ഞാൻ മതം മാറിയോ? എ.ബി.വി.പി സ്ഥാനാർഥി ആയോ? എല്ലാത്തിനും ഉത്തരം ഇവിടെയുണ്ടെന്ന് ലക്ഷ്മിപ്രിയ

ഞാൻ  മതം മാറിയോ? എ.ബി.വി.പി സ്ഥാനാർഥി ആയോ? തുടങ്ങി താനുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം താനെഴുതിയ പുസ്തകത്തിലുണ്ടെന്ന് നടി ലക്ഷ്മിപ്രിയ. പുസ്തകത്തിൻറെ കവർ പേജ് പങ്കുവച്ചുകൊണ്ട് ലക്ഷ്മിപ്രിയ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. പുസ്തകത്തിൽ രണ്ടര വയസ് മുതൽ 34 വയസ് വരെയുള്ള ജീവിതം വ്യക്തമായി എഴുതിയിട്ടുണ്ടെന്നും ലക്ഷ്മിപ്രിയ പറയുന്നു.

ലക്ഷ്മിപ്രിയയുടെ കുറിപ്പ് വായിക്കാം

ഇതാണ് ഞാൻ എഴുതിയ പുസ്തകം. എന്റെ ജീവിതം. ഇതിൽ എന്റെ രണ്ടര വയസ്സുമുതൽ മുപ്പത്തി നാല് വയസ്സ് വരെയുള്ള ജീവിതം വ്യക്തമായി എഴുതിയിട്ടുണ്ട്. എന്നുവെച്ചാൽ എന്റെ മാതാപിതാക്കൾ വേർപിരിഞ്ഞ ശേഷമുള്ള അവ്യക്ത ഓർമ്മകൾ മുതൽ 2019 നവംബർ ഏഴിന് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഇത് പ്രകാശനം ചെയ്യുന്നത് വരെയുള്ള കാര്യങ്ങൾ.79 അധ്യായങ്ങളും രണ്ട് അനുബന്ധങ്ങളും ചേർത്ത് ആകെ 308 പേജുകൾ.അതിൽ 53 അധ്യായവും എന്റെ പഴയ fb പ്രൊഫൈലിൽ ആണ് എഴുതിയത്. നിർഭാഗ്യ വശാൽ അത് പൂട്ടിപ്പോയി.
ഞാൻ എപ്പോ അക്ഷരം പഠിച്ചു? ഞാൻ ഏതു സ്‌കൂളിൽ പഠിച്ചു? ഞാൻ എബിവിപി സ്ഥാനാർഥി ആയോ? അതിന് എന്ത് തെളിവ്? ഞാൻ അച്ഛനും അമ്മയും ഇല്ലാതെ ആണോ വളർന്നത്? എങ്കിൽ അച്ഛൻ എങ്ങനെ നടക്കാതെ പോയ വിവാഹ നിശ്ചയത്തിന് എത്തി? എനിക്ക് ആരൊക്കെ ഉണ്ടായിരുന്നു?ഞാൻ എത്ര വാടക വീടുകളിൽ താമസിച്ചു?ഞാൻ ശരിക്കും മതം മാറിയിട്ടുണ്ടോ? എന്താണ് മതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്? എന്റെ ബന്ധുക്കൾ, സുഹൃത്തുക്കൾ തുടങ്ങി എന്റെ എല്ലാ നെഗറ്റീവ്‌സും പോസിറ്റിവ്സും ഞാൻ രണ്ട് കൊല്ലം മുൻപ് തന്നെ എഴുതിയിട്ടുണ്ട്. ഇത് എഴുതാനുണ്ടായ സാഹചര്യം? ഇപ്പൊ എന്റെ ബന്ധുക്കൾ എങ്ങനെ? അവസാനമായി ഞാൻ എന്റെ മാതാപിതാക്കളെ എന്നാണ് കണ്ടത് തുടങ്ങി സർവ്വതും. എന്റെ ആദ്യ പ്രേമം, നടക്കാതെ പോയ വിവാഹം, എന്റെ വിവാഹം, ഞാൻ ഓടിപ്പോയി ആണോ കെട്ടിയത്? വിവാഹം രജിസ്റ്റർ ചെയ്തിട്ടുണ്ടോ?ഞാൻ എത്ര സ്വത്ത് സമ്പാദിച്ചു? ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്? എന്റെ സിനിമകൾ തുടങ്ങി എല്ലാമെല്ലാം.
ആദ്യപേജിൽ തന്നെ കൃത്യമായ മേൽവിലാസവും ഫോൺ നമ്പറും ഉണ്ട്.ഇത് വായിക്കുന്ന ആർക്കും ഞാൻ ഇതിൽ എന്തെങ്കിലും തെറ്റായി എഴുതിയിട്ടുണ്ടെങ്കിൽ – ഞാൻ മുൻപ് കൊടുത്ത ഇന്റർവ്യൂകളിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ഉണ്ട് എന്നു തോന്നിയാൽ എന്നെ നേരിട്ട് വിളിച്ചു പറയുകയോ പരസ്യമായി പേജ് നമ്പർ സഹിതം എഴുതുകയോ ആവാം.സൈകതം ആണ് പുസ്തകം പ്രസാധനം ചെയ്തത്.ആമസോൺ ൽ ലഭ്യമാണ്.
ന: ബി ഓൺലൈൻ മീഡിയകൾക്ക് ഷെയർ ചെയ്യാൻ പാകത്തിൽ ഞാൻ ഒന്നും എഴുതാറില്ല. എഴുതുകളൊക്കെ എന്റെ പ്രൊഫൈലിൽ മാത്രമാണ്.എന്ന് ലക്ഷ്മി പ്രിയ ഒപ്പ്

Exit mobile version