96; റാമും ജാനും കേരളത്തില്‍ നിന്നും വാരിയത് ഏഴ് കോടി

കേരളത്തില്‍ ഒരു മലയാളസിനിമയ്ക്ക് ലഭിക്കുന്നത്ര പ്രേക്ഷകപ്രീതിയാണ് 96 എന്ന തമിഴ് ചിത്രം നേടിയെടുത്തത്

കേരളത്തില്‍ ഒരു മലയാളസിനിമയ്ക്ക് ലഭിക്കുന്നത്ര പ്രേക്ഷകപ്രീതിയാണ് 96 എന്ന തമിഴ് ചിത്രം നേടിയെടുത്തത്. വിജയ് സേതുപതിയുടെ രാമചന്ദ്രനെയും തൃഷയുടെ ജാനകിയെയും പ്രേക്ഷകര്‍ ഇതിനകം ഹൃദയത്തിലേറ്റി കഴിഞ്ഞു. ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഇതിനകം പ്രേക്ഷക മനസുകളില്‍ ഇടംനേടി കഴിഞ്ഞു. പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന പോലെത്തന്നെ തീയ്യേറ്റര്‍ കളക്ഷന്റെ കാര്യത്തിലും 96 മുന്നിലാണ്. ഏഴുകോടി രൂപയുടെ കളക്ഷനാണ് ചിത്രം ഇതുവരെ കേരളത്തില്‍ നിന്നും മാത്രമായി നേടിയത്.

ഒക്ടോബര്‍ അഞ്ചിനാണ് ചിത്രം കേരളത്തിലെ തീയ്യേറ്ററുകളിലെത്തിയത്. 18 ദിവസം കൊണ്ട് കേരളത്തില്‍ നിന്നും മാത്രമായി 7.02 കോടി രൂപ ചിത്രം നേടി. സ്‌കൂള്‍ കാലം മുതല്‍ പ്രണയം സൂക്ഷിക്കുന്ന രണ്ടുപേര്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന റീ യൂണിയന്‍ വേദിയില്‍ കണ്ടുമുട്ടുന്നതാണ് ചിത്രത്തിന്റെ കഥ.

സി പ്രേംകുമാറാണ് 96 സംവിധാനം ചെയ്തിരിക്കുന്നത്. വര്‍ഷ ബൊല്ലമ്മ, ആദിത്യ ഭാസ്‌കര്‍, ഗൗരി ജി കിഷന്‍, ദേവദര്‍ശിനി, ജനകരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. മദ്രാസ് എന്റര്‍പ്രൈസസിന്റെ ബാനറില്‍ നന്ദഗോപാല്‍ ആണ് നിര്‍മ്മാണം.

Exit mobile version