‘മരക്കാറിന്റെ റിലീസ് വൈകുന്നതില്‍ പ്രശ്നമില്ല, അന്ന് ചിത്രം റിലീസ് ചെയ്തിരുന്നെങ്കില്‍ നിര്‍മ്മാതാവ് റോഡിലിറങ്ങേണ്ടി വന്നേനെ’; പ്രിയദര്‍ശന്‍

മലയാളികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’. ലോക്ക് ഡൗണിന് തൊട്ടുമുമ്പാണ് ചിത്രം റിലീസിന് ഒരുങ്ങിയത്. എന്നാല്‍ അന്ന് ചിത്രം റിലീസ് ചെയ്തിരുന്നെങ്കില്‍ നിര്‍മ്മാതാവ് റോഡിലിറങ്ങേണ്ടി വന്നേനെ എന്നാണ് സംവിധായകന്‍ പ്രിയദര്‍ശന്‍ മുംബൈ മിററിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.


ചിത്രത്തിന്റെ റിലീസിന് അഞ്ച് ദിവസം കൂടിയുള്ളപ്പോളാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. അന്ന് ചിത്രം റിലീസ് ചെയ്തിരുന്നെങ്കില്‍ നിര്‍മ്മാതാവ് റോട്ടിലിറങ്ങേണ്ടി വന്നേനെ. എനിക്ക് ചിത്രത്തിന്റെ റിലീസ് വൈകുന്നതില്‍ പ്രശ്നമില്ല. കാരണം ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. അതിനാല്‍ എപ്പോള്‍ ചിത്രം റിലീസ് ചെയ്താലും പ്രേക്ഷകര്‍ എത്തുമെന്ന് എനിക്ക് ഉറപ്പുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. 2020 മാര്‍ച്ച് 26ന് ചിത്രം റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റിലീസ് മാറ്റിവെക്കുകയായിരുന്നു.


സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥയാണ് ചിത്രം പറയുന്നത്. മോഹന്‍ലാല്‍ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹന്‍ലാല്‍ ആണ്.


മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ബോളിവുഡ് താരം സുനില്‍ ഷെട്ടി, സംവിധായകന്‍ ഫാസില്‍, സിദ്ദിഖ്, മുകേഷ്, നെടുമുടി വേണു, പ്രഭു, അശോക് സെല്‍വന്‍, അര്‍ജുന്‍ സര്‍ജ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. നൂറു കോടി രൂപ ചെലവില്‍ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version