അഡ്ജസ്റ്റ് ചെയ്യാൻ താനാരാ, നമ്മള് തമ്മിൽ വേറെ വല്ല ബന്ധോം ഉണ്ടോ’? പൊട്ടിത്തെറിച്ച് മമ്മൂട്ടി; താൻ ആരുവാ എന്ന് തിരിച്ചടിച്ച് ശ്രീകുമാർ

മലയാള സിനിമയുടെ താരസിംഹാസനത്തിൽ വാഴുന്ന താരമാണ് നടൻ മമ്മൂട്ടി. അദ്ദേഹം അഹങ്കാരിയാണെന്നും ശിപ്രകോപിയാണെന്നുമൊക്കെയാണ് സോഷ്യൽമീഡിയയിൽ അടക്കമുള്ള പ്രചാരണങ്ങൾ. അതേസമയം, മമ്മൂട്ടി എന്ന മനുഷ്യൻ തനിക്ക് ആരാണെന്ന് വെളിപ്പെടുത്തുകയാണ് നടനും സംവിധായകനുമായ പി ശ്രീകുമാർ. സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് ശ്രീകുമാർ മമ്മൂട്ടിയുമായി പിണങ്ങിയതും പിന്നീട് എങ്ങനെയാണ്, അദ്ദേഹത്തിന്റെ സഹായത്താൽ ഉയർന്നു വന്നത് എന്ന കഥയുമൊക്കെ വിശദീകരിക്കുന്നത്. ശ്രീകുമാറിന്റെ വാക്കുകൾ സോഷ്യൽമീഡിയയിലും വലിയ രീതിയിൽ ചർച്ചയാവുകയാണ്.

സുനിൽ വെയ്ൻസ് സോഷ്യൽമീഡിയയിൽ കുറിച്ചത് വായിക്കാം:

മമ്മൂട്ടി എന്ന മനുഷ്യൻ??
നടനും സംവിധായകനുമായ പി.ശ്രീകുമാർ പറയുന്നു
(കടപ്പാട് : സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ)
_____________
ഞാൻ സംവിധാനം ചെയ്യുന്ന ‘കയ്യും തലയും പുറത്തിടരുത്’ എന്ന സിനിമയിൽ മമ്മൂട്ടിയുടെ ഡേറ്റ് വാങ്ങിക്കാൻ വേണ്ടി ഞാനും എന്റെ സുഹൃത്തും ജ്യേഷ്ഠതുല്യനുമായ മാധവനും കൂടി ചെന്നൈയിലെ പ്രസാദ് സ്റ്റുഡിയോയിലെ മമ്മൂട്ടിയുടെ ഷൂട്ടിങ് സ്ഥലത്തേക്ക് ചെന്നു.ഞങ്ങൾ കാണാൻ ചെല്ലുമ്പോൾ കണ്ട കാഴ്ചയെന്തെന്നാൽ ഒരു വൈറ്റ് ബനിയനിട്ട്..സുമുഖനും സുന്ദരനുമായ ഒരു ചെറുപ്പക്കാരൻ ഒരു വലിയ ആൾക്കൂട്ടത്തിന് നടുവിൽ ഇരിക്കുന്നതാണ്..മമ്മൂട്ടിയായിരുന്നു അത്..ആൾക്കൂട്ടം എന്ന് പറഞ്ഞാൽ അതിൽ,അന്നത്തെ കാലത്തെ പ്രശസ്ത നിർമാതാക്കളായ ജിയോ കുട്ടപ്പൻ,ജൂബിലി ജോയ് തുടങ്ങിയവരെല്ലാം തന്നെയും ഉണ്ട് ഞാൻ ഉടൻ മമ്മൂട്ടിയുടെ അരികിൽ ചെന്നിട്ട് ‘ഒരു നിമിഷം..എനിക്ക് ഒരു കാര്യം പറയാനുണ്ട്’ എന്ന് പറഞ്ഞു..ഇത്രയും പറഞ്ഞ് കുറച്ചങ്ങോട്ട് മാറി നിന്ന് മമ്മൂട്ടിയേയും കാത്ത് ഞങ്ങൾ നിന്നു

