ആദ്യത്തെ 12 മിനിറ്റ് എന്താണാവോ ലക്ഷ്യം ?, സംഭാഷണങ്ങള്‍ പലതും വ്യക്തമല്ല, പരമ ദയനീയമായ ആര്‍ട്ട് വര്‍ക്ക്, മാലിക്ക് കണ്ട എന്നെ പറഞ്ഞാല്‍ മതി; ചിത്രത്തെക്കുറിച്ച് പ്രതികരണവുമായി സന്ദീപ് വാര്യര്‍

തൃശ്ശൂര്‍: ഏറ്റവും പുതിയ ഫഹദ് ഫാസില്‍ ചിത്രമാണ് മാലിക്ക്. ടേക്ക് ഓഫിനും സി യു സൂണിനും ശേഷം ഫഹദ് ഫാസില്‍ മഹേഷ് നാരായണന്‍ കോമ്പോയിലെത്തിയ ചിത്രം കൂടിയാണിത്. ചിത്രംിയറ്റര്‍ റിലീസായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ കൊവിഡ് പ്രതിസന്ധി നീണ്ടുപോകുന്നതോടെ നിര്‍മ്മാതാവായ ആന്റോ ജോസഫ് ഒടിടി റിലീസിന് നിര്‍ബന്ധിതനായി.

27 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മ്മിച്ചത്. ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, ജലജ, ഇന്ദ്രന്‍സ്, സലിം കുമാര്‍ , സനല്‍ അമന്‍, ദിനേഷ് പ്രഭാകര്‍, പാര്‍വതി കൃഷ്ണ, ദിവ്യ പ്രഭ, അപ്പാനി ശരത്, സുധി കോപ്പ, രാജേഷ് ശര്‍മ്മ എന്നിങ്ങനെ നിരവധി താരങ്ങളും ചിത്രത്തിലുണ്ട്.

ചിത്രത്തെക്കുറിച്ച് പലരും സോഷ്യല്‍മീഡിയയില്‍ അഭിപ്രായം തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോളിതാ മാലിക്കിനെക്കുറിച്ച് പ്രതികരണവുമായെത്തിയിരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് വാര്യര്‍.

സന്ദീപ് വാര്യര്‍ പങ്കുവെച്ച കുറിപ്പിങ്ങനെ

മാലിക്ക് കണ്ടു. സിനിമയുടെ പൊളിറ്റിക്കല്‍ കറക്ട്‌നസ് സംബന്ധിച്ച് പിന്നീട് പറയാം . സിനിമയുടെ ഓവറാള്‍ മേക്കിംഗ് സംബന്ധിച്ചാണ് എനിക്കു പറയാനുള്ളത് . ആദ്യത്തെ 12 മിനിറ്റ് , സിംഗിള്‍ ഷോട്ട് , എന്താണാവോ ലക്ഷ്യം ? ഒട്ടും നന്നായിട്ടില്ല . സിംഗിള്‍ ഷോട്ട് സാഹസികതക്ക് പകരം മുറിച്ച് എടുത്തിരുന്നെങ്കില്‍ കുറച്ചു കൂടി വൃത്തി ഉണ്ടാകുമായിരുന്നു . സംഭാഷണങ്ങള്‍ പലതും വ്യക്തമല്ല. സെറ്റാണെന്ന് കൃത്യമായി തോന്നിപ്പിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷൂട്ട് ചെയ്ത വിയറ്റ്‌നാം കോളനി ഒക്കെ വച്ചു നോക്കുമ്പോള്‍ പരമ ദയനീയമായ ആര്‍ട്ട് വര്‍ക്ക്. ജയിലിലെ സെല്ലിലൊക്കെ വരുന്നവനും പോകുന്നവനും യഥേഷ്ടം കയറിയിറങ്ങുകയാണ് . ഭയങ്കരമാന റിയലിസം. റമദാ പള്ളിക്കാര്‍ മുങ്ങിക്കപ്പല്‍ വരെ സ്വന്തമായി ഉണ്ടാക്കാന്‍ മാത്രം ഇന്നൊവേറ്റീവാണ് .

സൈന്യമൊക്കെ ഉപയോഗിക്കുന്ന കടലിലും കരയിലും ഓടിക്കാവുന്ന ബോട്ട് ഒക്കെ ഡിസൈന്‍ ചെയ്യാനറിയാം. പക്ഷേ തൊഴില്‍ കള്ളക്കടത്ത് . ഉണ്ണിയാര്‍ച്ച ചന്തുവിനെ കൊല്ലാന്‍ മകനെ വിടുന്നതിന് സമാനമായ ക്ലൈമാക്‌സ്. ആകെപ്പാടെ പ്രതീക്ഷക്കൊത്ത് കണ്ടത് നായികയുടെ പ്രകടനമാണ് . ആദ്യ സിനിമ മുതല്‍ ഈ സിനിമ വരെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ മുഖഭാവം ആവാഹിക്കുന്നതില്‍ നായിക നടി വിജയിച്ചിരിക്കുന്നു .ഷേര്‍നി പോലെയുള്ള കിടു പടങ്ങള്‍ കാണാതെ ആദ്യം മാലിക്ക് കണ്ട എന്നെ പറഞ്ഞാല്‍ മതി.

Exit mobile version