അവസരം കിട്ടും പക്ഷേ ‘വിട്ടുവീഴ്ച’യ്ക്ക് തയ്യാറാകണം; ചില സംവിധായകരുടെ ആവശ്യം കേട്ടപ്പോള്‍ അഭിനയം അവസാനിപ്പിക്കാന്‍ തന്നെ തോന്നി; തുറന്ന് പറഞ്ഞ് കനി കുസൃതി

കൊച്ചി ബിനാലെയുടെ ഭാഗമായി ഡബ്‌ള്യുസിസി സംഘടിപ്പിച്ച ചലച്ചിത്ര പ്രദര്‍ശനത്തില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് കനി മനസ് തുറന്നത്.

കാസ്റ്റിംങ് കൗച്ച് സിനിമാ രംഗത്ത് സജീവമാണ്. പലരും തങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്തും വന്നിട്ടുണ്ട്. ഇതിനു പിന്നാലെ സ്വന്തം അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നടി കനി കുസൃതി. അവസരങ്ങള്‍ ലഭിക്കാന്‍ ‘വിട്ടുവീഴ്ചകള്‍ക്കു’ തയ്യാറാകണമെന്ന ചില സംവിധായകരുടെ ആവശ്യങ്ങള്‍ കേട്ടപ്പോള്‍ തനിക്കു അഭിനയം അവസാനിപ്പിക്കാന്‍ തോന്നിയെന്നു നടി വെളിപ്പെടുത്തി.

കൊച്ചി ബിനാലെയുടെ ഭാഗമായി ഡബ്‌ള്യുസിസി സംഘടിപ്പിച്ച ചലച്ചിത്ര പ്രദര്‍ശനത്തില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് കനി മനസ് തുറന്നത്. മീ ടൂ ക്യാംപെയ്‌നുകള്‍ സജീവമായതും ഡബ്‌ള്യുസിസി പോലുള്ള സംഘടനകളുടെ ഇടപെടലും സിനിമാമേഖലയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും കനി കൂട്ടിച്ചേര്‍ത്തു. ‘സിനിമയില്‍ അഭിനയിക്കണമെന്ന വലിയ ആഗ്രഹവുമായാണ് ഈ മേഖലയിലേക്കു വന്നത്.

പക്ഷേ, നല്ല വേഷങ്ങള്‍ കിട്ടണമെങ്കില്‍ പല വിട്ടുവീഴ്ചകള്‍ക്കും തയാറാകണമെന്നായിരുന്നു ചില സംവിധായകരുടെ നിലപാട്. ഇതൊക്കെ കണ്ടപ്പോള്‍ സിനിമയിലെ അഭിനയം നിര്‍ത്തിയാലോ എന്നൊക്കെ ആലോചിച്ചിട്ടുണ്ട്.’ കനി പറഞ്ഞു കേരള കഫെ, ഒരു ഇന്ത്യന്‍ പ്രണയകഥ, നത്തോലി ഒരു ചെറിയ മീനല്ല, കോക്ക്‌ടെയില്‍, ശിക്കാര്‍ തുടങ്ങിയ സിനിമകളില്‍ കനി അഭിനയിച്ചിട്ടുണ്ട്. സിനിമാ രംഗത്തെ ചൂടേറിയ ചര്‍ച്ച കൂടിയാണ് കാസ്റ്റിംഗ് കൗച്ച്. നിരവധി വെളിപ്പെടുത്തലുകള്‍ എത്തിയിട്ടുണ്ടെങ്കിലും ഈ രീതിയെ പൂര്‍ണ്ണമായും തുടച്ചു നീക്കാനായിട്ടില്ല എന്നതാണ് മറ്റൊരു വാസ്തവം.

Exit mobile version