മമ്മൂട്ടി വരുന്നതും കാത്ത് ഞങ്ങൾ അക്ഷമരായി കാത്തിരിക്കുകയാണ്..പക്ഷേ മമ്മൂട്ടി വരുന്നില്ല. ഏതാണ്ട് മുക്കാൽ മണിക്കൂറോളം ഞങ്ങളെ വെയ്റ്റ് ചെയ്യിപ്പിച്ചതിന് ശേഷമാണ് മമ്മൂട്ടി ഞങ്ങളുടെ അരികിലേക്ക് വന്നത്..അരികിൽ വന്നതും അദ്ദേഹം ഞങ്ങളോട് പറഞ്ഞു.’സോറി..എനിക്ക് പെട്ടെന്ന് എണീറ്റ് വരാൻ കഴിയില്ല..കാരണം ഇൻഡസ്ട്രിയെ നയിക്കുന്ന ആളുകളാണ് അവരെല്ലാം തന്നെയും’ ഇത്രയും പറഞ്ഞ് മമ്മൂട്ടി എന്നോട് ചോദിച്ചു. ‘എന്താണ് കാര്യം’ ഞാൻ അദ്ദേഹത്തോട് പറഞ്ഞു..’ഈ വരുന്ന സെപ്റ്റംബറിൽ ഞാൻ ഒരു പടം ചെയ്യാൻ ആഗ്രഹിക്കുന്നു..തോപ്പിൽ ഭാസിയാണ് തിരക്കഥ..’കയ്യും തലയും പുറത്തിടരുത്’ എന്നാണ് സിനിമയുടെ പേര്..താങ്കൾ അതിൽ വന്നൊന്ന് അഭിനയിക്കണം..അതിന് വേണ്ടി ഡേറ്റ് ചോദിക്കാനാണ് ഇപ്പോൾ ഞങ്ങൾ വന്നിരിക്കുന്നത്’ കുറച്ച് നേരം ആലോചിച്ച് മമ്മൂട്ടി പറഞ്ഞു..’ഈ സെപ്റ്റംബറിലോ’??. ഞാൻ പറഞ്ഞു..’അതെ’ ‘ഈ സെപ്റ്റംബറിലൊന്നും ഡേറ്റ് തരാൻ ഒക്കത്തില്ല’ അപ്പോൾ ഞാൻ പറഞ്ഞു..’ഞങ്ങൾക്ക് ഒരു ആറ് ദിവസം മാത്രം തന്നാൽ മതി..അതിനിടയിൽ ഞങ്ങൾ എല്ലാം ശരിയാക്കിക്കൊള്ളാം”ഒരു രക്ഷയുമില്ല’ ഞാൻ മൗനിയായി. ഞങ്ങൾ ഇരുകൂട്ടരുടേയും സംസാരത്തിനിടയിൽ വലിയ നിശ്ശബ്ദത തളം കെട്ടി നിന്നു. മമ്മൂട്ടി ഡേറ്റ് തരാൻ സാധിക്കില്ല എന്ന വാദത്തിൽ തന്നെ ഉറച്ചു നിൽക്കുകയാണ് മൗനം ഭഞ്ജിച്ച് കൊണ്ട് ഞാൻ അദ്ദേഹത്തോട് ചോദിച്ചു.’ഒന്ന് അഡ്ജസ്റ്റ് ചെയ്യാൻ കഴിയില്ലേ’??? ഇത് കേട്ടതും മമ്മൂട്ടി പൊട്ടിത്തെറിച്ചു. ‘അഡ്ജസ്റ്റ് ചെയ്യാൻ താനാരാ..എന്റെ കൂടെ പഠിച്ചവനോ..അതോ എന്റെ സ്വജാതിക്കാരനോ..