60 കോടി മുടക്കി വെറും നാല് കോടി കളക്ഷനുമായി തേജസ്; ‘ഹൃദയം അസ്വസ്ഥം’, തുടർച്ചയായ 11ാം പരാജയം സഹിക്കാനാകാതെ ക്ഷേത്രദർശനം നടത്തി കങ്കണ

തുടർച്ചയായി ചിത്രങ്ങൾ പരാജയപ്പെടുന്നതിന്റെ വിഷമം താങ്ങാനാകാതെ ആശ്വാസത്തിനായി ക്ഷേത്ര ദർശനം നടത്തി ബോളിവുഡ് നടി കങ്കണ റണൗത്ത്. ഏറ്റവും പുതിയ ചിത്രമായ ‘തേജസ്’ ബോക്‌സ് ഓഫീസ് ദുരന്തമായതിന് പിന്നാലെയാണ് നടി ക്ഷേത്ര ദർശനം നടത്തിയത്.

കുറച്ചുദിവസങ്ങളായി തന്റെ ഹൃദയം അസ്വസ്ഥമാണെന്നും സമാധാനം ലഭിക്കാൻ വേണ്ടിയാണു ക്ഷേത്ര ദർശനം നടത്തിയതെന്നും കങ്കണ എക്സിലൂടെ പ്രതികരിച്ചു. ക്ഷേത്രം സന്ദർശിച്ചതിന്റെ ചില ചിത്രങ്ങളും പങ്കിട്ടാണ് കങ്കണയുടെ കുറിപ്പ്.

ബോളിവുഡിലെ കങ്കണയുടെ കഴിഞ്ഞ എട്ട് വർഷത്തെ കരിയറിൽ ഏറ്റവും വലിയ പരാജയമാണ് ‘തേജസ്’. 60 കോടിയോളം മുടക്കിയ ചിത്രത്തിന് തിരിച്ചുപിടിക്കാനായത് നാലേകാൽ കോടി രൂപ മാത്രമായിരുന്നു. പ്രേക്ഷകരില്ലാത്തതിനാൽ തിയേറ്ററിൽ നിന്നും ചിത്രത്തിന്റെ ഷോകൾ പലതും നിർത്തിയിരിക്കുകയാണ്.

”കുറച്ച് ദിവസങ്ങളായി എന്റെ ഹൃദയം വല്ലാതെ അസ്വസ്ഥമായിരുന്നു, ദ്വാരകാധീഷ് സന്ദർശിക്കാൻ എനിക്ക് തോന്നി, ശ്രീകൃഷ്ണന്റെ ഈ ദിവ്യനഗരമായ ദ്വാരകയിൽ കാൽ കുത്തിയ ഉടനെ എന്റെ ആശങ്കകളെല്ലാം അസ്തമിച്ചതായി തോന്നുന്നു. എന്റെ മനസ്സ് സ്ഥിരമായി, എനിക്ക് അനന്തമായ സന്തോഷം തോന്നി. ദ്വാരകയുടെ നാഥാ, അങ്ങയുടെ അനുഗ്രഹം എന്നും എന്റെകൂടെ ഉണ്ടാകട്ടെ. ഹരേ കൃഷ്ണ”- എന്നാണ് കങ്കണ കുറിച്ചിരിക്കുന്നത്.

ALSO READ- വരന് സാമ്പത്തികമില്ല, പെണ്‍വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹം കഴിച്ചു, നവദമ്പതികളെ വെട്ടിക്കൊന്നു

ഒക്ടോബർ 27 ന് റിലീസ് ചെയ്ത തേജസ് സർവേഷ് മേവാരയാണ്‌സംവിധാനം ചെയ്തത്.റോണി സ്‌ക്രൂവാലയാണ് നിർമ്മാണം. കങ്കണയെ കൂടാതെ അൻഷുൽ ചൗഹാൻ, വരുൺ മിത്ര, ആശിഷ് വിദ്യാർത്ഥി, വിശാഖ് നായർ, കശ്യപ് ശങ്കരി, സുനിത് ടണ്ടൻ, റിയോ കപാഡിയ, മോഹൻ അഗാഷെ, മുഷ്താഖ് കാക്ക് എന്നിവരുംചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.

കഴിഞ്ഞ എട്ട് വർഷത്തെ കങ്കണയുടെ സിനിമകളിലെ തുടർച്ചയായ 11-ാം ബോക്സ് ഓഫിസ് പരാജയമാണ് ‘തേജസ്’. 2015ൽ തനു വെഡ്സ് മനു എന്ന ചിത്രമാണ് അവസാന ഹിറ്റ് ചിത്രം. ഐ ലവ് എൻവൈ, കട്ടി ബട്ടി, റംഗൂൺ, സിമ്രാൻ, മണികർണിക: ദ് ക്വീൻ ഓഫ് ഝാൻസി, ജഡ്ജ്മെന്റൽ ഹേ ക്യാ തുടങ്ങിയ സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടു.

ALSO READ- ആശുപത്രിയിലേക്കുളള യാത്രാമധ്യേ ആരോഗ്യനില വഷളായി; ആംബുലന്‍സിനുള്ളില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കി
തേജസിന് മുൻപ് കങ്കണയുടേതായി എത്തിയ തമിഴ് ചിത്രം ‘ചന്ദ്രമുഖി 2’ ബോക്സ്ഓഫിസിൽ വലിയ പരാജയമായിരുന്നു. 2022 ൽ കങ്കണ നായികയായി എത്തിയ ധക്കഡ് എന്ന ഹിന്ദി ചിത്രവും ബോക്‌സ് ഓഫീസ് ദുരന്തമായിരുന്നു.

Exit mobile version