് സമ്മാനവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ‘ലൂസിഫര്‍’ ഇപ്പോഴും നിറഞ്ഞ സദസിലാണ് പ്രദര്‍ശിപ്പിക്കുന്നത്. 21 ദിവസം കൊണ്ട് 150 കോടിയിലധികം രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് നൂറുകോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ‘ലൂസിഫര്‍’. ഇപ്പോഴിതാ ചിത്രത്തെ ഇത്രയും വലിയ ഹിറ്റാക്കി മാറ്റിയ പ്രേക്ഷകര്‍ക്ക് സമ്മാനവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. പൃഥ്വിരാജ് തന്റെ ഫേസ്ബുക്കിലൂടെയാണ് സമ്മാനത്തെ കുറിച്ചുള്ള കാര്യങ്ങള്‍ അറിയിച്ചത്.

’26-04-2019 മുതല്‍ 16-05-2019 തീയതി വരെ കേരളത്തിലെ മാത്രം ലൂസിഫര്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയ്യേറ്ററുകളില്‍ സിനിമ കണ്ടിറങ്ങിയതിനു ശേഷം നിങ്ങളുടെ കൈയിലുള്ള ടിക്കറ്റ് കൗണ്ടര്‍ ഫോയിലിന്റെ മറുവശത്ത് നിങ്ങളുടെ പേരും അഡ്രസ്സും ഫോണ്‍ നമ്പറും എഴുതി ഞങ്ങളുടെ ബോക്സില്‍ നിക്ഷേപിക്കുക. വിജയികളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നതായിരിക്കും’ എന്നാണ് പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചത്.

മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായി എത്തിയ ചിത്രത്തില്‍ മഞ്ജു വാര്യരായിരുന്നു നായിക. ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തിയത്. ടൊവീനോ തോമസ്, ഇന്ദ്രജിത്ത്, നന്ദു, കലാഭവന്‍ ഷാജോണ്‍, സംവിധായകന്‍ ഫാസില്‍, ബൈജു, നൈല ഉഷ, സാനിയ ഇയ്യപ്പന്‍ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. മാര്‍ച്ച് 28 നാണ് ചിത്രം തീയ്യേറ്ററിലെത്തിയത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്.

Exit mobile version