അതോ നമ്മള് തമ്മിൽ വേറെ വല്ല ബന്ധോം ഉണ്ടോ’?? ഞാനാകെ ഇളിഭ്യനായി പോയി. കുറച്ച് നേരത്തെ മൗനത്തിന് ശേഷം മമ്മൂട്ടി പറഞ്ഞു ‘ആ..ഒരു കാര്യം ചെയ്യ്..അടുത്ത സെപ്റ്റംബറിൽ പടം ചാർട്ട് ചെയ്‌തോ..ഞാൻ ഡേറ്റ് തരാം’ ഞാൻ ഉടനെ,മമ്മൂട്ടിയോട് പറഞ്ഞു.അടുത്ത സെപ്റ്റംബറിൽ എന്റെ പടത്തിൽ വന്നഭിനയിക്കാം എന്ന് പറയാൻ താനാരാ..എന്റെ ബാല്യകാലസുഹൃത്തോ..അതോ എന്റെ സ്വജാതിയോ..അതോ വേറെ വല്ല ബന്ധവുമുണ്ടോ’?? മമ്മൂട്ടി എന്നോട് പറഞ്ഞത് മുഴുവൻ,അതേ നാണയത്തിൽ തിരിച്ച് ഞാനും പറഞ്ഞു. ഇത് കേട്ടതും മമ്മൂട്ടി ആകെ tSruck ആയി നിൽക്കുകയാണ്. കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ,ഉടൻ തന്നെ,എന്റെ സുഹൃത്ത് മാധവൻ വേഗം എന്നെ പിടിച്ച് കാറിൽ കയറ്റി തിരിച്ച് ഞങ്ങൾ താമസിക്കുന്ന ഇടത്തേക്ക് കൊണ്ട് പോയി താമസസ്ഥലത്ത് എത്തിയിട്ടും എനിക്ക് മതിയായില്ല..അയാളെ രണ്ട് തെറി കൂടി പറയണമല്ലോ എന്ന് മനസ്സാലുറച്ച് ഞാൻ വേഗം കാറിൽ കയറി പ്രസാദ് സ്റ്റുഡിയോയിലേക്ക് പിന്നേയും കയറി ചെന്നു
അവിടേക്ക്,ഞാൻ കയറി ചെല്ലുമ്പോൾ നേരത്തേയുണ്ടായിരുന്ന നിർമാതാക്കളുടെ കൂട്ടമെല്ലാം അവിടെ നിന്ന് ഒഴിഞ്ഞുപോയിരുന്നു. മമ്മൂട്ടിയും നടൻ ജോസ് പ്രകാശും അവിടെ മേക്കപ്പ് റൂമിൽ ഇരുന്ന് എന്തോ കാര്യമായി സംസാരിക്കുകയായിരുന്നു.ജോസ് പ്രകാശുമായി എനിക്ക് നേരത്തെ പരിചയമുണ്ട്..ഞാൻ നേരത്തെ ചെയ്ത സിനിമയിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്..അദ്ദേഹം എന്റെ അയൽവാസി കൂടിയായിരുന്നു
ഞാൻ മമ്മൂട്ടിയുടെ അരികിലേക്ക് ചെന്നു.മമ്മൂട്ടി,പക്ഷേ അതിനോടകം തന്നെ ആ സംഭവമെല്ലാം,വിട്ട് കളഞ്ഞിരുന്നുവെന്നതാണ് ഏറ്റവും രസകരം

