അപൂര്‍വ്വ രോഗം ബാധിച്ച കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ 16 കോടിയുടെ മരുന്ന് വേണം; മുന്നിട്ടിറങ്ങി കോഹ്ലിയും അനുഷ്‌കയും, സ്‌നേഹത്തുട്ടുകളുമായി ഒഴുകിയെത്തി ജനം

മുംബൈ: അപൂര്‍വ്വ രോഗം ബാധിച്ച കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനുള്ള 16 കോടി രൂപ സംഘടിപ്പിച്ചു നല്‍കി വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മയും. അയാന്‍ഷ് ഗുപ്ത എന്ന കുരുന്നിന് വേണ്ടിയാണ് 16 കോടി സ്വരൂപിക്കാന്‍ കോഹ്ലിലും അനുഷ്‌കയും മുന്നിട്ടിറങ്ങിയത്.

നട്ടെല്ലിലെ ഗുരുതര പ്രശ്‌നമായിരുന്നു അയാന്‍ഷ് ഗുപ്ത എന്ന കുഞ്ഞിന്. നട്ടെല്ലിലെ ഗുരുതര പ്രശ്‌നവുമായി ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നതാണ് സോള്‍ജെന്‍സ്മ എന്ന മരുന്ന്. എന്നാല്‍ ഈ മരുന്നിന്റെ ഒരു ഡോസിന് 16 കോടിയോളം രൂപ വരും.

ഈ തുക സ്വരൂപിക്കാന്‍ വേണ്ടിയാണ് അനുഷ്‌കയും കോഹ്ലിയും മുന്നിട്ടിറങ്ങിയത്. തുക പിരിച്ചെടുക്കാന്‍ സമൂഹ മാധ്യമം വഴി രംഗത്തെത്തുകയായിരുന്നു.ട്വിറ്ററില്‍ ‘അയാന്‍ഷ്‌ഫൈറ്റ്‌സ് എസ്.എം.എ” എന്ന പേരില്‍ അക്കൗണ്ട് തുടങ്ങി കുട്ടിയുടെ അവസ്ഥ അറിയിക്കുകയായിരുന്നു.

വൈകാതെ സ്‌നേഹത്തുട്ടുകളുമായി ജനം ഒഴുകിയതോടെ പ്രതീക്ഷിച്ചതിലേറെ നേരത്തെ തുക സമാഹരിക്കാനായി. തിങ്കളാഴ്ചയോടെയാണ് ആവശ്യമായ സംഖ്യ പൂര്‍ത്തിയായത്. മുന്നില്‍നിന്നതിന് അനുഷ്‌കക്കും വിരാട് കോഹ്ലിക്കും നന്ദി പറയുന്നതായി കുടുംബം അറിയിച്ചു. സഹായം നല്‍കി കൂടെ നിന്നവരോട് നന്ദി അറിയിച്ച് താരജോഡിയും രംഗത്തെത്തി.

Exit mobile version