പാലാ ജോബിയെ കൊണ്ടും മാപ്പ് പറയിപ്പിച്ച് ഫ്‌ളവേഴ്‌സ്

സൂപ്പർതാരം മോഹൻലാലിനെ അപമാനിക്കുന്ന കോമഡി പരിപാടി സംപ്രേക്ഷണം ചെയ്തതിന്റെ പേരിൽ ആരാധകർ പ്രതിഷേധിച്ച് രംഗത്തെത്തിയതോടെ മുട്ടുമടക്കിയിരിക്കുകയാണ് ഫഌവേഴ്‌സ് ചാനൽ. നിരുപാധികം മാപ്പ് പറഞ്ഞ് തടിയൂരാൻ ശ്രമിച്ച ഫ്‌ളവേഴ്‌സ് ചാനലിന് ആരാധകരുടെ രോഷം കത്തിയതോടെ കോമഡി ഷോ അവതരിപ്പിച്ച താരത്തിനെ കൊണ്ടും മാപ്പ് പറയിപ്പിക്കേണ്ടി വന്നിരിക്കുകയാണ്.

നേരത്തെ ഫ്‌ളവേഴ്‌സ് ചാനൽ 24 ന്യൂസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസറുടെ പേരിലുള്ള വാർത്താക്കുറിപ്പിലൂടെ ക്ഷമാപണം അറിയിച്ചെങ്കിലും, ലാലേട്ടനെ അപമാനിച്ച മിമിക്രി താരവും അണിയറ പ്രവർത്തരുമാണ് മാപ്പു പറയേണ്ടതെന്ന ആവശ്യത്തിൽ ലാൽ ആരാധകർ നിലയുറപ്പിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് മോഹൻലാലിനെ സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ അപമാനിച്ച പാല ജോബി വീഡിയോ വഴി മാപ്പു പറയിപ്പിച്ച് ഫ്‌ളവേഴ്‌സ് രംഗത്തെത്തിയത്.

അബദ്ധം പറ്റിയതാണെന്നും ചെറിയ കലാകാരനായ താൻ അതിൽ ക്ഷമ ചോദിക്കുന്നെന്നും വീഡിയോ സന്ദേശത്തിൽ ജോബി പറയുന്നു. എല്ലാവരും സന്തോഷിപ്പിക്കുക എന്നതാണ് കലാകാരന്റെ ലക്ഷ്യം. എന്നാൽ, തന്നിൽ നിന്നുണ്ടായ ഒരു തെറ്റ് ഒരുപാട് മോഹൻലാൽ ആരാധകർക്ക് വിഷമമുണ്ടാക്കി എന്നറിഞ്ഞു. എതിൽ താൻ ക്ഷമ ചോദിക്കുന്നെന്നും ജോബി പറഞ്ഞു.

കോമഡി പരിപാടിയിലെ ഒരു സ്‌കിറ്റിൽ ഉൾപ്പെട്ട ചില ഭാഗങ്ങൾ പ്രിയപ്പെട്ട മോഹൻലാലിന്റെ ആരാധകർക്ക് വേദനയുണ്ടാക്കിയതിൽ അങ്ങേയറ്റം ഖേദം പ്രകടിപ്പിക്കുന്നതായി ഫഌവഴ്‌സ് ചാനൽ അറിയിച്ചിരുന്നു. മോഹൻലാലിന്റേയും അദ്ദേഹം ഇന്ത്യൻ ചലച്ചിത്ര മേഖലയ്ക്കു നൽകിയ സംഭാവനകളുടെയും വലിയ ആരാധകരാണ് ഫ്‌ളവേഴ്‌സ് ടിവി. അദ്ദേഹം ഈ ചാനലിലെ വിവിധ പരിപാടികളിൽ വിശിഷ്ട അതിഥിയായി പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹത്തെ അറിഞ്ഞു കൊണ്ട് അപമാനിക്കില്ലെന്നും പത്രക്കുറിപ്പിൽ പറയുന്നു.

കഴിഞ്ഞ ദിവസം രാത്രിയിലെ സ്റ്റാർ മാജിക്ക് പരിപാടിയിലൂടെയാണ് മോഹൻലാലിനെ അപമാനിക്കുന്ന തരത്തിൽ സ്‌കിറ്റ് അവതരിപ്പിച്ച് ചാനലിലൂടെ പ്രക്ഷേപണം ചെയ്തത്. ഇതിനെതിരെ രൂക്ഷ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. മോഹൻലാൽ ഫാൻസ് അസോസിയേഷനും ചാനലിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഇതിനിടെ, പ്രതിഷേധം കനത്തതോടെയാണ് ചാനലും ഇപ്പോൾ ജോബിയും മാപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

Exit mobile version