ആകസ്മികമായി എന്നെ വീണ്ടും കണ്ടതും അദ്ദേഹം വേഗം വന്ന് എന്നോട് ചോദിച്ചു. ‘ആ..ശ്രീകുമാറേ..തന്റെ ആ പുതിയ സിനിമയില്ലേ..അതിൽ അഭിനയിക്കുന്ന നടന്മാരെയൊക്കെ നിശ്ചയിച്ചോ..നിശ്ചയിച്ചിട്ടില്ലെങ്കിൽ ദേ അതിൽ നമ്മുടെ നടൻ ജോസിന് എന്തെങ്കിലും ഒരു റോൾ കൊടുക്കണം(പഴയകാല മലയാളം നടൻ ജോസ്)അയാൾ ഇപ്പോ ഇവിടെയുണ്ട്..ഇപ്പോ പടമൊന്നും ഇല്ലാതെ ഇരിക്കുകയാണ് അദ്ദേഹം’. ഞാൻ മനസ്സ് കൊണ്ട് സന്തോഷിച്ചു..എനിക്ക് ഒരു മറുപടി പറയാൻ എല്ലാം കൊണ്ടും അവസരം ഒത്തുകിട്ടിയിരിക്കുകയല്ലേ..!! അത് കേട്ടതും ഞാൻ ഉടൻ മമ്മൂട്ടിയോട് ചോദിച്ചു.. ‘ജോസിനെ എന്റെ പടത്തിൽ അഭിനയിപ്പിക്കണം എന്ന് പറയാൻ താൻ ആരുവാ’?? മമ്മൂട്ടി അത് കേട്ടതും ഒന്നും മിണ്ടാതെ നിൽക്കുകയാണ്. അത് കൊണ്ടും നിർത്താതെ മമ്മൂട്ടിക്ക് മേൽ ഞാൻ അസഭ്യവാക്കുകൾ ഒന്നൊന്നായി ചൊരിഞ്ഞു. ഇത് കണ്ട് നിന്ന ജോസ് പ്രകാശ് ‘എന്താ ശ്രീകുമാറേ,താൻ ഈ കാണിക്കുന്നത്’ എന്ന് പറഞ്ഞ് രംഗം കൂടുതൽ വഷളാകാതെ എന്നെ നിർബന്ധിച്ച് അവിടെ നിന്ന്,കാറിൽ കയറ്റി ഞാൻ താമസിക്കുന്ന ഹോട്ടലിൽ കൊണ്ട് പോയി വിട്ടു. ആ ഒരു സംഭവത്തിന് ശേഷം ഞാനും മമ്മൂട്ടിയും തമ്മിൽ വലിയ പിണക്കത്തിലായി
******
വർഷങ്ങൾ കടന്ന് പോയി..സിനിമക്കായി കയ്യിലുണ്ടായിരുന്ന സമ്പാദ്യമെല്ലാം നഷ്ടപ്പെടുത്തി ഞാൻ ഒത്തിരി അവശതയിലാണ്.ഈ കാര്യം വേണു നാഗവള്ളി സംവിധാനം ചെയ്യുന്ന ആയിരപ്പറ എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്ന് മമ്മൂട്ടി എങ്ങനെയോ മനസ്സിലാക്കി.ഒരു ദിവസം രാവിലെ എന്നെ തേടി ഒരു കാർ,എന്റെ വീട്ടിലേക്ക് വന്നു. ‘സാർ..സാറിനെ ആലപ്പുഴയിൽ എത്തിക്കാൻ പറഞ്ഞു’ ‘ആര് പറഞ്ഞു’ ‘വേണു നാഗവള്ളി സാർ പറഞ്ഞു’. ഞാൻ ഉടൻ കാറിൽ കയറി ലൊക്കേഷനിൽ ചെന്നു.ചെന്നപ്പോൾ വേണു നാഗവള്ളി എന്നോട് പറഞ്ഞു,ഞാനല്ല വിളിപ്പിച്ചത്..മമ്മൂട്ടിയാണ് വിളിപ്പിച്ചത്..മമ്മൂട്ടിയും ഞാനും തമ്മിൽ അന്നും തെറ്റി നടക്കുന്ന സമയമാണ്..