ചന്ദ്രനില്‍ വാങ്ങിയ സ്ഥലം കാണുവാന്‍ 55 ലക്ഷം രൂപ മുടക്കിയാണ് അവനൊരു ടെലിസ്‌കോപ്പ് മേടിച്ചത്, പണമില്ലാത്ത കുട്ടികളെ നാസയില്‍ വിട്ടു പഠിപ്പിക്കണമെന്നത് അവന്റെ സ്വപ്നമായിരുന്നു, ഒരുപാട് പ്രാര്‍ത്ഥനകള്‍ക്ക് ശേഷം കിട്ടിയ മകനെയാണ് നഷ്ടമായത്; സുശാന്തിന്റെ പിതാവ് പറയുന്നു

യുവ ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ ഓര്‍മ്മകള്‍ ഉറ്റവരെയും ആരാധകരെയും ഓരോ നിമിഷവും വേദനിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സുശാന്തിന്റെ വിയോഗം അവരെ അത്രത്തോളം തളര്‍ത്തി. സുശാന്തിന്റെ ഇഷ്ടങ്ങളെക്കുറിച്ച് പിതാവ് കൃഷ്ണ സിങ് പറഞ്ഞ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാകുകയാണ്.

‘അവന് ചെറുപ്പംമുതലേ ആകാശങ്ങളോടും നക്ഷത്രങ്ങളോടും ഒരുപാട് കൗതുകമായിരുന്നു. അതുകൊണ്ടുതന്നെ അവന്‍ ചന്ദ്രനില്‍ സ്ഥലം വാങ്ങിച്ചു. ചന്ദ്രനിലെ സ്ഥലം കാണുവാന്‍ 55 ലക്ഷം രൂപ മുടക്കിയാണ് അവനൊരു ടെലെസ്‌കോപ്പ് മേടിച്ചത്.’സങ്കടം നിഴലിക്കുന്ന വാക്കുകളോടെ കൃഷ്ണ സിങ് പറയുന്നു.

ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുശാന്തിന്റെ ഇഷ്ടങ്ങളെക്കുറിച്ച് പിതാവ് മനസ്സ് തുറന്നത്. ‘ഒരുപാട് പ്രാര്‍ഥനകള്‍ക്കും വഴിപാടുകള്‍ക്കും ശേഷം ഉണ്ടായ മകനാണ് സുശാന്ത്. ആ വിനയവും സ്‌നേഹവും അവന്റെ സ്വഭാവത്തിലും ഉണ്ടായിരുന്നു. പ്രളയം വന്നപ്പോള്‍ കോടിക്കണക്കിനു രൂപയാണ് ആസാം, കേരള ഗവണ്‍മെന്റിന് അവന്‍ നല്‍കിയത്.’കൃഷ്ണ സിങ് കൂട്ടിച്ചേര്‍ത്തു.

എല്ലാവരെയും സഹായിക്കണമെന്നുള്ള ഒരു മനസ്സായിരുന്നു അവന്റേത്. പണമില്ലാത്ത കുട്ടികളെ നാസയില്‍ വിട്ടു പഠിപ്പിക്കണമെന്നത് അവന്റെ സ്വപ്നമായിരുന്നു. ബുദ്ധിമുട്ടുള്ള ആരാണെങ്കിലും അവരെ തന്നാലാവുന്ന വിധം സഹായിക്കാന്‍ എന്തും അവന്‍ ചെയ്യുമായിരുന്നു.’കൃഷ്ണ സിങ് പറയുന്നു.

വിവാഹത്തെക്കുറിച്ച് സുശാന്ത് സൂചന നല്‍കിയിരുന്നുവെന്നും അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ വിവാഹം കഴിക്കുന്നതിനെക്കുറിച്ചായിരുന്നു സംസാരിച്ചിരുന്നതെന്നും സുശാന്തിന്റെ പിതാവ് മറ്റൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതേസമയം, റിയ ചക്രബര്‍ത്തിയുമായുള്ള ബന്ധത്തെക്കുറിച്ച് തനിക്ക് യാതൊന്നും അറിയില്ലെന്നും നടി അങ്കിത ലൊഖാന്‍ഡെയുമായുള്ള പ്രണയത്തെക്കുറിച്ച് മാത്രമാണ് സുശാന്ത് പറഞ്ഞിട്ടുള്ളൂവെന്നും കൃഷ്ണ സിംങ് പറയുന്നു.

Exit mobile version