നൈറ്റ് ലൈഫ് ഓഫ് കുമ്പളങ്ങി

ഡോ. സജീഷ് എം

അടുത്ത കാലത്ത് മലയാളത്തിലുണ്ടായ മൂന്ന് സിനിമകള്‍ മനുഷ്യ ജീവിതത്തിലേക്ക് മലര്‍ക്കെ തുറന്നു വച്ച മനോഹര ജാലകങ്ങളായിരുന്നു. മഹേഷിന്റെ പ്രതികാരത്തില്‍ കാമറയിലൂടെ നാം കണ്ടത് ഒരു നാട്ടു ജീവിതത്തിന്റെ അതിരസകരമായൊരു ദൂരക്കാഴ്ചയായിരുന്നുവെങ്കില്‍, തൊണ്ടിമുതലും ദൃക്‌സാക്ഷിയും ജൈവമനുഷ്യരുടെ തൊട്ടടുത്തുന്നുള്ള നേര്‍ക്കാഴ്ചയായിരുന്നു. എന്നാല്‍, കുമ്പളങ്ങി നൈറ്റ്‌സില്‍ നമ്മള്‍ കാണുന്നത് പച്ചയായ മനുഷ്യജീവിതത്തിന്റെ ക്ലോസ് അപ്പ് ഷോട്ടുകളാണ്. ഒപ്പം കുമ്പളങ്ങി എന്ന ആഗോള ഗ്രാമത്തിന്റെ ടെലിസ്‌കോപ്പിക്ക് വിഷ്വലുകളും…

അടുത്തു കാണുന്തോറും പരന്നു പടരുന്ന ജൈവീകതയുടെ ജാലവിദ്യ. കുമ്പളങ്ങി ഒരു ഇക്കോ സിസ്റ്റമാണ്. പുല്ലും പൂവും, പുഴയും, പുഴുവും, മീനും, മനുഷ്യനും, വയലും കായലും, കള്ളനും പോലീസും, ഡോക്ടറും രോഗിയും, ആണും, പെണ്ണും, രാത്രിയും പകലും, സ്വദേശിയും പരദേശിയും, കാടും വീടും, തീറ്റയും തീട്ടവും, മദവും മദ്യവും രാത്രിയും പകലും, ഞാനും നീയും, ആണും പെണ്ണും, രതിയും വിരക്തിയും, മൃതിയും ജനിയും, അക്രമവും അതിജീവനവും എല്ലാമെല്ലാമുള്ള; ‘കുമ്പളങ്ങ ‘ പോലുള്ള ഈ ഭൂമി തന്നെയാണ്.

എത്ര സൂക്ഷ്മതയോടെയാണ് ചിത്രത്തിലെ ഓരോ ഷോട്ടുകളും ഒരുക്കിയിരിക്കുന്നത്. സിനിമ തുടങ്ങുന്നത് തന്നെ ശ്രദ്ധിച്ചു നോക്കൂ. മലയോരത്തെ ഒരു സ്‌പോര്‍ട്‌സ് സ്‌കൂള്‍ കുട്ടികളുടെ ഫുട്‌ബോള്‍ മാച്ച്. ഫ്രാങ്കി (മാത്യു തോമസ്) എന്ന കുട്ടിയെ ഇന്‍ട്രൊഡ്യൂസ് ചെയ്യുന്ന രംഗം- ഡ്രിബിള്‍ ചെയ്ത് ഗോള്‍ മുഖത്തേക്ക് മുന്നേറിയ അവന്‍ സ്വയം ഗോളടിക്കാതെ കൂട്ടുകാരന് പാസ്സ് ചെയ്ത് കൊടുക്കുകയാണ്. മറ്റേയാള്‍ അതടിച്ച് ഗോളാക്കുന്നുണ്ടെങ്കിലും, ഒടുക്കം കളി കഴിയുമ്പോള്‍ എല്ലാവരും തോളത്ത് തട്ടി അഭിനന്ദിക്കുന്നത് ഫ്രാങ്കിയെയാണ്. ചിത്രത്തിലുടനീളമുള്ള ഫ്രാങ്കിയുടെ ‘ക്യാരക്ടര്‍’ അങ്ങനെ പോര്‍ട്രര്‍ ചെയ്തിരിക്കുകയാണ്. പക്വതയും നേതൃത്വ പാടവവും, നിര്‍ണ്ണായക ഘട്ടങ്ങളില്‍ തീരുമാനമെടുക്കാനുള്ള കഴിവുമുള്ള ആ പതിമൂന്ന് വയസ്സുകാരന്റെ സ്വഭാവം നമ്മള്‍ അറിയാതെ മനസ്സില്‍ രജിസ്റ്ററാവുകയാണ്. ചിരിക്കുമ്പോള്‍ ഫ്രാങ്കിക്കെന്തു ഭംഗിയാണ്! അവനില്‍ കുമ്പളങ്ങിയുടെ ഭാവിയുണ്ട്.