അത് കൊണ്ട് തന്നെ ഞാൻ വിചാരിച്ചു,ഇയാൾ ഇപ്പോ എന്തിനായിരിക്കും എന്നെ വിളിപ്പിച്ചത്..ഇയാളുടെ പ്രമാണിത്വം എന്നെ ബോധ്യപ്പെടുത്താനോ??അതോ പഴയ പകപോക്കാനോ..ഇതിനിടയിൽ മമ്മൂട്ടി എനിക്കൊരു റൂം ശരിയാക്കി തന്നു.അദ്ദേഹം താമസിക്കുന്നതിന് നേരെ എതിർവശത്ത് തന്നെ ആയിരുന്നു അത്..എന്നെ അദ്ദേഹം അവിടെ കൊണ്ടാക്കി. അദ്ദേഹം ഷൂട്ടിങ് കഴിഞ്ഞു വന്നു..ശേഷം എന്നെ വിളിച്ച് അടുത്തിരുത്തി. എന്നോട് സംസാരിച്ചു. എനിക്ക് വേണ്ടതൊക്കെ വാങ്ങിച്ചു തന്നു. അന്നും മമ്മൂട്ടിക്ക് ഇലക്ട്രോണിക് സാധനങ്ങളോട് വലിയ പ്രിയമാണ്..അദ്ദേഹം പാട്ട് കേൾക്കുമ്പോൾ എന്നെയും വിളിച്ചു കേൾപ്പിക്കും..അങ്ങനെ ഞങ്ങൾ ഓരോ കഥകളൊക്കെ പറഞ്ഞ്,പതുക്കെ പതുക്കെ മാനസികമായി ഏറെ അടുത്തു.രാവിലെ ഷൂട്ടിങ്ങിന് കൊണ്ട് പോകുമ്പോൾ അദ്ദേഹം എന്നെയും കാറിൽ ഇരുത്തിക്കൊണ്ട് പോകും..ലൊക്കേഷനിൽ അദ്ദേഹത്തിന്റെ സീറ്റിന്റെ അടുത്ത് ഇരിപ്പിടമിട്ട് എന്നേയും വിളിച്ചിരുത്തും. ഒരു ദിവസം ക്ഷമ കെട്ടപ്പോൾ ഞാൻ അദ്ദേഹത്തോട് ചോദിച്ചു..’നിങ്ങൾ എന്തിനാണ് എന്നെ ഇവിടേക്ക് ക്ഷണിച്ചു വരുത്തിയത്..നിങ്ങളുടെ ഈ കോപ്രായങ്ങൾ എന്നെ കാണിക്കാനോ..ഞാൻ വളരെ ടൈറ്റ് ആയി നിൽക്കുന്ന അവസ്ഥയാണ് .ഈ അവസ്ഥയിൽ ഞാൻ എന്റെ വീട്ടിലില്ലെങ്കിൽ എന്റെ വീട്ടിൽ അരി വാങ്ങിക്കുന്ന കാര്യം പോലും വളരെ കഷ്ടത്തിലാവും’ മമ്മൂട്ടി ചിരിച്ചു എന്നിട്ട് എന്നോട് പറഞ്ഞു.’ഒന്ന് ക്ഷമിക്കണം സാറേ’. കുട്ടനാട് ആയിരുന്നു ആയിരപ്പറയുടെ ലൊക്കേഷൻ. ഷൂട്ടിങ് നടക്കുന്ന വീടിന് മധ്യേ എനിക്ക് ഇരിക്കാനായി ഒരു കസേര മമ്മൂട്ടി നീക്കിയിട്ടു. എന്നിട്ട് അവിടെ ഉണ്ടായിരുന്ന ഒരു പ്രൊഡക്ഷൻ ബോയ് യെ വിളിച്ച് തൽക്കാലം ആരേയും ഇങ്ങോട്ട് കടത്തി വിടണ്ട എന്ന് ചട്ടം കെട്ടി. ശേഷം മമ്മൂട്ടി എന്നോട് ചോദിച്ചു. ‘ശ്രീകുമാറിന്റെ കയ്യിൽ കഥ വല്ലോം ഉണ്ടോ’?? ഞാൻ പറഞ്ഞു…’ഉണ്ട്’ ‘എന്നാൽ ഒന്ന് പറഞ്ഞേ..