‘അഞ്ഞൂറ് രൂപ മിനിമം ബാലന്‍സ് ഇല്ലാത്തതിനാല്‍ അന്ന് ആന്ധ്ര ബാങ്ക് എന്റെ അക്കൗണ്ട് മരവിപ്പിച്ചു, ഇന്ന് ഫോബ്‌സിന്റെ പട്ടികയില്‍’; അനുഭവം പങ്കുവെച്ച് വിജയ് ദേവരക്കൊണ്ട

അഞ്ഞൂറ് രൂപ മിനിമം ബാലന്‍സ് ഇല്ലാത്തത് കാരണം ആന്ധ്ര ബാങ്ക് എന്റെ അക്കൗണ്ട് മരവിപ്പിച്ചുവെന്നാണ്' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്

അര്‍ജ്ജുന്‍ റെഡി എന്ന ഒറ്റ ചിത്രത്തിലൂടെ യുവാക്കളുടെ പ്രിയതാരമായി മാറിയ താരമാണ് തെലുങ്ക് യുവനടന്‍ വിജയ് ദേവരക്കൊണ്ട. അടുത്തിടെ പുറത്തിറങ്ങിയ ഫോബ്‌സ് മാഗസിന്റെ ’30അണ്ടര്‍ 30’എന്ന ലിസ്റ്റിലും ഈ ദക്ഷിണേന്ത്യന്‍ താരം ഇടം പിടിച്ചിട്ടുണ്ട്. വിവിധ മേഖലകളില്‍ മുപ്പത് വയസിന് താഴെ വിജയം കൈവരിച്ച പ്രഗത്ഭരെ ഉള്‍ക്കൊള്ളിച്ചുള്ള തെരഞ്ഞെടുപ്പാണ് ’30 അണ്ടര്‍ 30′.

ഈ നേട്ടം തന്നെ തേടിയെത്തിയ നിമിഷത്തില്‍ അഞ്ഞൂറ് രൂപ തികച്ച് എടുക്കാനില്ലാത്ത തന്റെ പഴയ കാലത്തെ കുറിച്ച് ഓര്‍ക്കുകയാണ് താരം. ട്വിറ്ററിലൂടെയാണ് താരം തന്റെ ആരാധകരുമായി ഇക്കാര്യം പങ്കുവെച്ചത്.
‘എനിക്കന്ന് 25 വയസ്. അഞ്ഞൂറ് രൂപ മിനിമം ബാലന്‍സ് ഇല്ലാത്തത് കാരണം ആന്ധ്ര ബാങ്ക് എന്റെ അക്കൗണ്ട് മരവിപ്പിച്ചുവെന്നാണ്’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

ഭാരത് കമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയ് ദേവരക്കൊണ്ട ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. സംവിധായകന്‍ ക്രാന്തി മാധവനോടൊപ്പം ഒരു സിനിമയും, മൈത്രി മൂവി മേക്കേഴ്‌സിന്റെ ‘ഹീറോ’യുമാണ് വിജയ് ദേവരക്കൊണ്ടയുടെ പുതിയ ചിത്രങ്ങള്‍.

Exit mobile version