നല്ല ഉറപ്പുണ്ട്, തൈക്കുടം ബ്രിഡ്ജിന്റെ നവരസം കാന്താര ടീം കോപ്പിയടിച്ചതെന്ന് ഹരീഷ് ശിവരാമകൃഷ്ണൻ; സ്വന്തമായി ചെയ്യാതെ അടിച്ചു മാറ്റിയെന്ന് ബിജിപാൽ

സോഷ്യൽമീഡിയയിൽ ഏറെ ചർച്ചയാവുകയാണ് കാന്താരയിലെ ‘വരാഹ രൂപം’ പാട്ടിനെതിരെ ഉയർന്ന കോപ്പിയടി ആരോപണം. തൈക്കുടംബ്രിഡ്ജ് ബാൻഡ് 2017ൽ പുറത്തിറക്കിയ നവരസം പാട്ടാണ് കാന്താര സിനിമയിൽ അടിച്ചുമാറ്റി ഉപയോഗിച്ചെന്നാണ് ആരോപണം. സംഭവത്തിൽ തൈക്കുടം ബ്രിഡ്ജിനെ പിന്തുണച്ച് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണനും സംഗീതജ്ഞൻ ബിജിപാലും രംഗത്തെത്തി.

സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഹ്രസ്വ കുറിപ്പിലൂടെയാണ് ഹരീഷിന്റെ പ്രതികരണം. ‘വരാഹ രൂപം എന്ന പാട്ട് തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന പാട്ടിന്റെ 90 ശതമാനം ഓർക്കസ്ട്രൽ അറേഞ്ച്‌മെന്റിന്റെ ക്രെഡിറ്റ് കൊടുക്കാതെ ഉണ്ടാക്കിയ കോപ്പി ആണ്. ഒരേ രാഗം ആയതു കൊണ്ട് വെറുതെ തോന്നുന്നതൊന്നും അല്ല. നല്ല ഉറപ്പുണ്ട്’-അദ്ദേഹം പറയുന്നതിങ്ങനെ.

‘സ്വന്തമായി ചെയ്യാനറിയില്ല, അടിച്ചുമാറ്റിയെന്ന് പച്ചസംസ്‌കൃതത്തിൽ പറഞ്ഞാൽ മതിയല്ലോ’- എന്നാണ് ബിജിപാൽ ഫേസ്ബുക്കിൽ കുറിച്ചത്. റിഷഭ് ഷെട്ടി നായകനായെത്തി 100 കോടി കളക്ഷൻ നേടിയ ഹിറ്റ് കന്നഡ ചിത്രമാണ് ‘കാന്താര’. ചിത്രത്തിലെ ‘വരാഹ രൂപം’ ദിവസങ്ങൾ കൊണ്ട് ഒരു കോടിയിലധികം പ്രേക്ഷകരെയാണു നേടിയതും.

ഇതിന് പിന്നാലെയാണ് തൈക്കുടംബ്രിഡ്ജ് തങ്ങളുടെ നവരസ പാട്ട് കോപ്പിയടിച്ചാണ് ഈ പാട്ടുണ്ടാക്കിയതെന്നും ഉത്തരവാദികൾക്കെതിരെ നിയമവഴിയെ നീങ്ങുമെന്നും അറിയിച്ച് രംഗത്തെത്തിയത്.

ഇതിനിടെ, കാന്താരയുടെ സംഗീത സംവിധായകൻ ബി അജനീഷ് ലോക്‌നാഥ് കോപ്പി അടിച്ചതല്ലെന്നും ഒരേ രാഗമായതിനാൽ പാട്ടിൽ സമാനതകൾ തോന്നുന്നതാണെന്നും പറഞ്ഞ് രംഗത്തെത്തിയിട്ടുമുണ്ട്.

also read- സ്വപ്ന കഠിനമായ യാതനകള്‍ അനുഭവിച്ച സ്ത്രീ; ആരോപണങ്ങള്‍ തന്റെ നേരേയ്ക്ക് എത്തിക്കാന്‍ ശ്രമം; ബിജെപി പാളയത്തിലാണ് ഗൂഢാലോചനയെന്ന് കടകംപള്ളി

Exit mobile version