മോഡി ഒരു വ്യക്തിയല്ല, പ്രസ്ഥാനം; ഇന്ത്യ കൈവിട്ട് പോകുമെന്ന് തോന്നിയപ്പോഴെത്തിയ അവതാരം; കൃഷ്ണകുമാര്‍

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് നടന്‍ കൃഷ്ണകുമാര്‍. മോഡി ഒരു വ്യക്തിയല്ലെന്നും ഒരു പ്രസ്ഥാനം തന്നെയാണെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോഡി ഇക്കാര്യം പറഞ്ഞത്.

‘മോഡി ഒരു വ്യക്തിയല്ലല്ലോ, പ്രസ്ഥാനമല്ലേ, അങ്ങനെ പറയാന്‍ പല കാരണങ്ങളുണ്ട്. അദ്ദേഹത്തെ അവതാരമായി നമ്മള്‍ കാണാറുണ്ട്. ഇന്ത്യ കൈവിട്ടുപോകുന്നു എന്ന് തോന്നിയ ഒരു സമയമുണ്ടായിരുന്നു. അപ്പോഴാണ് 2014 ല്‍ അദ്ദേഹത്തിന്റെ വരവ്.” എന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.

‘മൈന്യൂട്ടായ കാര്യങ്ങള്‍ പോലും കണ്ടെത്താന്‍ കഴിയുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. സ്വാതന്ത്ര്യ ദിനത്തില്‍ അദ്ദേഹം പറഞ്ഞൊരു കാര്യമുണ്ട്. പത്ത് സാനിറ്ററി പാഡുകള്‍ പത്ത് രൂപയ്ക്ക്. ഒരു പാഡിന് ഒരു രൂപ. ഞാനൊരു സ്ത്രീ സമൂഹത്തില്‍ ജീവിക്കുന്ന ആളാണ്. ഈ പാഡിന്റെ പ്രാധാന്യം എനിക്കറിയാം.

നമ്മുടെ കേരളത്തില്‍ ഇതുമായി ബന്ധപ്പെട്ട് മോശമായി ചിത്രീകരിച്ച സാഹചര്യമുണ്ട്. ഭാരതത്തിലെ പ്രധാനമന്ത്രിയോട് ഇക്കാര്യത്തില്‍ എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. അടുത്ത തലമുറകള്‍ക്ക് പ്രധാനമന്ത്രി ഒരുപാട് ഗുണം ചെയ്യും.’കൃഷ്ണകുമാര്‍ പറയുന്നു.

ഇന്ത്യയുടെ തലയായ കാശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കാനായത് ഒരു അസാധാരണ സര്‍ക്കാര്‍ അധികാരത്തിലുള്ളത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. മോഡി പ്രധാനമന്ത്രിയായി വന്നതിന് ശേഷമുണ്ടായ മാറ്റങ്ങള്‍ ശരിക്കും എടുത്തുപറയേണ്ട കാര്യങ്ങള്‍ തന്നെയാണെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി.

മോഡിയെ പ്രശംസിച്ചതിനൊപ്പം മകളും നടിയുമായ അഹാനയ്ക്ക് നേരേ ഉണ്ടായ സൈബര്‍ ആക്രമണങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. നെഗറ്റീവ് കമന്റുകള്‍ നമ്മളെ ബുദ്ധിമുട്ടിക്കും. മുന്നൂറ് പേരാണെങ്കിലും അവര്‍ ഒരുലക്ഷം പേരുടെ ശബ്ദം ഉണ്ടാക്കും. അതാണ് നടന്നത്. അഹാനയ്‌ക്കെതിരെ മാത്രമല്ല നാല് മക്കള്‍ക്കു നേരെയും ആക്രമണം നടന്നുവെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

സ്ത്രീകളെ വായടപ്പിക്കുന്ന പരിപാടിയാണ്. എന്നാല്‍ കാലം മാറിയത് ഈ വിഭാഗത്തിന് മനസ്സിലായിട്ടില്ല. പുരുഷന്മാരാണ് ഏത് സമയത്തും സ്ത്രീകള്ക്ക് കൂടെയുണ്ടാകുക. ഒരുപാട് പേര്‍ ഞങ്ങളെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു. വി. മുരളീധരന്‍ ഞങ്ങളെ വിളിച്ച് ആശ്വസിപ്പിച്ചു. ചെറിയൊരു ഫോണ്‍ കോള്‍ ആണെങ്കില്‍ പോലും അത് നമുക്ക് തരുന്ന ധൈര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘അവള്‍ ചെയ്തത് തെറ്റാണെന്ന് ഒരിക്കലും പറയില്ല. വളരെ ശരിയായ കാര്യമാണ് എഴുതിയത്. പക്ഷേ കേരളത്തില്‍ ജീവിക്കുമ്പോള്‍ പബ്ലിക്കില്‍ എഴുതാന്‍ പാടില്ലാത്ത രണ്ടു കാര്യങ്ങള്‍, ഒന്ന് മതവും മറ്റൊന്ന് രാഷ്ട്രീയവുമാണ്. ആരെയും ഭയന്നിട്ടല്ല. എങ്കിലും ഇത് രണ്ടും നമ്മള്‍ തല്‍ക്കാലം മാറ്റി വെക്കുക. അല്ലെങ്കില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പ് എടുത്തിട്ട് പറയാനുളളത് പറയുക. അതല്ല സിനിമയാണെങ്കില്‍ മറ്റെല്ലാ കാര്യങ്ങളില്‍ നിന്നും മാറി നില്‍ക്കുക. കാരണം ഇന്ന് കേരളത്തിലെ സിനിമ മറ്റൊരു ലോകമാണ്.’ കൃഷ്ണകുമാര്‍ വ്യക്തമാക്കി.

Exit mobile version