അധികം പുറത്ത് വന്നിട്ടില്ലാത്ത താരങ്ങള്‍ക്ക് ഇത് വലിയ പ്രചോദനമെന്ന് കനി കുസൃതി; ഇനിയും നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് സുരാജും

50ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ മികച്ച നടിക്കുന്ന പുരസ്‌കാരം ലഭിച്ചതില്‍ പ്രതികരണവുമായി നടി കനി കുസൃതി. അവാര്‍ഡുകള്‍ എന്നും പ്രചോദനമാണെന്നാണ് താരത്തിന്റെ പ്രതികരണം. അധികം പുറത്തേയ്ക്ക് വന്നിട്ടില്ലാത്ത താരങ്ങളെ സംബന്ധിച്ചിടത്തോളം ഇത്തരം അവാര്‍ഡുകള്‍ വലിയ പ്രചോദനമാണെന്നും അവരെ മുന്നോട്ട് നയിക്കുന്നതെന്നും കനി കുസൃതി പറയുന്നു. അവാര്‍ഡുകള്‍ ഒരിക്കലും കഴിവിന്റെ മാനദണ്ഡമല്ല. എല്ലാവര്‍ക്കും കഴിവുകളുണ്ട്, അതില്‍ ഒരാളെ മാത്രം തെരഞ്ഞെടുക്കേണ്ടി വരുമ്പോഴാണ് ഒരാള്‍ക്ക് മാത്രം അവാര്‍ഡ് ലഭിക്കുന്നത്, കനി പറയുന്നു.

മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷം അറിയിച്ച് സുരാജ് വെഞ്ഞാറമൂടും രംഗത്തെത്തി. അവാര്‍ഡ് വലിയൊരു ഉത്തരവാദിത്വമാണെന്നും ഇനിയും നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്നും സുരാജ് പറഞ്ഞു. 2019 ല്‍ ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിച്ചു. സര്‍ക്കാര്‍ അംഗീകാരം കൂടി കിട്ടിയപ്പോള്‍ സന്തോഷമായി.

വികൃതിയും, ആന്‍ഡ്രോയിഡ് കുഞ്ഞപ്പനും വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളായിരുന്നു. എല്ലാവരും ഒരേ മനസോടെ നിന്നതുകൊണ്ടാണ് ചിത്രം ശ്രദ്ധിക്കപ്പെട്ടത്. നിറഞ്ഞ സദസില്‍ സിനിമ കാണുന്ന ദിനം പ്രതീക്ഷിച്ച് ഇരിക്കുകയാണെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരങ്ങള്‍ ലഭിച്ച എല്ലാവര്‍ക്കും താരം ആശംസകള്‍ അറിയിക്കുകയും ചെയ്തു.

Exit mobile version