”ഈ ദിനത്തില്‍ നമുക്ക് ഉണ്ടായ എല്ലാ മോശം സര്‍ക്കാരുകളെയും ഓര്‍ക്കണം, കള്ളന്‍മാരെയും വഞ്ചകരെയും ഓര്‍ക്കണം”; ചര്‍ച്ചയായി സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്

മുംബൈ: രാജ്യം ഇന്ന് 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. നടന്‍ സിദ്ധാര്‍ത്ഥ് സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ചെയ്ത ട്വീറ്റ് സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയാണ്. ഈ ദിനത്തില്‍ നമുക്ക് ഉണ്ടായ എല്ലാ മോശം സര്‍ക്കാരുകളെയും കള്ളന്‍മാരെയും വഞ്ചകരെയും ഓര്‍ക്കണമെന്നാണ് സിദ്ധാര്‍ഥ് പറയുന്നത്.

തെറ്റായ ഭരണത്തിന്റെ ഭയപ്പെടുത്തലുകളുടെ ഓര്‍മ്മ ദിവസമാണ് ഇന്നെന്നും സിദ്ധാര്‍ഥ് കൂട്ടിച്ചേര്‍ത്തു. ‘എന്റെ ജീവന് സ്വാതന്ത്ര്യ ദിനാശംസകള്‍. സ്വതന്ത്രയായും ജനാധിപത്യപരമായും നിലനില്‍ക്കുന്നതില്‍ നന്ദി. ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ഈ ദിനത്തില്‍ നമുക്ക് ഉണ്ടായ എല്ലാ മോശം സര്‍ക്കാരുകളെയും നാം ഓര്‍ക്കണം. കള്ളന്‍മാരെയും വഞ്ചകരെയും ഓര്‍ക്കണം. ഇത് തെറ്റായ ഭരണത്തിന്റെ ഭയപ്പെടുത്തലുകളുടെ ഓര്‍മ്മ ദിവസമാണ്. ഒരിക്കലും മറക്കരുത്. ഒരിക്കലും മാപ്പ് നല്‍കരുത്. ജയ് ഹിന്ദ്’- സിദ്ധാര്‍ഥ് കുറിച്ചു.

സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ് ശ്രദ്ധേയമാകുകയാണ്. ഇതിനോടകം നിരവധി പേരാണ് പ്രതികരിച്ചത്. നവരസ എന്ന നെറ്റ്ഫ്ലിക്സ് ആന്തോളജിയാണ് അവസാനമായി റിലീസ് ചെയ്ത സിദ്ധാര്‍ഥിന്റെ സിനിമ. ചിത്രത്തില്‍ പാര്‍വ്വതി തിരുവോത്തും കേന്ദ്ര കഥാപാത്രമായിരുന്നു. തമിഴ് സംവിധായകരായ മണി രത്‌നവും ജയേന്ദ്ര പഞ്ചപകേശനുമാണ് ആന്തോളജി നിര്‍മ്മിച്ചത്. നവരസ ഒന്‍പത് ഹ്രസ്വചിത്രങ്ങളായി ഒന്‍പത് സംവിധായകരാണ് ഒരുക്കിയത്.

Exit mobile version