കള്ളത്തരം അന്നുമുതലിതുവരെ… പാടിയും അഭിനയിച്ചും ജോജു ജോര്‍ജ്ജ്: ‘പീസ്’രണ്ടാമത്തെ ഗാനം എത്തി

ജോജു ജോര്‍ജ്ജ് നായകനും ഗായകനുമാവുന്ന ‘പീസ്’ സിനിമയിലെ രണ്ടാമത്തെ ഗാനം റിലീസായി. വിന്റേജ് മൂഡിലുള്ള പാട്ട് പാടിയിരിക്കുന്നത് ജോജു ജോര്‍ജ്ജ് തന്നെയാണ്. പാട്ടിന്റെ വരികളും രംഗങ്ങളും പുതുമ സമ്മാനിക്കുന്നതാണ്. ഒരു കോമഡി സിനിമയുടെ സ്വഭാവമാണ് പാട്ടിന്റേത്.

കോസ്റ്റ്യൂം, പാട്ടിന്റെ ദൃശ്യപശ്ചാത്തലം എന്നിവ പുതുമ പുലര്‍ത്തുന്നതാണ്. ആശാ ശരത്ത്, രമ്യാനമ്പീശന്‍, അനില്‍ നെടുമങ്ങാട്, സിദ്ധിഖ്, മാമുക്കോയ, അദിതി രവി, ശാലു റഹിം, വിജിലേഷ്, പോളി വല്‍സന്‍ തുടങ്ങി വലിയ താരനിരതന്നെ സിനിമയിലുണ്ട്.

നവാഗതനായ സന്‍ഫീര്‍. കെ കഥയും സംവിധാനവും നിര്‍വ്വഹിച്ച സിനിമ 80 ദിവസങ്ങള്‍ എടുത്ത് തൊടുപുഴ, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചത്. ദിനു മോഹന്‍ എഴുതിയ പാട്ടിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് സംവിധായകനായ സന്‍ഫീറും സംഗീത സംവിധായകനായ ജുബൈര്‍ മുഹമ്മദും ചേര്‍ന്നാണ്.

സ്‌ക്രിപ്റ്റ് ഡോക്ടര്‍ പിക്‌ച്ചേഴ്‌സിന്റെയും അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ ദയാപരന്‍, ജോജു ജോര്‍ജ് എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സഫര്‍ സനല്‍, രമേശ് ഗിരിജ എന്നിവരുടേതാണ് തിരക്കഥ. ഷമീര്‍ ജിബ്രാന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

Exit mobile version