ഗ്രൗണ്ടിലും, ഹോസ്റ്റല്‍ മുറിയിലുമായി ഫ്രാങ്കിയോട് സംസാരിക്കുന്ന സഹപാഠികളുടെ ഭാഷ ശ്രദ്ധിച്ചാലറിയാം അവര്‍ മലപ്പുറംകാരാണ്. മലപ്പുറത്തിന്റെ ഫുട്‌ബോള്‍ സംസ്‌കാരം നമുക്കറിവുള്ളതാണല്ലോ.

ആര്‍ക്കും വേണ്ടാത്തതൊക്കെ ഉപേക്ഷിക്കപ്പെടുന്ന ഇടമാണ് കുമ്പളങ്ങി. എന്നാല്‍ ഫ്രാങ്കിയുടെ പോയിന്റ് ഓഫ് വ്യൂവിലൂടെ തുടങ്ങുന്ന ‘ചെരാതുകള്‍ തോറും നിന്‍ തീയോര്‍മ്മകള്‍’ ഗാനത്തിലൂടെ നമ്മള്‍ കാണുന്നത് വാസ്തവത്തില്‍ ആരും കാണാതെ പോവുന്ന കുമ്പളങ്ങിയിലെ ചേതോഹര ദൃശ്യങ്ങളാണ്. ചാക്കില്‍ കെട്ടി ഉപേക്ഷിക്കപ്പെട്ട പൂച്ചക്കുഞ്ഞുങ്ങളെ ഫ്രാങ്കി കൈയ്യിലെടുത്ത് ലാളിക്കുമ്പോള്‍ അവന്റെ മുഖത്തെ മന്ദഹാസം മെല്ലെ പടരുന്നത് നമ്മുടെ ഹൃദയങ്ങളിലേക്കാണ്. കാറ്റും, കായലും, വള്ളങ്ങളും, വലകളും, പാല്‍ ചുരത്തുന്ന പാതിരാവിലെ പൂനിലാവുമുള്ള കുമ്പളങ്ങിയിലെ പ്രകൃതി മനുഷ്യനെ മാറോട് ചേര്‍ക്കുന്ന മാതൃത്വമാവുന്നു.
ഫ്രാങ്കി വീട്ടിലുണ്ടാക്കുന്ന മീന്‍ കറിയുടെ പ്രത്യേകതയെന്താണെന്ന് കണ്ടോ? പല തരം മീനുകള്‍ ഒന്നിച്ച് ചേര്‍ത്തുണ്ടാക്കിയ ഒരു പ്ലേറ്റര്‍ പോലുള്ള കറിയാണത്. (കുമ്പളങ്ങിയിലെ ഒരു പാചക രീതിയാണതെന്ന് ശ്യാം പുഷ്‌കരന്‍ ഒരു അഭിമുഖത്തില്‍ പറയുന്നതും കേട്ടിരിന്നു.) ഒരേ പാത്രത്തില്‍ വേവുന്ന പലതരം മീനുകള്‍ – ആ വീടിന്റെ സൂക്ഷ്മവും, പ്രതീകാത്മകവുമായ ഒരു ദൃശ്യം!

