കെട്ടിടം പണിയുന്ന സൈറ്റിന്നൊരു സേവ് ദി ഡേറ്റ്; സിമന്റും മണലും കുഴച്ചൊരു പ്രണയകഥ, കട്ടയ്ക്ക് ഒപ്പം നിന്ന് നാട്ടുകാരും; ചിത്രങ്ങള്‍ വൈറല്‍

ഏറെ വ്യത്യസ്തമായ രീതിയില്‍ ഒരുക്കിയ ഒരു സേവ് ദി ഡേറ്റ് ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. കെട്ടിടം പണിയുന്ന സൈറ്റിന്റെ പശ്ചാത്തലത്തിലായിരുന്നു ഫോട്ടോഷൂട്ട്. എരുമേലി സ്വദേശി എബി ടോമിന്റെയും ജസ്റ്റീന ജെയിംസിന്റെയും സേവ് ദ് ഡേറ്റാണ് സിമന്റും മണലും പ്രണയത്തില്‍ കുഴച്ച് വാര്‍ത്തെടുത്തത്.

മേസ്തിരിയുടെയും മെയ്ക്കാടിന്റെയും പ്രണയം പറഞ്ഞ ഈ സേവ് ദ് ഡേറ്റിനു പിന്നില്‍ ആത്രേയ ഫൊട്ടോഗ്രഫിയിലെ ജിബിന്‍ ജോയ് ആണ് . വ്യത്യസ്തമായ സേവ് ദ് ഡേറ്റിനായി സമീപിച്ച എബിനോടും ജെസ്റ്റീനയോടും നിരവധി ആശയങ്ങള്‍ ജിബിന്‍ പങ്കുവച്ചു.

എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് ആദ്യത്തെ ആശയങ്ങളൊന്നും ഇരുവര്‍ക്കും അത്ര ഇഷ്ടപ്പെട്ടില്ല. ഒടുവിലാണ് വാര്‍ക്കപ്പണിക്കാരനും സഹായിയും എന്ന ആശയം ജിബിന്‍ മുന്നോട്ടുവയ്ക്കുന്നത്. ജിബിന്റെ പപ്പ മേസ്തിരിയുടെ സഹായി ആയാണ് ജോലി ചെയ്യുന്നത്.

ഇതാണ് ഇത്തരമൊരു ചിന്തയ്ക്ക് കാരണമായത്. സംഭവം എബിന് ഇഷ്ടമായി. ജെസ്റ്റീനയെ പറഞ്ഞ് സമ്മതിപ്പിക്കുകയും ചെയ്തു. അങ്ങനെ തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്ക് ജീവനക്കാരനായ എബിന്‍ വാര്‍ക്കപ്പണിക്കാരനായി സൈറ്റിലെത്തി.

ജസ്റ്റീന സഹായിയായും മാറി. ജിബിന്റെ പപ്പ പണിയെടുക്കുന്ന മുണ്ടക്കയത്തെ സൈറ്റിലായിരുന്നു ഷൂട്ട്. അവിടെയുള്ള ജോലിക്കാരെ കൂടാതെ വരന്റെയും വധുവിന്റെയും ചില സുഹൃത്തുക്കളും ബന്ധുക്കളും പണിക്കാരായി വേഷമിട്ടു. ഒന്നര മണിക്കൂര്‍ കൊണ്ട് ജിബന്‍ ഷൂട്ട് പൂര്‍ത്തിയാക്കി. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ഈ സേവ് ദ് ഡേറ്റ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.

Exit mobile version