പൃഥിരാജും നിവിന്‍ പോളിയുമൊന്നും എനിക്ക് തീയതി തരില്ലെന്ന് ഉറപ്പാണ്, കാലുപിടിക്കാന്‍ വയ്യ,അപമാനം സഹിച്ച് സദ്യ ഉണ്ണുന്നതിനേക്കാള്‍ അഭിമാനത്തോടെ കഞ്ഞി കുടിക്കുന്നതാണ് നല്ലത്; സിനിമയിലെ താരാധിപത്യത്തെ കുറിച്ച് തുറന്നടിച്ച് ശ്രീകുമാരന്‍ തമ്പി

തൃശ്ശൂര്‍: സിനിമ മേഖലയിലെ താരാധിപത്യത്തെ കുറിച്ച് തുറന്നടിച്ച് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. ഞാന്‍ പുതിയ ഒരു സിനിമ എടുക്കുമ്പോള്‍ ഇപ്പോഴത്തെ താരങ്ങള്‍ ഒന്നും തീയതി തരില്ലെന്ന് ഉറപ്പാണെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സിനിമ മേഖലയിലെ താരാധിപത്യത്തെ കുറിച്ച് അദ്ദേഹം തുറന്നടിച്ചത്.’ഇനിയൊരു സിനിമ ചെയ്യുന്നെങ്കില്‍ അത് ഓണ്‍ലൈന്‍ പ്ലാറ്റഫോമിലായിരിക്കും റിലീസ് ചെയ്യുക. അത് തന്നെയായിരിക്കും എന്റെ ലാസ്റ്റ് ഫിലിം. ഇതുവരെ ചെയ്തതില്‍ വെച്ച് വ്യത്യസ്തയുള്ള സിനിമയായിരിക്കും’ – ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

‘അടുത്ത മാസം അല്ലെങ്കില്‍ അടുത്ത വര്ഷം ചെയ്യും എന്നൊന്നും പറയാന്‍ പറ്റില്ല. ഞാന്‍ ഇനി എത്ര വര്‍ഷം അല്ലെങ്കില്‍ എത്ര മാസം ജീവിച്ചിരിക്കും എന്ന് പോലും പറയുവാന്‍ പറ്റില്ല. പക്ഷെ അങ്ങയൊരു സിനിമ പ്ലാന്‍ ചെയ്യുന്നുണ്ട്. അത് നടക്കും’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ പുതിയ ഒരു സിനിമ എടുക്കുമ്പോള്‍ ഇപ്പോഴത്തെ താരങ്ങള്‍ ഒന്നും തീയതി തരില്ലെന്ന് ഉറപ്പാണ് . അതിനു വേണ്ടി മെനക്കെടുന്നുമില്ല. പുതിയ ഒരു ആളെ വെച്ച് സിനിമ ചെയ്യും. താരമൂല്യം തിയറ്റര്‍ സിനിമയ്ക്ക് മാത്രമല്ല ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിനും ഉണ്ട്. ഒടിടിയില്‍ പടം വില്‍ക്കണമെങ്കില്‍ താരം വേണ്ടേ. ഫഹദ് ഉണ്ടായത് കൊണ്ടല്ലേ സിയൂസൂണ്‍ വിറ്റുപോയത്. അപ്പോള്‍ വെല്ലുവിളികളും ഉണ്ടാകും. എങ്കിലും സിനിമ ചെയ്യും’.

‘അപമാനം സഹിച്ച് സദ്യ ഉണ്ണുന്നതിനേക്കാള്‍ അഭിമാനത്തോടെ കഞ്ഞി കുടിക്കുന്നതാണ് നല്ലതെന്നും’ അദ്ദേഹം വ്യക്തമാക്കി. ‘നമ്മുടെ ചുറ്റുപാടില്‍ പഴയതിനേക്കാള്‍ മനോരോഗികളും മയക്കുമരുന്നിന് അടിമപ്പെട്ടവരും കൂടിയിട്ടുണ്ട്. മക്കള്‍ ഇങ്ങനെയൊക്കെ ആകുന്നതിനു കാരണം രക്ഷിതാക്കളാണ്.

കുട്ടിയുടെ മുഖമൊന്നു മാറിയാല്‍ പഴയ രക്ഷിതാക്കള്‍ക്ക് തിരിച്ചറിയുമായിരുന്നു. ഇന്ന് സ്വന്തം മകനെങ്ങനെ മയക്കുമരുന്നിന് അടിമപെട്ടന്ന് തിരിച്ചറിയുവാന്‍ അമ്മമാര്‍ക്ക് സാധിയ്ക്കുന്നില്ല’. ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

Exit mobile version