സ്വതവേ വൃത്തിയില്ലാത്തതും അലങ്കോലമായിക്കിടക്കുന്നതും പണിതീരാത്തതുമായ തന്റെ വീട്ടിലേക്ക് വെക്കേഷന് വന്ന് കയറിയ ഫ്രാങ്കിയുടെ ഓരോ ചലനങ്ങളിലൂടെയും അവിടത്തെ അവസ്ഥ നമുക്ക് മനസ്സിലാവും. അലസമായി മറ്റേ കാല് കൊണ്ട് ഷൂ ചവുട്ടിയൂരി സോഫയിലിരിക്കുന്ന ഫ്രാങ്കി ഇരുന്നിടത്തു നിന്ന് നീങ്ങി അസ്വസ്ഥനായി എടുത്ത് കളയുന്നത് അവിടെ ആഷ്ട്രേ ആയി ഉപയോഗിക്കുന്ന ഒരു മുട്ടത്തോടാണ്. ആ പഞ്ചായത്തിലെ ഏറ്റവും മോശം വീട് എന്ന് പിന്നീടൊരിക്കല്‍ അവന്‍ പറയുന്ന തന്റെ ആ വീട്ടിലെ ആകെയുള്ള മൂന്ന് ലക്ഷ്വറികള്‍ അത്യധികം കുലുക്കമുള്ള വാഷിംഗ് മെഷീനും, റിംഗ് വാര്‍ക്കാത്ത യൂറോപ്യന്‍ കക്കൂസും, ഗംഭീരമായി പുകയുന്ന പുകയില്ലാത്ത അടുപ്പുമാണ്.

എന്നാല്‍ ഇവ തന്നെയാണ് ഒരു ഘട്ടത്തില്‍ അവിടെയെത്തിപ്പെടുന്നവരുടെ അഭയവും ആശ്രയവുമാകുന്നത്. പ്രധാനമായും 3 വീടുകളാണ് കഥാപരിസരമായി നമ്മള്‍ കാണുന്നത്. ഒരുതരത്തിലും തമ്മില്‍ ചേരാത്ത സജിയുടെയും, ബോണിയുടെയും, ബോബിയുടെയും, ഫ്രാങ്കിയുടെയും അലങ്കോലമായിക്കിടക്കുന്ന, അഴുക്കും വിഴുപ്പും നിറഞ്ഞ, ജനവാതിലുകളില്ലാത്ത, തേക്കാത്ത ചുമരുകളുള്ള വീട്.

സിമിയും, ബേബിയും അമ്മയും മാത്രമുണ്ടായിരുന്ന; സിമിയെ വിവാഹം ചെയ്ത് ഷമ്മി താമസക്കാരനായെത്തുന്ന, വിദേശികളായ ടൂറിസ്റ്റകളെ താമസിപ്പിക്കുന്ന ഒരു ഹോംസ്റ്റെയുള്ള പുതുതായി പെയിന്റടിച്ചിട്ടുള്ള മറ്റൊരു വീട്.

ഇസ്തിരിക്കാരനായ തമിഴനും പൂര്‍ണ്ണ ഗര്‍ഭിണിയായ ഭാര്യയും താമസിക്കുന്ന ഒരു കൊച്ചുകൂര. മനോഹരമായ വള്ളികള്‍ പടന്ന് കയറിയ വര്‍ണ്ണാഭമായ പൂക്കളാല്‍ പൊതിഞ്ഞ് മൂടിയ…. ഒരു പക്ഷെ കുമ്പളങ്ങിയിലെ ഏറ്റവും മനോഹരമായ വീട്!

(വീടിന്റെ മനോഹാരിത അതിന്റെ വലിപ്പമോ ആഡംബരമോ അല്ലല്ലോ, മറിച്ച് അതിനകത്ത് കഴിയുന്നവര്‍ തമ്മിലുള്ള സ്‌നേഹവും, അവരുടെ സന്തോഷവുമാണല്ലോ)
തമിഴന്‍ പാര്‍ട്ണറുടെ മരണശേഷം പോലീസ് സ്റ്റേഷനില്‍ ഇരിക്കുന്ന സജിയുടെ (സൗബിന്‍) ഷോട്ട് തുടങ്ങുന്നത് അയാളുടെ കൈയില്‍ കടിച്ച് പിടിച്ചിരിക്കുന്ന ഒരു ഉറുമ്പിന്റെ ക്ലോസ്സിലാണ്. വേദനയറിയാതെ; നിര്‍വികാരനായിരിക്കുന്ന സജിയുടെ മുഖത്തേക്ക് കാമറ ചലിക്കുമ്പോഴേക്കും ആത്മഹത്യ ചെയ്യാന്‍ പോയവന്‍ കൊലപാതകിയായി മാറേണ്ടി വരുന്ന അത്യപൂര്‍വമായ ആ അവസ്ഥ കൃത്യമായി നമുക്ക് അനുഭവിക്കാന്‍ സാധിക്കുന്നു.

