വിഖ്യാത നടന്‍ സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു; വിടവാങ്ങിയത് സത്യജിത് റേ സിനിമകളുടെ മുഖം

കൊല്‍ക്കത്ത: വിഖ്യാത ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു. 85 വയസ്സായിരുന്നു. കൊവിഡ് ബാധയെത്തുടര്‍ന്ന് കഴിഞ്ഞമാസം ആറിനാണ് സൗമിത്ര ചാറ്റര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കൊവിഡ് നെഗറ്റീവ് ആയെങ്കിലും ആരോഗ്യനില വഷളാവുകയായിരുന്നു.

സത്യജിത് റേയുടെ അപുര്‍ സന്‍സാറിലൂടെയാണ് സൗമിത്ര സിനിമയില്‍ അരങ്ങേറിയത്. അപുര്‍ സന്‍സാറും’ ‘ചാരുലത’യും ഉള്‍പ്പെടെ സത്യജിത് റേ സിനിമകളുടെ മുഖമായിരുന്നു സൗമിത്ര ചാറ്റര്‍ജി. സത്യജിത് റേയുടെ സിനിമകളിലെ അനശ്വര കഥാപാത്രങ്ങള്‍ക്ക് സൗമിത്ര ജീവന്‍ നല്‍കിയിട്ടുണ്ട്. റേയുടെ 14 സിനിമകളില്‍ വേഷമിട്ടു. മൃണാള്‍ സെന്‍, തപന്‍ സിന്‍ഹ തുടങ്ങിയ വിഖ്യാത സംവിധായകര്‍ക്കൊപ്പവും സൗമിത്ര ചാറ്റര്‍ജി പ്രവര്‍ത്തിച്ചു.1959 ല്‍ അഭിനയം തുടങ്ങിയതു മുതല്‍ 2017 വരെ എല്ലാ വര്‍ഷവും അദ്ദേഹത്തിന്റെ സിനിമകള്‍ റിലീസ് ആയി.

മൂന്ന് തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2004ല്‍ പത്മഭൂഷണും 2012ല്‍ രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡും നല്‍കി രാജ്യം സൗമിത്രയെ ആദരിച്ചു.2018ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ കലാകാരന്‍മാര്‍ക്കു നല്‍കുന്ന പരമോന്നത ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അഭിനേതാവ്, കവി, എഴുത്തുകാരന്‍, നാടകക്കാരന്‍, സംവിധായകന്‍ തുടങ്ങി വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള പ്രതിഭയായിരുന്നു സൗമിത്ര ചാറ്റര്‍ജി.

Exit mobile version