ദളിത് വിരുദ്ധ പരാമർശത്തിന് തന്നെ പോലീസിന് തൊടാനാകില്ലെന്ന് വീരവാദം; അറസ്റ്റിലായപ്പോൾ പൊട്ടിക്കരച്ചിൽ;നടി മീര മിഥുൻ പിടിയിലായത് ആലപ്പുഴയിലെ റിസോർട്ടിൽ നിന്നും

ആലപ്പുഴ: ദളിത് വിഭാഗക്കാരെ സിനിമയിൽ നിന്നടക്കം ബഹിഷ്‌കരിക്കണമെന്നു ആഹ്വാനം ചെയ്ത് വിവാദത്തിലായ തമിഴ്‌നടിയും മോഡലുമായ മീര മിഥുൻ അറസ്റ്റിലായി. പ്രമുഖയൂട്യൂബർ കൂടിയായ മീരയെ ആലപ്പുഴയിലെ സ്വകാര്യ റിസോർട്ടിലെത്തിയാണ് ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തത്.

ഒട്ടുമിക്ക കുറ്റകൃത്യങ്ങളിലും ദളിത് പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ടവരാണ് പ്രതികളെന്നും, തമിഴ് സിനിമയിലെ ദളിത് സംവിധായകരെ ബഹിഷ്‌ക്കരിക്കണമെന്നും യൂട്യൂബ് വീഡിയോയിലൂടെ മീര മിഥുൻ ആഹ്വാനം ചെയ്തിരുന്നു. ഇതാണ് വിവാദമായത്. ഓഗസ്റ്റ് ഏഴിനാണ് വിവാദ വീഡിയോ യൂട്യൂബിലൂടെ അവർ പങ്കുവെച്ചിരുന്നത്.

വീഡിയോ വൈറലായതോടെ ദളിത് സംഘടനയായ വിടുതലൈ ശിറുതൈകൾ നേതാവ് വണ്ണിയരസ് പോലീസിൽ പരാതിപ്പെടുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് നടി അറിസ്റ്റിലായത്. എസ്‌സി -എസ്ടി നിയമം ഉൾപ്പടെ ഏഴ് വകുപ്പുകൾ നടിക്കെതിരെ ചുമത്തിയതായി ചെന്നൈ സിറ്റി സൈബർ ക്രൈം പോലീസ് അറിയിച്ചിരുന്നു.

പോലീസ് കേസെടുത്തതിന് പിന്നാലെ നടി ചെന്നൈയിലെ വീട്ടിൽനിന്ന് ഒളിവിൽ പോവുകയായിരുന്നു. പോലീസിന് തന്നെ പിടികൂടാനാകില്ലെന്ന വെല്ലുവിളിയും ഇതിനിടെ മീര മിഥുൻ നടത്തിയിരുന്നു. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ആലപ്പുഴയിലെ സ്വകാര്യ റിസോർട്ടിൽനിന്ന് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നടിയെ ചെന്നൈയിലെത്തിച്ച് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്യുന്നതിനിടെ പൊട്ടിക്കരയുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇതും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

താനെ സേർന്ത കൂട്ടം ഉൾപ്പടെ ഏതാനും തമിഴ് സിനിമകളിൽ അഭനയിച്ച മീര മിഥുൻ തമിഴ് ബിഗ് ബോസ് സീസൺ 3യിൽ മത്സരാർഥിയായിരുന്നു. മോഡലിങ്ങിലും പ്രശസ്തയായ മീരയുടെ യൂട്യൂബ് വീഡിയോയ്ക്ക് വൻ സ്വീകാര്യതയാണ് ഉണ്ടായിരുന്നത്.

തൃഷയും അജിത്തും മുഖ്യവേഷത്തിലെത്തിയ ഗൗതം മേനോന്റെ യെന്നൈ അരിന്താള് എന്ന സിനിമയിലാണ് (2015) മീര മിഥുൻ ആദ്യമായി അഭിനയിച്ചത്. പിന്നീട് വിഘ്‌നേഷ് ശിവന്റെ ഹീസ്റ്റ് കോമഡി ആയ താനാ സേർന്ത കൂട്ടത്തിൽ (2018) ആയിരുന്നു മീര മിഥുൻ ശ്രദ്ധിക്കപ്പെട്ടത്.

Exit mobile version