സൗബിന്‍ ഷാഹിര്‍ എന്ന പ്രതിഭയുടെ അസാമാന്യ പ്രകടനം നമ്മളെ അനുനിമിഷം അദ്ഭുതപ്പെടുത്തുന്നു. ഉടുമുണ്ട് കൈയ്യില്‍പ്പിടിച്ച് നിക്കര്‍ മാത്രം ധരിച്ച് പിന്‍വശത്തെ മുറിയില്‍ നിന്ന് തീന്‍ മുറിയിലേക്ക് കടന്നു വന്ന് മൂരി നിവര്‍ന്നു നില്‍ക്കുകയും പിന്നെ ഒരു കവിള്‍ മദ്യം വായില്‍ ഒഴിച്ച് കുലുക്കുഴിഞ്ഞ് ഇറക്കുകയും ചെയ്യുന്ന സജിയെ നമ്മള്‍ ഇന്നേവരെ മറ്റൊരു സിനിമയിലും കണ്ടിട്ടില്ല. പക്ഷെ നാട്ടിന്‍പുറ ജീവിതങ്ങളില്‍ എത്രയോ തവണ കണ്ടിരിക്കുന്നു! അപ്പന്റെ ഓര്‍മ്മ ദിവസത്തില്‍ ഫോട്ടോ നോക്കി പ്രാര്‍ത്ഥിക്കുന്ന സജിയോട് ചിരവൈരിയായ ബോബി ‘എന്ത് പ്രഹസ നോണ് സജീ’ എന്ന് ചോദിക്കുമ്പോള്‍ നമ്മള്‍ ചിരിക്കും. ഇതേ ചോദ്യം നമ്മള്‍ പിന്നീട് പരസ്പരം ചോദിക്കും- ഒന്നും വെറും പ്രഹസനമല്ലെങ്കില്‍പ്പോലും.

ബോബി – ഷെയ്ന്‍ നിഗം- ചിത്രത്തിലെ ഏറ്റവും റൊമാന്റിക്കായ കഥാപാത്രമാണ്, മടിയനാണ്, അലസനാണ്, മദ്യപാനിയാണ് എന്നാല്‍ മുഴുവന്‍ സമയവും വര്‍ണ്ണ വെളിച്ചം വിതറുന്ന ഒരു മ്യൂസിക്ക് പ്ലെയറുണ്ടാവും കക്ഷിയുടെ കയ്യില്‍. പാട്ടും പ്രകാശവും! എന്തൊരു ഗംഭീര സങ്കല്‍പ്പം! മ്യൂസിക് പ്ലെയറില്‍ നിന്നെന്നവണ്ണം സാന്ദര്‍ഭികമായി പശ്ചാത്തല സംഗീതം പലയിടത്തും സമര്‍ത്ഥമായി ഉപയോഗിച്ചിരിക്കുന്നു. പണിയെടുത്ത് നടുവൊടിഞ്ഞ ബോബിയോട് ഹെഡ് ഫോണ്‍ ചെവിയിലേക്ക് വച്ച് മറ്റൊന്നുമാലോചിക്കാതെ ജോലി ചെയ്യാന്‍ സുഹൃത്ത് ഉപദേശിക്കുന്നു. എല്ലാരുമങ്ങനെയൊക്കെത്തന്നെയാണെന്ന സത്യം കൂടി കൂട്ടുകാരന്‍ കൂട്ടിച്ചേര്‍ക്കുന്നു.

നമുക്ക് ഏറ്റവും അടുത്ത കൂട്ടുകാരില്‍ ചിലര്‍ നമ്മളെ എപ്പൊഴും മറ്റൊരു പേരിലായിരിക്കും വിളിക്കുക. അങ്ങനെയൊരു പേരിലായിരിക്കും മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുക പോലും ചെയ്യുക. ബോബിയെ ആത്മമിത്രവും സന്തത സഹചാരിയുമായ പ്രശാന്ത്, ഗോപി എന്നാണ് വിളിക്കാറ്. അതിന് ഒരു വിശദീകരണം പോലും എവിടെയും ആവശ്യമില്ല താനും.

