ഭിന്നശേഷിക്കാരായ സുജാതയ്ക്കും ഗിരീഷിനും സുരക്ഷിതമായി ഓണമുണ്ണാം; അടച്ചുറപ്പുള്ള വീട് ഓണസമ്മാനമായി നൽകി മതിലകം ബ്ലോക്ക് പഞ്ചായത്ത്

പെരിഞ്ഞനം: ഭിന്നശേഷിക്കാരായ സഹോദരങ്ങൾ ഗിരീഷിനും സുജാതയ്ക്കും അടച്ചുറപ്പുള്ള വീട്ടിൽ ഓണമുണ്ണാൻ മതിലകം ബ്ലോക്ക് പഞ്ചായത്തിന്റെ ഓണസമ്മാനം. മതിലകം ബ്ലോക്ക് പഞ്ചായത്തിന്റെ തനത് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കിഴക്കേടത്ത് ഗിരീഷിനും സഹോദരി സുജാതയ്ക്കും വീടൊരുക്കിയത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പികെ ഡേവിസ് സ്‌നേഹവീടിന്റെ താക്കോൽ ഇരുവർക്കുമായി കൈമാറി. മതിലകം ബ്ലോക്ക് പഞ്ചായത്ത് പതിനാലാം ഡിവിഷൻ മെമ്പർ ആർകെ.ബേബിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന തനത് ഭവനപദ്ധതിയായ സ്‌നേഹവീട് പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായിട്ടായിരുന്നു സഹോദരങ്ങൾക്ക് വീടൊരുങ്ങിയത്.

ഇതേ പദ്ധതിയിൽ തന്നെ ജീർണാവസ്ഥയിലുള്ള പതിമൂന്ന് വീടുകൾ പുതുക്കിപ്പണിത് കൈമാറിയിട്ടുമുണ്ട്. പെരിഞ്ഞനം റോട്ടറി ക്ലബ്ബിന്റെയും നാട്ടുകാരുടെയും സാമ്പത്തിക സഹായത്തോടെയാണ് വീടുകൾ പുതുക്കിപ്പണിതിരിക്കുന്നത്. സ്‌നേഹവീട് പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ 70 ലക്ഷം രൂപ ചെലവിട്ട് പത്ത് വീടുകൾ നവീകരിച്ചിരുന്നു.

ALSO READ- ഇന്ത്യ ചന്ദ്രനിലൂടെ നടന്നു! ചന്ദ്രയാൻ ലാൻഡറിൽ നിന്നും റോവർ പുറത്തേക്ക് ഇറങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ

ചടങ്ങിൽ സായിദാ മുത്തുക്കോയ തങ്ങൾ അധ്യക്ഷയായി. പെരിഞ്ഞനം, കയ്പമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ വിനിതാ മോഹൻദാസ്, ശോഭനാ രവി, ആർകെ ബേബി, ഗോപിനാഥൻ കിഴക്കേടത്ത്, എആർ രവീന്ദ്രൻ, സ്‌നേഹദത്ത്, കെജി സജീവ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

Exit mobile version