അഞ്ച് ദിവസം ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍, ഡെങ്കിപ്പനി ബാധിച്ച നടി സാന്ദ്ര തോമസിന്റെ ആരോഗ്യനില മെച്ചെപ്പെട്ടുവരുന്നുവെന്ന് സഹോദരി

നടിയായും നിര്‍മ്മാതാവായും എത്തി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരം സാന്ദ്ര തോമസ് ഡെങ്കിപ്പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന നടി ഇപ്പോള്‍ അപകടനില തരണം ചെയ്തതായി സഹോദരി സ്‌നേഹ അറിയിച്ചു.

അഞ്ച് ദിവസം ഐസിയുവിലായിരുന്ന സാന്ദ്രയെ മുറിയിലേക്ക് മാറ്റിയെന്നും ആരോഗ്യനില മെച്ചെപ്പെടുകയാണെന്നും സഹോദരി പറഞ്ഞു. സോഷ്യല്‍മീഡിയയിലൂടെയാണ് സാന്ദ്രയുടെ സഹോദരി ഇക്കാര്യം അറിയിച്ചത്. ചേച്ചിയുടെ വിവരമറിഞ്ഞ് പ്രാര്‍ത്ഥിച്ചവരോടെല്ലാം നന്ദിയുണ്ടെന്നും സ്‌നേഹ പറഞ്ഞു.

‘അഞ്ച് ദിവസം ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ ആയിരുന്ന ചേച്ചിയെ ഇപ്പോള്‍ മുറിയിലേക്ക് മാറ്റി. ആരോഗ്യനിലയില്‍ വളരെയധികം പുരോഗതിയുണ്ട്. ചേച്ചിയുടെ വിവരമറിഞ്ഞ ഒരുപാട് പേര് പ്രാര്‍ത്ഥിച്ചിട്ടുണ്ട്, അവരുടെ മെസേജുകള്‍ക്കെല്ലാം മറുപടി നല്കാന്‍ കഴിയാത്തതിനാല്‍ എല്ലാവരോടുമുള്ള കടപ്പാട് ഇവിടെ അറിയിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും കരുതലിനും പ്രാര്‍ത്ഥനകള്‍ക്കും നല്ല ആശംസകള്‍ക്കും നന്ദി’,എന്ന് സ്‌നേഹ കുറിച്ചു.

ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും കുറഞ്ഞതിനെ തുടര്‍ന്ന് ഈ മാസം 17നായിരുന്നു സാന്ദ്രയെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാരുടെ വിശദപരിശോധനയില്‍ ഡെങ്കിപ്പനി സ്ഥിരീകരിക്കുക ആയിരുന്നു. ബാലതാരമായിട്ടാണ് സാന്ദ്ര ആദ്യം വെള്ളിത്തിരയുടെ ഭാഗമാകുന്നത്. ഫ്രൈഡേ എന്ന സിനിമയിലൂടെ ആദ്യമായി നിര്മാതാവുമായി.

Exit mobile version