ബോണി ഊമയാണ്, ഡാന്‍സറാണ്, മോഡേണ്‍ ആണ്. കഥയിലെ ഏറ്റവും പവര്‍ഫുള്‍ ആയ വ്യക്തിയും ശ്രീനാഥ് ഭാസിയുടെ ഈ കഥാപാത്രമാണ്. ബോണി പറയാന്‍ പറഞ്ഞു എന്നു പറഞ്ഞ് മറ്റുള്ളവര്‍ പറയുന്ന ഓരോ ഡയലോഗിനും തീയ്യേറ്ററില്‍ എന്ത് കൈയ്യടിയാണെന്നോ.

ബോണിയുടെ കൂട്ടുകാരിയും വിദേശ ടൂറിസ്റ്റുമായ അമേരിക്കക്കാരി വരുന്നതോടെ കഥയ്ക്ക് അന്തര്‍ദേശീയമായ മറ്റൊരുമാനം കൂടി കൈവരികയാണ്. പ്രാദേശികവാസികള്‍ വെളിമ്പറമ്പെന്ന് പുച്ഛിക്കുന്ന കുമ്പളങ്ങിയിലെ ഓരോ കാഴ്ചയും ആ സഞ്ചാരിണിയെ സംബന്ധിച്ചിടത്തോളം അതിസുന്ദരങ്ങളാണ്, അത്യാനന്ദകരങ്ങളാണ്. ഡേറ്റിംഗ് എന്താണെന്ന് ഫ്രാങ്കിക്ക് ( നമുക്കും) പറഞ്ഞു തരുന്ന ആ പെണ്‍കുട്ടി, ഒരു വേള ബോണിയെ പരസ്യമായി ചുംബിച്ച് നാട്ടിലെ മോറല്‍ പോലീസുകാരനായ ഷമ്മിക്ക് (നമുക്കൊക്കെയും) ചുട്ട മറുപടി കൊടുക്കുകയും ചെയ്യുന്നുണ്ട്.

ഷമ്മിയെ (ഫഹദ് ഫാസില്‍) ആദ്യമായി നമ്മള്‍ കാണുന്ന രംഗം നോക്കൂ.. ഏതൊളുടെയും ഏറ്റവും സ്വകാര്യ ഇടമായ കുളിമുറിയില്‍ കണ്ണാടി നോക്കി നില്‍ക്കുന്ന ഷമ്മി! ‘ദി കംപ്ലീറ്റ്മാന്‍-റെയ്മണ്ട്‌സ് ‘ അയാളുടെ ആത്മഗതം. കണ്ണാടിയില്‍ ഒട്ടിച്ചു വച്ചിരുന്ന ബിന്ദി ബ്ലേഡുകൊണ്ട് ഇളക്കിക്കളയുന്ന അയാളുടെ ചലനങ്ങളിലുണ്ട് ആ കഥാപാത്രത്തിന്റെ എല്ലാ സ്വഭാവ വിശേഷങ്ങളും.

സത്യത്തില്‍ അത് സിമിയുടെ വീടാണ്. ബേബി മോളുടെയും, അമ്മയുടെയും വീടാണ്. പക്ഷെ ഭക്ഷണം കഴിക്കാന്‍ സ്വന്തം പാത്രം പോലും വേണമെന്ന് വാശിയുള്ള, ഹെല്‍മറ്റ് ഇട്ട് ബുള്ളറ്റ് ഓടിക്കുന്ന, രണ്ട് നേരവും കുളിച്ച്, ദിവസവും ഷേവ് ചെയ്ത്, മീശ ഷേയ്പ്പ് ചെയ്തു വയ്ക്കുന്ന, ഭക്ഷണത്തിന് ഫ്രഷ് പൂരിവേണമെന്ന താത്പര്യമുള്ള, തീന്‍മേശയില്‍ ഗൃഹനാഥന്റെ സ്ഥാനത്തേക്ക് സ്വയം സീറ്റുവലിച്ചിട്ടിരിക്കുന്ന, വീട്ടില്‍ ബീഫ് വിന്താലു വേവിച്ച് സമയം കളയാതെ ദിവസവും ‘മാന്യ’മായ ജോലിക്ക് പോകുന്ന ഷമ്മി നമ്മളിലെ ‘ഗൃഹനാഥനായ പുരുഷന്‍’ തന്നെയാണ്. അത്രയും വൃത്തിയും വെടിപ്പുള്ള ഷമ്മിയെക്കുറിച്ച് ‘ആളത്ര വെടിപ്പല്ല കേട്ടാ’ എന്ന് അപ്പുറത്തെ പറമ്പില്‍ കുട്ടികളും, നമ്മളും പറയുന്നിടത്താണ് നമ്മളിലെത്തന്നെ ഉള്ളിലുള്ള വില്ലനെ നാം തിരിച്ചറിയുന്നത്.

