മാസങ്ങൾ നീണ്ട കാത്തിരിപ്പ്, ദിവസങ്ങൾ നീണ്ട ഒരുക്കങ്ങൾ; ഒടുവിൽ തീയ്യേറ്ററുകൾ തുറന്നു; ആഘോഷമാക്കി ആരാധകർ

master movie

സിനിമാലോകത്തെ ആവേശത്തിലാക്കി നീണ്ട നാളത്തെ അടച്ചുപൂട്ടലിന് ശേഷം തീയ്യേറ്ററുകൾ തുറന്ന് വെള്ളിവെളിച്ചത്തിലേക്ക് കണ്ണുതുറക്കുന്നു. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ മാർച്ചിൽ അടച്ചിട്ട സംസ്ഥാനത്തെ തീയ്യേറ്ററുകളാണ് പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് തുറക്കുന്നത്. വിജയ്-സേതുപതി ചിത്രം ‘മാസ്റ്റർ’ സിനിമയെ വരവേൽക്കാനാണ് തീയ്യേറ്ററുകൾ നീണ്ട നാളത്തെ മയക്കത്തിന് ശേഷം ഉണരുന്നത്.

മാസങ്ങളായി പൂട്ടിക്കിടന്ന തീയ്യേറ്ററുകൾ വൃത്തിയാക്കി ഉപകരണങ്ങളെല്ലാം പൊടിതട്ടി ഉപയോഗ യോഗ്യമാക്കാനുളള പരിശ്രമത്തിലായിരുന്നു കുറച്ചുദിവസങ്ങളിലായി തീയ്യറ്റർ ഉടമകളും ജീവനക്കാരും. പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പ്രദർശനം. പകുതി സീറ്റിൽ മാത്രമാണ് പ്രവേശനം അനുവദിക്കുക. ഏറെ വൈകാതെ സിനിമ തീയ്യേറ്ററുകളെല്ലാം തിരക്കേറി പഴയപോലെയാകുമെന്ന പ്രതീക്ഷയിലാണ് സിനിമമേഖല.

കർശനമായ കോവിഡ് പ്രൊട്ടോക്കോൾ പാലിച്ചുകൊണ്ടാണ് തീയ്യേറ്ററുകൾ തുറക്കുന്നത്. മാസ്റ്റർ ഇന്ന് സംസ്ഥാനത്തെ അഞ്ഞൂറിലധികം സ്‌ക്രീനുകളിലാണ് പ്രദർശനത്തിന് എത്തുന്നത്. അതേസമയം, മിനിസ്‌ക്രീനിലേക്ക് സിനിമാലോകം ഒതുങ്ങിപ്പോയ ലോക്ക്ഡൗൺ കാലത്തിന് ശേഷം,സിനിമ തീയ്യേറ്ററുകൾ ഇന്ന് തുറക്കാനിരിക്കെ ആവേശത്തിലാണ് ആരാധകരും. ഒപ്പം സമാധാനത്തോടെ നീർഘനിശ്വാസം വിട്ട് തീയ്യറ്റർ ഉടമകളും നടത്തിപ്പുകാരുമുണ്ട്.

മാസ്റ്ററിനെ അതീവആഹ്ലാദത്തോടെയാണ് ആരാധകർ വരവേൽക്കുന്നത്. ആദ്യഷോ ടിക്കറ്റുകളെല്ലാം മണിക്കൂറുകൾക്ക് മുമ്പെ വിറ്റുപോയി. വിജയ്‌യും-വിജയ് സേതുപതിയും ഒന്നിച്ച മാസ്റ്ററിന്റെ ക്ലൈമാക്‌സ് പുറത്തായെന്ന വാർത്തയൊന്നും ആരാധകരെ ബാധിച്ചിട്ടേയില്ലെന്നാണ് ആവേശം കാണിക്കുന്നത്.

Exit mobile version