നിപ്പായുടെ കഥ പറയുന്ന ‘വൈറസി’ ലേക്ക് അഭിനേതാക്കളെ തേടി ആഷിഖ് അബു

കേരളത്തെയാകെ പിടിച്ചുലച്ച നിപ്പാ വൈറസിന്റെ പശ്ചാത്തലത്തില്‍ ആഷിഖ് അബു ഒരുക്കുന്ന 'വൈറസ്' എന്ന സിനിമയിലേക്ക് അഭിനേതാക്കളെ തേടുന്നു.

കേരളത്തെയാകെ പിടിച്ചുലച്ച നിപ്പാ വൈറസിന്റെ പശ്ചാത്തലത്തില്‍ ആഷിഖ് അബു ഒരുക്കുന്ന ‘വൈറസ്’ എന്ന സിനിമയിലേക്ക് അഭിനേതാക്കളെ തേടുന്നു. 20 മുതല്‍ 25 വയസ്സു വരെയുള്ളതും, 40 മുതല്‍ 45 വയസ്സു വരെയുള്ളതുമായ പ്രായപരിധിയിലുള്ള സ്ത്രീകള്‍ക്കും 25 മുതല്‍ 35 പ്രായപരിധിയിലുള്ള പുരുഷന്‍മാര്‍ക്കും ചിത്രത്തിന്റെ ഭാഗമാകാനുള്ള അസുലഭ അവസരം കൈവന്നിരിക്കുകയാണ്.

താത്പര്യമുള്ളവര്‍ എഡിറ്റ് ചെയ്യാത്ത ഫോട്ടോകള്‍ ബയോഡാറ്റ സഹിതം castingvirusmovie@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കണം-സംവിധായകന്‍ ആഷിക് അബുവും ഭാര്യ റിമ കല്ലിങ്കലും ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.

രേവതി, ആസിഫ് അലി, ടൊവീനോ തോമസ്, റിമ കല്ലിങ്കല്‍, ശ്രീനാഥ് ഭാസി, പാര്‍വതി, രമ്യാ നമ്പീശന്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് തുടങ്ങിയവരെല്ലാം ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. അതിഥി വേഷത്തില്‍ ഫഹദ് ഫാസിലും ചിത്രത്തിലുണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ട്.

രാജീവ് രവിയാണ് ഛായഗ്രാഹകന്‍. മുഹസന്‍ പെരാരി, സുഹാസ്, ഷറഫു തുടങ്ങിയവരാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. കോഴിക്കോടും മലപ്പുറത്തും ആയിരുന്നു നിപ്പാ വൈറസ് പടര്‍ന്ന് പിടിക്കുകയും മരണങ്ങള്‍ ഉണ്ടാവുകയും ചെയ്തത്. അതില്‍ തന്നെ ആരോഗ്യ പ്രവര്‍ത്തക ലിനിയുടെ മരണം ലോകം മുഴുവന്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. സര്‍ക്കാരിന്റെ സമയോജിതമായ ഇടപെടല്‍ കൊണ്ടാണ് നിപ്പാ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത് തടയുവാന്‍ സാധിച്ചത്.

Exit mobile version