പ്രിയ നടന് പിറന്നാള്‍ ആശംസകള്‍; മമ്മൂട്ടിയുടെ പ്രതിമ കളിമണ്ണില്‍ തീര്‍ത്ത് ആരാധകന്‍

കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ ജന്മദിനം. സോഷ്യല്‍മീഡിയയിലൂടെയും മറ്റും നിരവധി ആരാധകരാണ് താരത്തിന് ആശംസകള്‍ നേര്‍ന്നത്. പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടിയുടെ പ്രതിമ കളിമണ്ണില്‍ നിര്‍മിച്ച് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് സച്ചിന്‍.

വയനാട് മാനന്തവാടി ഒഴക്കോടി സ്വദേശിയാണ് സച്ചിന്‍. താരത്തിന്റെ കടുത്ത ആരാധകനാണ് സച്ചിന്‍. സച്ചിന്‍ കൈകളില്‍ പിറന്ന മമ്മൂട്ടിയുടെ കളിമണ്‍ രൂപം ഇതിനകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ലോക്‌ഡൌണിലും വര്‍ക്ക് ഔട്ട് മുടക്കാത്ത മമ്മുട്ടി, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പോസ്റ്റ് ചെയ്ത ഫോട്ടായാണ് സച്ചിന്‍ കളിമണ്ണില്‍ തീര്‍ത്തത്.

ഇഷ്ടതാരത്തിന്റെ രൂപം കളിമണ്ണില്‍ നിര്‍മിക്കാനെടുത്തത് വെറും മൂന്ന് ദിവസങ്ങള്‍ മാത്രമാണെന്ന് സച്ചിന്‍ പറയുന്നു. ശില്‍പ നിര്‍മാണത്തില്‍ യാതൊരു മുന്‍പരിചയവും ഇല്ലാതെയാണ് സച്ചിന്‍ ഇത്ര മനോഹരമായി കളിമണ്‍ പ്രതിമ നിര്‍മ്മിക്കുന്നത്.

കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെയും താരത്തിന്റെ പിറന്നാള്‍ ദിനങ്ങളില്‍ ചിത്രകാരനായ സച്ചിന്‍ വരച്ച ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കാറുണ്ടായിരുന്നു. ഇഷ്ടതാരത്തെ കാണാന്‍ ഒരുപാട് തവണ ശ്രമിച്ചെങ്കിലും ഇതുവരെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ സച്ചിന് സാധിച്ചിട്ടില്ല. എന്നെങ്കിലും മമ്മൂക്കയെ ഒരു നോക്ക് കാണാനാവുമെന്ന പ്രതീക്ഷയിലാണ് താരം.

Exit mobile version