‘കാശ്മീർ ഫയൽസിലെ അഭിനയത്തിന് എനിക്ക് ദേശീയ അവാർഡ് ലഭിച്ചിരുന്നെങ്കിൽ കൂടുതൽ സന്തോഷമായേനെ’: അനുപം ഖേർ

ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളെല്ലാം വലിയ രീതിയിലുള്ള ചർച്ചയാകുന്നതിനിടെ പുരസ്‌കാരം നഷ്ടപ്പെട്ടതിന്റെ നിരാശ മറച്ചവെയ്ക്കാതെ നടൻ അനുപം ഖേർ രംഗത്ത്. 69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച ദേശീയോദ്ഗ്രഥന ചിത്രമായി തിരഞ്ഞെടുത്തത് കാശ്മീർ ഫയൽസായിരുന്നു. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് നിർമാതാവും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും അനുപം ഖേർ ആയിരുന്നു.

വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ചിത്രമാണ് കാശ്മീർ ഫയൽസ്. 1990 ലെ കാശ്മീർ പണ്ഡിറ്റുകളുടെ കൂട്ടപ്പലായനമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ചിത്രത്തിന് പുരസ്‌കാരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് പറഞ്ഞ അനുപം ഖേർ അഭിനയത്തിന് പുരസ്‌കാരം ലഭിച്ചിരുന്നുവെങ്കിൽ തനിക്ക് കൂടുതൽ സന്തോഷമാവുമായിരുന്നുവെന്നും പ്രതികരിച്ചു.

കാശ്മീർ ഫയൽസിന് മഹത്തരമായതും പ്രധാനപ്പെട്ടതുമായ ദേശീയ പുരസ്‌കാരത്തിൽ മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നർഗീസ് ദത്ത് അവാർഡ് ലഭിച്ചതിൽ അതിയായ സന്തോഷവും അഭിമാനവും തോന്നുന്നുവെന്നാണ് അനുപം ഖേർ പറഞ്ഞത്. തനിക്ക് ഒരു നടൻ എന്ന നിലയിൽ മാത്രമല്ല, ഒരു എക്സിക്യൂട്ടീവ് നിർമാതാവ് എന്ന നിലയ്ക്കും അഭിമാനം നൽകുന്നതാണിത്. അഭിനയത്തിനും കൂടി പുരസ്‌കാരം ലഭിച്ചുവെങ്കിൽ ഏറെ സന്തോഷകരമാകുമായിരുന്നുവെന്നാണ് അനുപം ഖേർ പറഞ്ഞത്.

ALSO READ- ഭിന്നശേഷിക്കാരായ സുജാതയ്ക്കും ഗിരീഷിനും സുരക്ഷിതമായി ഓണമുണ്ണാം; അടച്ചുറപ്പുള്ള വീട് ഓണസമ്മാനമായി നൽകി മതിലകം ബ്ലോക്ക് പഞ്ചായത്ത്

അതേസമയം, ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത് തെലുങ്ക് ചിത്രം പുഷ്പയിലെ അഭിനയത്തിന് നടൻ അല്ലു അർജുനാണ്. മികച്ച സഹനടനായി പങ്കജ് ത്രിപാഠിയെയെ തിരഞ്ഞെടുത്തപ്പോൾ ഇന്ദ്രൻസിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. മികച്ച നടനായുള്ള അന്തിമഘട്ടത്തിൽ അനുപം ഖേറും മത്സരത്തിലുണ്ടായിരുന്നു.

Exit mobile version