കാതുകുത്തുന്നത് മകള്‍ക്കാണെങ്കിലും വേദനകൊണ്ട് പിടയുന്നത് അച്ഛന്റെ ചങ്കാണ്, കമ്മലിടാനെത്തിയ കുഞ്ഞാവയെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് കണ്ണുകള്‍ ഇറുക്കിയടച്ച് അച്ഛന്‍, വൈറലായി വീഡിയോ

മകള്‍ക്ക് കാതുകുത്തുമ്പോള്‍ നെഞ്ചുപിടക്കുന്ന ഒരച്ഛന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കുത്ത് കൊള്ളുന്നത് മകള്‍ക്കാണെങ്കിലും കണ്ണ് നിറയുന്നതും വേദനിക്കുന്നതും അച്ഛനാണ്.

ജോണ്‍സണ്‍ വര്‍ഗീസ് എബ്രഹാം എന്ന അച്ഛന്റെയും മകളുടെയും വിഡിയോയാണ് സമൂഹ മാധ്യമങ്ങള്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. മകളെ കാത് കുത്താനായി പിടിച്ചു മടിയില്‍ ഇരുത്തിയിരിക്കുകയാണ് അച്ഛന്‍. തനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന ചിന്തയില്ലാത്തതിനാല്‍ കുഞ്ഞുവാവ എല്ലാവരെയും ആശ്ചര്യത്തോടെ നോക്കുന്നതും വീഡിയോയില്‍ കാണാം.

എന്നാല്‍ കാത് കുത്താന്‍ സൂചിയുമായി ആളെത്തിയതോടെ അച്ഛന്റെ മുഖം മാറി. കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് കണ്ണുകള്‍ ഇറുക്കിയടക്കുകയാണ് ഈ അച്ഛന്‍. കാത് കുത്തിന്റെ വേദനയില്‍ നിലവിളിക്കുകയാണ് കുഞ്ഞുവാവ. മകള്‍ക്ക് ചെവിയിലാണ് വേദനയെങ്കില്‍ അച്ഛന് നെഞ്ചിലാണ് വേദന.

ഒരു കാതില്‍ കുത്ത് കിട്ടിയതോടെയാണ് കുഞ്ഞു വേദനയറിഞ്ഞത്. എന്നാല്‍ അതിനേക്കാള്‍ വേദന അച്ഛന്റെ മുഖത്തുണ്ടായിരുന്നു. ഇരു കാതുകളും കുത്തി ഭംഗിയുള്ള കമ്മലും ഇട്ടതോടെ കുഞ്ഞുവാവയുടെ മുഖത്തെ സങ്കടം പയ്യെ പയ്യെ മാഞ്ഞു പോയി. എന്നാല്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സങ്കടമാണ് അച്ഛന്റെ മുഖത്തുണ്ടായിരുന്നത്.

എന്തായാലും നിഷ്‌കളങ്കമായ അച്ഛന്റെ സ്‌നേഹം തെളിയിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. മകളുടെ പിറന്നാള്‍ ദിനത്തില്‍ ജോണ്‍സണ്‍ വര്‍ഗീസ് എബ്രഹാം തന്നെയാണ് തന്റെ ഫേസ്ബുക്കില്‍ സന്തോഷവും വിഷമവും ഒന്നിച്ചു സമ്മാനിക്കുന്ന വിഡിയോ പങ്കുവച്ചത്.

Exit mobile version