‘മലയാളത്തിന്റെ എക്കാലത്തെയും ജനപ്രിയഗായകന്‍’; ജി വേണുഗോപാലിന്റെ സംഗീത ജീവിതത്തിന്റെ 36-ാം വാര്‍ഷിക ദിനത്തില്‍ ആശംസകളുമായി ജയറാം

മലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍ ജി വേണുഗോപാലിന്റെ സംഗീത ജീവിതത്തിന്റെ 36-ാം വാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന് ആശംസകളുമായി ജയറാം. മലയാളത്തിന്റെ എക്കാലത്തെയും ജനപ്രിയഗായകന്‍ എന്നാണ് ജയറാം വേണുഗോപാലിനെ വിശേഷിപ്പിച്ചത്. ആദ്യമായിട്ട് സിനിമയില്‍ തനിക്കൊരു പാട്ടെന്ന് പറയുന്നത് മൂന്നാം പക്കം എന്ന രണ്ടാമത്തെ സിനിമയിലാണെന്നും അത് പാടി തന്നത് വേണുഗോപാലായിരുന്നുവെന്നും ജയറാം പറഞ്ഞു. വേണുഗോപാലിന് സമ്മാനമായി സുഹൃത്തുക്കള്‍ ഇറക്കിയ സംഗീത ആല്‍ബത്തിനും ജയറാം ആശംസകള്‍ നേര്‍ന്നു.

‘നമസ്‌കാരം, മലയാളത്തിന്റെ എക്കാലത്തെയും ജനപ്രിയഗായകന്‍ ജി വേണുഗോപാല്‍. വേണുവിനെ കുറിച്ച് പറയുമ്പോള്‍ ഒരുപാട് കാര്യങ്ങളാണ് എനിക്കുള്ളത്. ഏകദേശം 33 വര്‍ഷത്തെ സൗഹൃദം. ആദ്യമായിട്ട് സിനിമയില്‍ എനിക്കൊരു പാട്ടെന്ന് പറയുന്നത് മൂന്നാം പക്കം എന്ന രണ്ടാമത്തെ സിനിമയിലാണ്. അതെനിക്ക് പാടി തന്നത് വേണുഗോപാലായിരുന്നു. അന്ന് തൊട്ടുള്ള സൗഹൃദം എത്രയോ സിനിമകളില്‍ എത്രയോ നല്ല പാട്ടുകള്‍ വേണു എനിക്ക് പാടി തന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ കരിയറില്‍ 36 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഈ സമയത്ത് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ എല്ലാവരും ചേര്‍ന്ന് ഒരു മ്യൂസിക് ആല്‍ബം ‘തിരപോലെ നീയും’. എന്തായാലും അതിന് എന്റെയും കുടുംബത്തിന്റെയും എല്ലാവിധ ആശംസകളും. ആള്‍ ദ ബെസ്റ്റ് വേണു’ എന്നാണ് ഫേസ്ബുക്ക് വീഡിയോയില്‍ ജയറാം പറഞ്ഞത്.

വേണുഗോപാലിന് സമ്മാനമായി സുഹൃത്തുക്കള്‍ ഇറക്കുന്ന ‘തിരപോലെ നീയും’ എന്ന ആല്‍ബം ഇന്ന് വൈകീട്ട് അഞ്ച് മണിക്കാണ് റിലീസ് ചെയ്യുന്നത്.

Exit mobile version