‘ബിരിയാണി’യിലൂടെ വീണ്ടും അന്താരാഷ്ട്ര പുരസ്‌കാരം സ്വന്തമാക്കി കനി കുസൃതി

‘ബിരിയാണി’യിലൂടെ വീണ്ടും അന്താരാഷ്ട്ര പുരസ്‌കാരം സ്വന്തമാക്കി കനി കുസൃതി. 42ാമത് മോസ്‌കോ ഫിലിം ഫെസ്റ്റിവലില്‍ ബ്രിക്സ് മത്സര വിഭാഗത്തിലാണ് കനി കുസൃതി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രശസ്ത റഷ്യന്‍ എഴുത്തുകാരനും സംവിധായകനുമായ സെര്‍ജി മോര്‍ക്രിസ്റ്റ്‌സ്‌കി ജൂറി അധ്യക്ഷനായ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.

ലോകത്തിലെ ഏറ്റവും മികച്ച ഫിലിം ഫെസ്റ്റിവലുകളില്‍ ഒന്നു കൂടിയായ മോസ്‌കോ ഫിലിം ഫെസ്റ്റിവലില്‍ ഒരു മലയാള സിനിമക്ക് അവാര്‍ഡ് ലഭിക്കുന്നത് ഇത് ആദ്യമായാണ്. നേരത്തേ സ്പെയിനിലെ മാഡ്രിഡില്‍ നടന്ന ഇമാജിന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്ട്ര പുരസ്‌കാരം താരം സ്വന്തമാക്കിയിരുന്നു.

സജിന്‍ ബാബു ഒരുക്കിയ ‘ബിരിയാണി’ ഇറ്റലിയിലെ റോമിലെ ഏഷ്യാട്ടിക്ക ഫെസ്റ്റിവലില്‍ വേള്‍ഡ് പ്രീമിയറായിട്ടാണ് ആദ്യം പ്രദര്‍ശിപ്പിച്ചത്. അവിടെ മികച്ച ചിത്രത്തിനുള്ള നെറ്റ്പാക്ക് അവാര്‍ഡ് ചിത്രം നേടിയിരുന്നു. ബാംഗ്ലൂര്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ജൂറി അവാര്‍ഡ്, മികച്ച തിരക്കഥക്കുള്ള പത്മരാജന്‍ പുരസ്‌ക്കാരം, അമേരിക്ക, ഫ്രാന്‍സ്, ജര്‍മ്മനി, നേപ്പാള്‍ തുടങ്ങി വിവിധ അന്താരാരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ സെലക്ഷന്‍സ് എന്നിവ ബിരിയാണി സ്വന്തമാക്കിയിരുന്നു.

Exit mobile version