സിമി ഒരു സാധാരണ പെണ്ണാണ്. ഭര്‍ത്താവിന് വച്ചുവിളമ്പിക്കൊടുക്കാനും, കുളിച്ചൊരുങ്ങിക്കിടക്കാനും, ഉറക്കെയുള്ള ഒരോ ഒച്ചകളിലും പേടിച്ചു ഞെട്ടാനും മാത്രമറിയുന്നവള്‍. പക്ഷെ, അവള്‍ പൊട്ടിത്തെറിക്കുന്നൊരു പ്രത്യേക നിമിഷമുണ്ട്. കൊതുകിനെക്കൊല്ലുന്ന ബാറ്റ് അടിച്ചു പൊട്ടിച്ചു കൊണ്ട് ‘ബേബി മോളെ ഇനി മേലാല്‍ എടീ പോടീ എന്നു വിളിക്കരുതെന്ന്, അതിനി എന്ത് തരം ചേട്ടനായാലും ശരി ..’ എന്ന് ഷമ്മിയെ താക്കീതു ചെയ്യുമ്പോള്‍ പ്രേക്ഷകരായ സ്ത്രീകള്‍ മാത്രമല്ല ശരിയായ രാഷ്ട്രീയ ബോധമുള്ള ഏതൊരാളും ആവേശഭരിതരാവും.
അത്രമേല്‍ ‘അസാധാരണമാം വിധം സാധാരണ’ പ്പെണ്‍കുട്ടിയായി സിമിയെ അവതരിപ്പിച്ച് ഗ്രേസ് ആന്റണി നമ്മെ അമ്പരപ്പിക്കുന്നു.

ചിത്രം കണ്ടിറങ്ങുമ്പോള്‍ നമ്മള്‍ കൈ പിടിച്ച് കൂടെക്കൊണ്ടു പോകുന്ന താരം ബേബി മോളാണ്, അവളുടെ പഞ്ച് ഡയലോഗുകളാണ്. ‘യേശു നമുക്ക് പരിചയൊ ല്ലാത്താളൊന്നല്ലല്ലോ?’ എന്നും ‘അപ്പോ, ട്രൂ ലൗ ഒക്കെ ഔട്ട് ഓഫ് ഫാഷനായാ?’
എന്നുമൊക്കെ നാട്ടില്‍ ആളുകളുടെ പതിവ് ചോദ്യങ്ങളായി മാറിക്കഴിഞ്ഞു.

വിദ്യാഭ്യാസമുള്ളവള്‍, തൊഴില്‍ ചെയ്ത് ജീവിക്കുന്നവള്‍, പ്രണയിക്കാനറിയുന്നവള്‍, ആഗ്രഹമുണ്ടെങ്കിലും ചുംബിക്കാനടുക്കുമ്പോള്‍ വെറവലുള്ളവള്‍, മീന്‍ പിടിച്ച് ജീവിച്ചൂടെ എന്ന് കാമുകനോട് മടിയില്ലാതെ ചോദിക്കുന്നവള്‍, പ്രണയികള്‍ക്ക് നേരെ വാതിലുകള്‍ കൊട്ടിയടക്കപ്പെടുമ്പോള്‍-സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ ചെയ്യുന്നതെന്തോ അത് ചെയ്യാമെന്ന് ധീരതയുള്ളവള്‍…
ബേബി മോള്‍ മാസ്സാണ്. രണ്ട് ഡാര്‍ക്ക് കൊടുത്താല്‍ ഏത് മണ്ടനായ നല്ലവനെയും ശരിയാക്കിയെടുക്കാമെന്നുറപ്പുള്ളവള്‍ – ബേബി മോളായി അന്ന ബെന്‍ അരങ്ങ് തകര്‍ക്കുക തന്നെ ചെയ്തു.

