‘പ്രണയം എപ്പോള്‍ ബോറടിക്കുന്നു എന്ന് നോക്കാം, അപ്പോ കല്യാണം’; സമൂഹമാധ്യമങ്ങളിലെ വിവാഹവാര്‍ത്തകളോട് പ്രതികരിച്ച് വിഗ്നേഷ് ശിവന്‍

സൂപ്പര്‍സ്റ്റാര്‍ നായിക നയന്‍താരയും സംവിധായകന്‍ വിഗ്‌നേഷ് ശിവനും തങ്ങള്‍ പ്രണയത്തിലാണെന്ന കാര്യം വെളിപ്പെടുത്തിയതുമുതല്‍ ഇരുവരുടെയും പിറകെയാണ് മാധ്യമങ്ങള്‍. തങ്ങളുടെ സന്തോഷനിമിഷങ്ങളും ഫോട്ടോകളുമെല്ലാം ഇരുവരും സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുമുണ്ട്.

നയന്‍താരയുടേയും വിഗ്നേഷിന്റേയും വിവാഹത്തെ കുറിച്ചുളള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ സജീവമായിരിക്കുന്നത്. വിവാഹവാര്‍ത്തകളോട് ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ് വിഗ്‌നേഷ്. വിവാഹം ഉടനില്ല. പ്രണയം എപ്പോള്‍ ബോറടിക്കുന്നു എന്ന് നോക്കാം. അപ്പോള്‍ വിവാഹം കഴിക്കാം എന്നാണ് തമിഴ് വെബ്‌സൈറ്റായ ബിഹൈന്റ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ വിഗ്‌നേഷ് പറഞ്ഞത്.

22 തവണയെങ്കിലും ഞങ്ങളുടെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇന്റര്‍നെറ്റില്‍ വന്നിട്ടുണ്ട്. മൂന്ന് മാസം കൂടുമ്പോള്‍ ഇത് വന്നുകൊണ്ടിരിക്കും. ഞങ്ങള്‍ക്ക് ചില ലക്ഷ്യങ്ങളൊക്കെയുണ്ട്. ചിലതൊക്കെ ചെയ്ത് തീര്‍ക്കണമെന്ന് ആഗ്രഹമുണ്ട്. അതെല്ലാം കഴിഞ്ഞതിന് ശേഷം സ്വകാര്യജീവിതത്തിലേക്ക് പോകാം എന്നാണ് പദ്ധതിയെന്ന് വിഗ്നേഷ് പറഞ്ഞു.

ഞങ്ങളുടെ ഫോക്കസ് ഇപ്പോഴും ജോലിയില്‍ തന്നെയാണ്. മാത്രമല്ല, പ്രണയം എപ്പോള്‍ ബോറടിക്കുന്നു എന്ന് നോക്കാം. അപ്പൊ വിവാഹം കഴിക്കാം. അന്ന് എല്ലാവരെയും അറിയിച്ച്, സന്തോഷമായിത്തന്നെ നടത്താമെന്നും വിഗ്നേഷ് കൂട്ടിച്ചേര്‍ത്തു.

Exit mobile version