പൃഥ്വിരാജ് സുരേഷ് ഗോപി ചിത്രങ്ങള്‍ക്ക് കുരുക്ക്!; ചിത്രങ്ങള്‍ക്കെതിരെ യഥാര്‍ത്ഥ കുറുവാച്ചന്‍

കടുവാകുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തെ ആസ്പദമാക്കി രണ്ട് ചിത്രങ്ങള്‍ ഒരുങ്ങുന്നതിന് ഇടയില്‍ എതിര്‍പ്പുമായി യഥാര്‍ഥ കുറുവച്ചന്‍ രംഗത്ത്. പാലാ സ്വദേശിയായ കുറുവച്ചന്‍ എന്ന ജോസ് കുരുവിനാക്കുന്നേല്‍ ആണ് ചിത്രങ്ങള്‍ക്കെതിരെ രംഗത്ത് വന്നത്. ഇരു ചിത്രങ്ങള്‍ക്കും താന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് യഥാര്‍ത്ഥ കുറുവച്ചന്‍ പറഞ്ഞു.

തന്റെ നാട്ടുകാരനായ രഞ്ജി പണിക്കര്‍ പണ്ട് തന്നെ വന്ന് കണ്ടിരുന്നു. അദ്ദേഹത്തോട് കാര്യങ്ങളെല്ലാം സംസാരിച്ചിരുന്നു. അദ്ദേഹവുമായി മാത്രമാണ് കഥ സിനിമയാക്കാന്‍ വാക്കാല്‍ കരാറിലേര്‍പ്പെട്ടത്. അതിനനുസരിച്ച് അദ്ദേഹം കഥയുടെ രചന തുടങ്ങിയിട്ടുണ്ടെന്നാണ് അറിയുന്നത് എന്ന് കുറുവച്ചന്‍ എന്ന ജോസ് പറഞ്ഞു.

പിന്നാലെ സംവിധായകന്‍ ഷാജി കൈലാസും വന്നുകണ്ടിരുന്നു. സുരേഷ് ഗോപിയുമായും ബന്ധപ്പെട്ടിട്ടുണ്ട്. എന്നാല്‍ ചിത്രം ആര് ചെയ്താലും എന്റെ അനുമതി വേണം. ആര് ചെയ്താലും സ്‌ക്രിപ്റ്റ് എനിക്ക് ഇഷ്ടമാവണം എന്നും കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ വ്യക്തമാക്കി. എന്നെ അവതരിപ്പിക്കാന്‍ ഏറ്റവും യോജിച്ചത് മോഹന്‍ലാലാണ്. എന്നാല്‍ ആകാര സൗഷ്ടവവും സംഭാഷണവും യോജിക്കുന്നത് സുരേഷ് ഗോപിക്കാണെന്നും കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ പറഞ്ഞു.

പോലീസ് സേനയിലെ ഒരു ഉന്നത ഉദ്യോഗസ്ഥനുമായി കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ നടത്തിയ നിയമ പോരാട്ടമാണ് സിനിമകള്‍ക്ക് ആധാരം.പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് കടുവ എന്ന പേരിലും, സുരേഷ് ഗോപിയെ നായകനാക്കി നവാഗതനായ മാത്യു തോമസ് കുറുവച്ചന്‍ എന്ന പേരിലുമാണ് ചിത്രം ഒരുക്കുന്നത്. പൃഥിരാജ് ചിത്രത്തിന്റെ തിരക്കഥ ജിനു എബ്രഹാമിന്റേതാണ്.

നിലവില്‍ സുരേഷ് ഗോപി ചിത്രം എറണാകുളം ജില്ലാ കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. കടുവയുടെ തിരക്കഥക്കൃത്ത് ജിനു എബ്രഹാം നല്‍കിയ പകര്‍പ്പാവകാശ ലംഘന പരാതിയിലാണ് സുരേഷ് ഗോപി ചിത്രം സ്റ്റേ ചെയ്തത്. കഥാപാത്രത്തിന്റെ പേരും ചിത്രത്തിന്റെ തിരക്കഥയുടെ എല്ലാ സീനുകളും രജിസ്റ്റര്‍ ചെയ്തതാണെന്ന് വ്യക്തമാക്കിയാണ് ജിനു കോടതിയെ സമീപിച്ചത്. ഇതോടെ എറണാകുളം ജില്ലാ കോടതി സുരേഷ് ഗോപി ചിത്രത്തിന് സ്റ്റേ നല്‍കി. ഇതിന് ഇടയിലാണ്് രണ്ട് സിനിമകള്‍ക്കുമെതിരെ യഥാര്‍ഥ കുറുവച്ചന്‍ രംഗത്തെത്തിയിരിക്കുന്നത്.

Exit mobile version