കൂളിംഗ് ഗ്ലാസ്സ് വച്ചാല്‍ വിനായകന്റെ ഛായയുള്ള, ചായ കുടിക്കാന്‍ ചായക്കട തുടങ്ങാതെ ജീവിതം തന്നെ തുടങ്ങാന്‍ തീരുമാനിച്ച പ്രശാന്ത് (സൂരജ് പോപ്പ്‌സ്), അയാളുടെ ആന്തരിക സൗന്ദര്യത്തിലും ബാഹ്യസൗന്ദര്യത്തിലും വിശ്വാസമുള്ള കാമുകി സുമിഷ (റിയ സൈറ),

‘ശരിയായ പോയിന്റ് അതാര് പറഞ്ഞാലും കാര്യത്തിലെടുക്കണ’മെന്ന് സജിയെയും നമ്മളെയും പഠിപ്പിച്ച തേപ്പ് കാരനായ തമിഴന്‍ പാര്‍ട്ട്ണര്‍ മുരുഗന്‍ (ആര്‍ജെ രമേഷ് തിലക്), മരണത്തിലേക്ക് യാത്ര പറയാനെത്തിയ സജിയോട് ആശുപത്രിയിലേക്ക് ഓട്ടോ വിളിക്കാന്‍ പറഞ്ഞയക്കുന്ന ഗര്‍ഭിണിയായ, പിന്നീട് കൈക്കുഞ്ഞുള്ള അമ്മയായി സജിയുടെ വീട്ടിലേക്ക് കയറി വരുന്ന-കന്യാമറിയത്തിന്റെ മുഖമുള്ള തമിഴത്തി സതി (ഷീല രാജ്കുമാര്‍), ചാടിച്ചാടി നില്‍ക്കണമെന്നും, ചീറിപ്പണിയെടുക്കണമെന്നും ബോബിയെ ഉപദേശിക്കുന്ന സുഹൃത്ത് (രഞ്ജിത് രാജന്‍), തീട്ടപ്പറമ്പിനടുത്തു കൂടിയുള്ള വഴിയിലല്ലേ നിങ്ങളുടെ വീടെന്ന് ബോബിയെയും സജിയെയും കളിയാക്കുന്ന, ഷമ്മിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനും അയാളുടെ മനോവ്യതിയാനങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്നവനുമായ ചേട്ടന്‍, സിമിയുടെയും, ബേബിയുടെയും നല്ലതിനെന്ന് കരുതി എപ്പൊഴും ഷമ്മിയെ അനുസരിക്കുന്ന അവരുടെ അമ്മ (അംബികാ റാവു), ‘കുമ്പളങ്ങി ബ്രദേര്‍സി’ന്റെ ദൈവവഴിക്ക് കിളി പോയ അമ്മ, ബോണിയുടെ ഗേള്‍ഫ്രണ്ടായ അമേരിക്കന്‍ ടൂറിസ്റ്റ് നൈല (ജാസ്മിന്‍ മെറ്റിവിര്‍),

ഒരൊറ്റ സീനില്‍ മാത്രം പ്രത്യക്ഷപ്പെടുകയും ഒരൊറ്റ അടി കൊണ്ട് സജിയുടെ മരവിച്ച മുഖത്തെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്ന കുമ്പങ്ങിയിലെ രാജു ഉണ്ണി എന്ന പോലീസ് ഉദ്യോഗസ്ഥന്‍ -ദിലീഷ് പോത്തന്‍ (അദ്ദേഹം പ്രൊഡ്യൂസര്‍മാരിലൊരാള്‍ കൂടിയാണ്) അങ്ങനെ ചെറുതും വലുതുമായ എല്ലാ കുമ്പളങ്ങിക്കഥാപാത്രങ്ങളും സ്വാഭാവികാഭിനയം കൊണ്ട് ഓരോ സീനിലും നമ്മെ വിസ്മയിപ്പിക്കുന്നു.

ഏറ്റവും എടുത്തു പറയേണ്ട രണ്ട് രംഗങ്ങളുണ്ട്. തങ്ങളുടെ അച്ഛനമ്മമാരെക്കുറിച്ച് മനശാസ്ത്ര ഡോക്ടറോട് (അജിത്ത് മൂര്‍ക്കോത്ത്) വിവരിക്കുന്ന സജിയുടെയും, ബേബിയോട് മനസ്സു തുറക്കുന്ന ബോബിയുടെയും സീനുകളാണവയിലൊന്ന്. ഡോക്ടറെ ചേര്‍ത്തു പിടിച്ച് സജി കരഞ്ഞൊലിക്കുമ്പോള്‍ ‘ഹൗമനി മമ്മീസ് ആന്റ് ഡാഡീസ് യു ഹാവ്?’ എന്ന ബേബിയുടെ ചോദ്യത്തില്‍ വിതുമ്പി നിറയുന്ന ബോബിയും. തികച്ചും മെലോ ഡ്രാമ ആയിത്തീര്‍ന്നേക്കാവുന്ന ഈ ഈറന്‍ രംഗങ്ങള്‍ എത്ര കയ്യടക്കത്തോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്! സംവിധായകന്‍ മധു സി നാരായണന്‍ എഡിറ്റര്‍ സൈജു ശ്രീധരന്‍ എന്നിവര്‍ ഒരുപോലെ അഭിനന്ദനമര്‍ഹിക്കുന്നു.

