മികച്ച സിനിമകള്‍ ചെയ്തിട്ടും സുശാന്തിന് അംഗീകാരം ലഭിച്ചില്ല, പലപ്പോഴും പ്രതിഫലം പോലും കിട്ടിയില്ല, സിനിമകള്‍ കാണാന്‍ പ്രേക്ഷകരോട് അപേക്ഷിച്ചിട്ടുണ്ട്; സുശാന്തിന്റെ മരണം ആത്മഹത്യയാണോ അതോ ആസൂത്രിത കൊലപാതകമാണോ, ബോളിവുഡിനെതിരെ പൊട്ടിത്തെറിച്ച് കങ്കണ

യുവനടന്‍ സുശാന്ത് സിങിന്റെ മരണത്തില്‍ ബോളിവുഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കങ്കണ റണാവത് രംഗത്ത്. സഞ്ജയ് ദത്ത് മയക്കുമരുന്ന് ഉപയോഗിച്ചു എന്ന് കേള്‍ക്കുമ്പോള്‍ മനോഹരം എന്ന് പറയുന്നവരാണ് സുശാന്തിനെ മയക്കുമരുന്നിന് അടിമയാണെന്ന് എഴുതിപ്പിടിപ്പിക്കുന്നത്. അവര്‍ക്ക് മാപ്പ് നല്‍കാന്‍ ആവില്ലെന്ന് കങ്കണ പറയുന്നു.

ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം. മികച്ച സിനിമകള്‍ ചെയ്തിട്ടും സുശാന്തിന് അംഗീകാരം ലഭിച്ചില്ല. അഭിനയിച്ച ചില ചിത്രങ്ങളുടെ പ്രതിഫലം പോലും സുശാന്തിന് ഇതുവരെ ലഭിച്ചിട്ടില്ല. സുശാന്തിന് ബോളിവുഡില്‍ ഗോഡ്ഫാദര്‍മാരില്ലെന്ന് കങ്കണ പറയുന്നു.

ഇപ്പോഴുള്ള ചിലരെ പോലെ പിന്‍വാതിലിലൂടെയല്ല അദ്ദേഹം സിനിമയില്‍ എത്തിയത്. അദ്ദേഹത്തിന്റെ അവസാന കാലത്തെ സമൂഹ മാധ്യമങ്ങളിലെ ചില സന്ദേശങ്ങള്‍ നോക്കൂ. താന്‍ അഭിനയിച്ച സിനിമകള്‍ കാണാന്‍ അപേക്ഷിക്കുകയാണെന്നും പ്രേക്ഷകര്‍ കൂടി കയ്യൊഴിഞ്ഞാല്‍ ബോളിവുഡില്‍ നിന്നും പുറത്തേക്ക് വലിച്ചെറിയപ്പെടുമെന്ന് പറയേണ്ടിവന്ന സാഹചര്യം പോലുമുണ്ടായെന്നും കങ്കണ ആരോപിച്ചു.

സുശാന്ത് മയക്കുമരുന്നിന് അടിമയാണെന്നാണ് പലരും പറയുന്നത്. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ സ്‌കോളര്‍ഷിപ്പ് നേടിയ ആളെയാണ് മാനസികമായി ദുര്‍ബലനായിരുന്നുവെന്ന് പ്രചരിപ്പിക്കുന്നത്. സുശാന്തിന്റെ ആദ്യ ചിത്രമായ കൈ പോ ചെക്കും എം.എസ് ധോണിക്കും ചിച്ചോരെക്കുമൊന്നും ഒരു പുരസ്‌കാരവും ലഭിച്ചില്ല. എന്നാല്‍ ഗള്ളി ബോയ് പോലുള്ള മോശം സിനിമകള്‍ക്ക് അത് ലഭിച്ചന്നും കങ്കണ പറഞ്ഞു.

സെലിബ്രിറ്റികള്‍ മാനസികമായി സംഘര്‍ഷം അനുഭവിക്കുന്നുണ്ടെങ്കില്‍ അവരോട് അനുതാപത്തോടെ പെരുമാറണം. തന്നെ കഴിവില്ലാത്തവന്‍ എന്ന് വിളിച്ചവരുടെ വാക്കുകള്‍ മുഖവിലയ്‌ക്കെടുക്കാന്‍ പോയതാണ് സുശാന്തിന് പറ്റിയ ഒരേയൊരു തെറ്റ്. ഇതൊരു ആത്മഹത്യയാണോ അതോ ആസൂത്രിത കൊലപാതകമാണോ എന്നും കങ്കണ ചോദിക്കുന്നു.

Exit mobile version