‘ഇത്തരം ഫാന്‍സ് ഗുണ്ടായിസം ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു നേരേയുള്ള കടന്നാക്രമണമാണ്’; ഹരീഷ് പേരടി

തൃശ്ശൂര്‍: ഫ്ളവേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്ത ഒരു പരിപാടിയില്‍ മോഹന്‍ലാലിനെ അപമാനിക്കുന്ന തരത്തില്‍ കോമഡി സ്‌കിറ്റ് അവതരിപ്പിച്ചതിനെ തുടര്‍ന്ന് ആരാധകര്‍ പ്രതിഷേധിച്ച് രംഗത്ത് എത്തിയിരുന്നു. സ്‌കിറ്റിനിടെ നടന്‍ മോഹന്‍ലാലിനെ ലാലപ്പന്‍ എന്ന് വിശേഷിപ്പിച്ചതാണ് ഫാന്‍സിനെ ചൊടിപ്പിച്ചത്. തുടര്‍ന്നുണ്ടായ സൈബറാക്രമണങ്ങളെ തുടര്‍ന്ന് ചാനലും പരിപാടി അവതരിപ്പിച്ച പാലാ ജോബിയും പരസ്യമായി മാപ്പ് പറഞ്ഞ് രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ജോബിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

പാവപ്പെട്ട മിമിക്രി കലാകാരനെ കൊണ്ട് മാപ്പ് പറയിപ്പിച്ച ഈ ഫാന്‍സ് അസോസിയേഷന്‍ എന്താണ് നേടിയതെന്നും ഇത്തരം ഫാന്‍സ് ഗുണ്ടായിസം സാംസ്‌കാരിക കേരളത്തിന്റെ ആവിഷകാര സ്വാതന്ത്ര്യത്തിനു നേരേയുള്ള കടന്നാക്രമണമാണെന്നുമാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. അതേസമയം സംഭവത്തില്‍ ലാലേട്ടന്റെ മഹാമൗനം തന്നെ വല്ലാതെ അലട്ടുന്നുവെന്നും ഫാന്‍സുകാരുടെ വിവരമില്ലായമക്ക് വേണ്ടി ആ പാവപ്പെട്ട കലാകാരനോട് കേരളം മുഴുവന്‍ കേള്‍ക്കേ സ്‌നേഹം പ്രകടിപ്പിച്ചാല്‍ അത് താങ്കളുടെ പ്രസ്‌ക്തിയും അന്തസ്സും ഇനിയും ഉയര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

ഈ പാവപ്പെട്ട മിമിക്രി കലാകാരനെ കൊണ്ട് മാപ്പ് പറയിപ്പിച്ച ഈ ഫാന്‍സ് അസോസിയേഷന്‍ എന്താണ് നേടിയത്.ഇത്തരം ഫാന്‍സ് ഗുണ്ടായിസം സാംസ്‌കാരിക കേരളത്തിന്റെ ആവിഷകാര സ്വാതന്ത്ര്യത്തിനു നേരേയുള്ള കടന്നാക്രമണമാണ്.കേരളത്തിന്റെ മുഖ്യമന്ത്രി പ്രസംഗിക്കുന്ന വേദിയിലും അദ്ദേഹത്തെ പ്രസംഗം മുഴുമിപ്പിക്കാന്‍ സമ്മതിക്കാത്ത രീതിയില്‍ ഇതേ ഫാന്‍സുകാരുടെ അഴിഞ്ഞാട്ടം ഉണ്ടായതാണ്.ഇതിനൊക്കെ ഇനിയും സാംസ്‌കാരിക കേരളം വളം വെച്ചുകൊടുക്കണോ?ഒരു നടന്‍ എന്ന നിലക്ക് ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുകയും എന്നോട് നല്ല വ്യക്തി ബന്ധം പുലര്‍ത്തുകയും ചെയ്യുന്ന മഹാനടനായ ലാലേട്ടന്റെ മഹാമൗനവും എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു.പ്രിയപ്പെട്ട ലാലേട്ടാ..ഈ ഫാന്‍സുകാരുടെ വിവരമില്ലായമക്ക് വേണ്ടി ഈ പാവപ്പെട്ട കലാകാരനോട് കേരളം മുഴുവന്‍ കേള്‍ക്കേ സ്‌നേഹം പ്രകടിപ്പിച്ചാല്‍ അത് താങ്കളുടെ പ്രസ്‌ക്തിയും അന്തസ്സും ഇനിയും ഉയര്‍ത്തും.

Exit mobile version