കേൾക്കട്ടെ’. ഞാൻ വലിയ Preparation ഒന്നും ഇല്ലാതെ കയ്യിലുണ്ടായിരുന്ന ഒരു കഥ അദ്ദേഹത്തോട് പറഞ്ഞു..ദസ്തയേവ്‌സ്‌കിയുടെ ‘കുറ്റവും ശിക്ഷയും’ എന്ന കൃതിയെ അവലംബിച്ച് ഞാൻ പറഞ്ഞ ആ കഥ മമ്മൂട്ടിക്ക് ഇഷ്ടമായി..പ്രൊഡ്യൂസ് ചെയ്യാൻ ആരെങ്കിലും ഉണ്ടോ എന്ന് അടുത്തതായി അദ്ദേഹം അന്വേഷിച്ചു ഉണ്ടെന്ന് ഞാൻ പറഞ്ഞു. (NB : ശ്രീകുമാർ തന്നെ കഥയെഴുതി വേണു നാഗവളളി രചനയും സംവിധാനവും നിർവഹിച്ച കളിപ്പാട്ടം എന്ന മോഹൻലാൽ ചിത്രത്തിന്റെ പ്രൊഡ്യൂസർ അഷറഫ് ആയിരുന്നു ശ്രീകുമാറിന്റെ മനസ്സിൽ..ശ്രീകുമാറും വേണു നാഗവള്ളിയും അഷ്‌റഫുമെല്ലാം സുഹൃത്തുക്കൾ ആയിരുന്നു)

കഥ കേട്ടതും പ്രൊഡ്യൂസർ അഷ്‌റഫിനോട് എന്നെ വന്നൊന്ന് കാണാൻ പറയ് എന്ന് മമ്മൂട്ടി പറഞ്ഞു. അതിൻ പ്രകാരം സിനിമയുടെ പ്രൊഡ്യൂസർ ആയ അഷറഫ് അടുത്ത ദിവസം മമ്മൂട്ടിയെ കാണാൻ വരികയും പടം എത്രയും പെട്ടെന്ന് തുടങ്ങാൻ തത്വത്തിൽ ധാരണയാവുകയും ചെയ്തു ആയിടെയാണ് സത്യൻ അന്തിക്കാടിന്റെ ‘ഗോളാന്തരവാർത്തകൾ’ എന്ന സിനിമ റിലീസാകുന്നത്.ആ സിനിമ കാണാൻ ഞാനും അഷറഫും മറ്റൊരു നിർമാതാവായ ആനന്ദും ചേർന്ന് കാറിൽ തീയേറ്ററിലേക്ക് പോവുകയായിരുന്നു. ഇതിനിടെയാണ് കാറിൽ ഇരുന്ന് ‘കളിപ്പാട്ടം’ എന്ന സിനിമയിൽ പ്രവർത്തിച്ച സമയത്തെ കാര്യങ്ങൾ എണ്ണിപ്പെറുക്കി നിർമാതാവ് അഷറഫ്,വേണു നാഗവള്ളിയെ Hurt ചെയ്ത് സംസാരിക്കാൻ തുടങ്ങി.വേണുവും ഞാനും വളരെ അടുത്ത സുഹൃത്തുക്കളാണ്.വേണു നാഗവള്ളിയെ കുറിച്ചുള്ള സംസാരം വളരെ മ്ലേച്ഛമായ രീതിയിലേക്ക് കടന്നപ്പോൾ ഞാൻ അഷ്‌റഫിനോട് സംസാരം നിർത്താൻ പറഞ്ഞു.ഇല്ലെങ്കിൽ എന്ത് ചെയ്യുമെന്നായി അഷ്‌റഫിന്റെ മറുചോദ്യം..