ഏറ്റവും മികച്ച മറ്റൊരു രംഗം ചിത്രത്തിന്റെ ക്ലൈമാക്‌സ് തന്നെ. ചിത്രത്തില്‍ വില്ലനാണെങ്കിലും ശരിക്കും ‘ഷമ്മി ഹീറോ’ തന്നെയാണെന്ന് തെളിയിക്കുന്ന ഫഫായുടെ പ്രകടനം!

കുമ്പളങ്ങിയിലെ സര്‍വസാധാരണമായ പ്രോപ്പര്‍ട്ടിയായ വല പ്രണയത്തിലും സംഘര്‍ഷത്തിലും ഔചിത്യ പൂര്‍വ്വമമായും സമര്‍ത്ഥമായും ഉപയോഗിച്ചിരിക്കുന്നു. ബോബി വലയെറിക്കുന്നത് നോക്കി നില്‍ക്കുന്ന ബേബിയുടെ രൂപം രസകരമായ ഒരു ക്യാമറ പ്ലേസിംഗിലൂടെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു, ഷൈജു ഖാലിദെന്ന അസാമാന്യ പ്രതിഭാസമ്പന്നനായ ഡിഒപി.

സുഷിന്‍ ശ്യാമിന്റെ സംഗീതം! രണ്ട് ഗാനങ്ങളും മികച്ചവ തന്നെ. സൂരജ് സന്തോഷും ആന്‍ ആമിയും ‘ഉയിരില്‍ തൊടും’ ആലപിക്കുമ്പോള്‍ കുമ്പളങ്ങി പ്രണയാര്‍ദ്രമാകുന്നു. ‘ചെരാതുകള്‍ തോറും നിന്‍ തീയോര്‍മ്മകള്‍…
തരാതെ പോം ചാരുവാം ഉമ്മകളാല്‍…
ചുഴലുന്നൊരീ കുറ്റാക്കുരിരുള്‍ കഴിയോളം ഞാനെരിയാം … ‘ അന്‍വര്‍ അലിയുടെ അനുപമമായ വരികള്‍ സിതാരയും സുഷിനും ചേര്‍ന്നാലപിക്കുമ്പോള്‍, അതൊരഡിക്ടീവ് മെലഡിയാവുന്നു. കേള്‍ക്കുന്തോറും വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നുന്നൊരു ഗാനാനുഭവം.സിതാരയുടെ ഏറ്റവും മികച്ച പാട്ടുകളിലൊന്നാണ് ചെരാതുകള്‍.

രചയിതാവും നിര്‍മ്മാതാക്കളിലൊരാളുമായ ശ്യാം പുഷ്‌കരന്‍ ഈ ചിത്രത്തിന്റെ വിജയശില്പി കൂടിയാണ്. താന്‍ തൂലിക ചലിപ്പിച്ച ചിത്രങ്ങളെല്ലാം ചലച്ചിത്ര ലോകത്ത് ചര്‍ച്ചയാക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്നതാണ് ചരിത്രം.

കുമ്പളങ്ങി നൈറ്റ്‌സ് ഒരു കൂട്ടം സര്‍ഗ്ഗധനരുടെ കൂട്ടായ്മയുടെ സമാനതകളില്ലാത്ത ശ്രമങ്ങളുടെ ഉത്കൃഷ്ടമായ ഒരു ഉത്പന്നമാണ്. മലയാള സിനിമയെ മറ്റേത് ലോകസിനിമയോടും കിടപിടിക്കാവുന്ന തലത്തിലെത്തിക്കുന്ന മനോഹരകലാ സൃഷ്ടിയാണ്.

Exit mobile version