‘അനുഭാവം സിപിഎമ്മിനോട്’, ബിരിയാണിയുടെ രാഷ്ട്രീയത്തോട് യോജിപ്പില്ല; രാഷ്ട്രീയ കാഴ്ചപ്പാടുകളും സിനിമയിലെ ദുരനുഭവങ്ങളും തുറന്നുപറഞ്ഞ് കനി കുസൃതി

കേരള കഫേയിലെ ഐലന്‍ഡ് എക്‌സ്പ്രസ്സ് എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തി തന്റെ അഭിനയമികവ് തെളിയിച്ച നടിയാണ് കനി കുസൃതി. സംസ്ഥാന പുരസ്‌കാരത്തിന് പുറമേ നിരവധി അന്തര്‍ദേശിയ പുരസ്‌കാരങ്ങളും താരം വാരിക്കൂട്ടിക്കൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് കനി കുസൃതി. തന്റെ അനുഭവം ഇടതുപക്ഷത്തോടാണെന്ന് താരം പറയുന്നു. എന്നാല്‍ മെച്ചപ്പെട്ട രാഷ്ട്രീയ കാഴ്ചപാടുകള്‍ ഉന്നയിക്കുന്ന, അത് രാഷ്ട്രീയ എതിര്‍പ്പുകള്‍ ഉള്ള വ്യക്തി ആയാലും കേള്‍ക്കാന്‍ ഇഷ്ടമാണെന്നും കനി പറഞ്ഞു.

റിപ്പോര്‍ട്ടര്‍ ടി വിയിലെ മീറ്റ് ദി എഡിറ്റേഴ്‌സ് എന്ന പരിപാടിയില്‍ സംസ്ഥാന അവാര്‍ഡ് നേടിയ ബിരിയാണിയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയിരുന്നു നടി. സിനിമയില്‍ സംവരണം വേണമെന്നും കനി കുസൃതി ആവശ്യപ്പെട്ടു.ദളിത് പിന്നോക്ക ന്യൂനപക്ഷത്തിന് സംവരണം നല്‍കണമെന്നും ന്യൂനപക്ഷങ്ങള്‍ക്കു വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പോലുള്ള സഹായങ്ങള്‍ നല്‍കുവാന്‍ സംസ്ഥാനം മുന്‍കൈയെടുക്കണമെന്നും കനി ആവശ്യപ്പെട്ടു.

‘സിനിമയില്‍ വന്ന കാലത്ത് ഒരാള്‍ വിളിച്ചു ജയശ്രീ ചേച്ചിയോട്(അമ്മയോട്) അഡ്ജസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അമ്മയ്ക്ക് അത് മനസിലായില്ല. പണ്ടുമുതലേ നോ പറയാനുള്ള ധൈര്യം ഉണ്ടായിരുന്നതുകൊണ്ട് നേരിട്ട് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ ഫോണില്‍ വിളിച്ച് രാത്രി സ്‌ക്രിപ്റ്റ് പറയുക, പിന്നീട് അതിന്റെ ചുവ മാറുക അതൊക്കെ ഉണ്ടായിട്ടുണ്ട്. ഫോണ്‍ കട്ട് ചെയ്യും. പിന്നീട് ആ സിനിമ വേറെ നടിയെ വെച്ച് പുറത്തിറങ്ങുകയും ചെയ്യും. അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്’, കനി പറഞ്ഞു.

‘നടിയെന്ന നിലയിലും കാഴ്ചക്കാരി എന്ന നിലയിലും ബിരിയാണിയുടെ രാഷ്ട്രീയത്തോട് യോജിപ്പില്ല. സിനിമ ഉന്നയിക്കുന്ന രാഷ്ട്രീയം തല്‍ക്കാലം പറയാന്‍ നിര്‍വാഹമില്ല. ഒരു പിന്നോക്ക വിഭാഗം മുസ്ലിം സ്ത്രീയും അവരുടെ അമ്മയും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് ചിത്രത്തിന്റെ കഥ. ഈ കഥ ഒരു ആണ്‍കാഴ്ചയല്ലേ എന്ന് തോന്നിയിട്ടുണ്ട്. അത് സംവിധായകനോട് തുറന്നു പറയുകയും ചെയ്തു. സജിന്‍ ബാബുവാണ് ചിത്രത്തിന്റെ സംവിധായകന്‍. സജിന്‍ കഥയില്‍ കണ്‍വിന്‍സ്ഡ് ആയിരുന്നു’, ബിരിയാണി ഉന്നയിക്കുന്ന രാഷ്ട്രീയത്തെ കുറിച്ച് കനി പ്രതികരിച്ചു.

ചിത്രത്തിലെ പ്രണയരംഗത്തിലെ ന്യൂഡിറ്റി പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന് താന്‍ ഭയപെടുന്നില്ലെന്നും ഒരു അഭിനേതാവിന് ഒരു സിനിമയില്‍ അഭിനയിക്കുന്ന കാര്യങ്ങളില്‍ നൂറു ശതമാനം ഉത്തരവാദിത്വം എടുക്കാന്‍ പറ്റുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. രാഷ്ട്രീയപരമായ വിയോജിപ്പുള്ള കഥ, അല്ലെങ്കില്‍ സംവിധായകര്‍ ഇവരോടൊപ്പം വര്‍ക്ക് ചെയ്യേണ്ടി വരും എന്നും നടി പറഞ്ഞു.

Exit mobile version