ഒടുവിൽ രണ്ട് പേരെയും തൽക്കാലം സമാശ്വസിപ്പിച്ചത് മൂന്നാമനായ ആനന്ദാണ്.സിനിമ കാണാൻ ഞങ്ങൾ തീയേറ്ററിലേക്ക് കയറി..സിനിമ കണ്ട് കഴിഞ്ഞതും ആരോടും ഒന്നും മിണ്ടാതെ പ്രൊഡ്യൂസറായ അഷ്‌റഫ് നേരെ ചെന്ന് മമ്മൂട്ടിയെ പോയി കണ്ടു..ശ്രീകുമാറിനെ വച്ച് പടം ചെയ്യാൻ,തനിക്ക് താൽപ്പര്യമില്ലെന്ന് അറിയിച്ചു. മമ്മൂട്ടി ആകെ ധർമസങ്കടത്തിലായി. അന്ന് മമ്മൂട്ടി കുടുംബത്തോടൊപ്പം ഒറ്റപ്പാലത്ത് ഒരു ആയുർവേദസമാജത്തിൽ ഉഴിച്ചിലിനും തിരുമ്മലിനുമായെല്ലാം വന്നിരിക്കുകയാണ്.നടൻ ശ്രീരാമനും അന്ന് മമ്മൂട്ടിക്കൊപ്പമുണ്ട്.. ഞാൻ മമ്മൂട്ടിയെ കാണാൻ വെണ്ടി അവിടേക്ക് ചെന്നു. എന്നെ കണ്ടതും മമ്മൂട്ടി ഒരൊറ്റ ചോദ്യം. ‘നിങ്ങൾ എന്താണ് ഹേ ഇങ്ങനെയൊക്കെ പെരുമാറുന്നത്..ഇത്രയൊക്കെ തകർന്നടിഞ്ഞിട്ടും..ഒരു പ്രൊഡ്യൂസർ അവസാനം നിങ്ങളെ തേടി വന്നപ്പോൾ അയാളോട് ഇങ്ങനെയാണോ നിങ്ങൾ പെരുമാറുന്നത്’??? ഞാൻ പറഞ്ഞു ‘ആത്മനിന്ദ വച്ച് പുലർത്തിക്കൊണ്ട്/സ്വഭാവഹത്യ വച്ച് പുലർത്തിക്കൊണ്ട് ഒരു ജീവിതം നയിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല..അതിന്റെ പേരിൽ എനിക്ക് ഈ സിനിമ നഷ്ടമായാലും കുഴപ്പമില്ല..എന്റെ സുഹൃത്ത് വേണു നാഗവള്ളിയെ എന്റെ സാന്നിധ്യത്തിൽ ഒരാൾ തെറി പറയുന്നത്,മിണ്ടാതെ ഞാൻ കേട്ട് നിന്നാൽ നാളെ ചിലപ്പോൾ നിങ്ങളെ കുറിച്ചും ഒരാൾ ഇങ്ങനെ പറയുന്നതും ഞാൻ കേട്ടുനിൽക്കേണ്ടി വരും’. മമ്മൂട്ടി എന്നെ ആശ്വസിപ്പിച്ചു. ‘സാരമില്ല..അത് വിട്..അയാൾക്ക് വേണ്ടി ഇനി താൻ പടം ചെയ്യണ്ട..തനിക്ക് ഞാൻ,വേറെയൊരു പ്രൊഡ്യൂസറെ ഒപ്പിച്ചു തരാം’. അങ്ങനെയാണ് മുദ്ര ശശി എന്ന പ്രൊഡ്യൂസർ എന്റെ സിനിമയിലേക്ക് വരുന്നത്..അദ്ദേഹം വന്നു..മമ്മൂട്ടിയുടെ സാന്നിദ്ധ്യത്തിൽ ഞാൻ അദ്ദേഹത്തോടും കഥ പറഞ്ഞു..അദ്ദേഹത്തിന് കഥ കേട്ടിഷ്ടമായി..അങ്ങനെയാണ് ‘വിഷ്ണു’ എന്ന സിനിമ ചെയ്യാൻ ഞങ്ങൾ തീരുമാനിക്കുന്നത്

അവിടെ നിന്നാണ് എന്റെ പ്രശ്‌നങ്ങൾ ഒക്കെ രമ്യതയിൽ എത്തുന്നത്..’വിഷ്ണു’ എന്ന സിനിമ ചെയ്തതിന്റെ പേരിലാണ് എനിക്ക് സ്വന്തമായി ഒരു വീട് ഉണ്ടാക്കാൻ സാധിക്കുന്നത്.അതിൽ മമ്മൂട്ടിക്കും വളരെയേറെ പങ്കുണ്ട്. ‘വിഷ്ണു’ ചെയ്തപ്പോൾ ലഭിച്ച കാശ് കൊണ്ടാണ് ഞാൻ എന്റെ മകനെ എഞ്ചിനീയറിംഗിന് അയക്കുന്നത്.അവൻ എൻജിനീയറിംഗ് ഡിസ്റ്റിങ്ഷനോടെ പാസ്സായിട്ടും ജോലിയൊന്നും ഇല്ലാതെ നിൽക്കുന്ന സമയമായിരുന്നു അത്. ഒരു ദിവസം മമ്മൂട്ടി എന്നെ വിളിച്ചു. മകന് പണി എന്തെങ്കിലും ആയോ എന്ന് അന്വേഷിച്ചു. ഇല്ലെന്ന് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം തന്നെ അവനെ,അന്യദേശത്തേക്ക് അയക്കുകയും പഠിപ്പിക്കുകയും ചെയ്തു..ഇന്നവൻ വലിയ നിലയിലാണ്. ഒരു ചെറിയ സാമീപ്യം കൊണ്ട്..ഒരു ചെറിയ തലോടൽ കൊണ്ട്..ഒരു ചേർത്തുനിൽപ്പ് കൊണ്ട് എന്നെ ഉയർത്തികൊണ്ട് വന്ന ആളാണ് മമ്മൂട്ടി..ആ മമ്മൂട്ടിയോടാണ് ഞാൻ ആവശ്യമില്ലാതെ പണ്ട് ഉടക്കിയത്. എനിക്ക് അയാളെ ഒരിക്കലും മറക്കാൻ സാധിക്കില്ല. എന്റെ ജീവിതത്തിൽ ഒരു സിനിമ ഉണ്ടാക്കിത്തരിക/ആ സിനിമ നിർമിക്കാൻ ഒരു പാർട്ടിയെ മുട്ടിച്ചു തരിക/എന്റെ മകനെ പുറത്ത് കൊണ്ട് പോയി പഠിപ്പിക്കുക..അങ്ങനെ ഒത്തിരിയൊത്തിരി കാര്യങ്ങൾ ചെയ്ത് എന്റെ കുടുംബത്തെ ഇന്നത്തെ അവസ്ഥയിലേക്ക് ഉയർത്തിക്കൊണ്ടു വന്നത് ആ മനുഷ്യനാണ്..
ആ മനുഷ്യനോടുള്ള എന്റെ കടപ്പാട് മരിച്ചാലും തീരില്ല.. മമ്മൂട്ടിയിലെ മനുഷ്യനെ കണ്ട അപൂർവം ആളുകളേ ഉള്ളൂ..അതിലൊരാൾ ഞാനാണ്..നിങ്ങളുടെ അടുത്ത് വന്നു സംസാരിച്ച് തിരികെ നടന്നകലുമ്പോൾ നിങ്ങൾക്കൊരു ദുഃഖമുണ്ടെന്നറിഞ്ഞാൽ നിങ്ങൾക്കായി കണ്ണുനീർ ഉതിർക്കുന്നവനാണ് ആ മനുഷ്യൻ

Exit mobile version