‘ഇത് കേരളമാണ്, ഈ വിഷജന്തുക്കളെ അഴിഞ്ഞാടാന്‍ അനുവദിക്കരുത്, ഈ മത ഭ്രാന്തന്‍മാരെ ഒറ്റപ്പെടുത്തിയേ മതിയാവു’;’മിന്നല്‍ മുരളി’യുടെ സെറ്റ് പൊളിച്ചതിനെതിരെ ഹരീഷ് പേരടി

ബേസില്‍ ജോസഫ് ടൊവീനോ തോമസിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘മിന്നല്‍ മുരളി’ എന്ന ചിത്രത്തിന്റെ സെറ്റ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പൊളിച്ചതിനെതിരെ പ്രതികരിച്ച് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം തന്റെ പ്രതിഷേധം അറിയിച്ചത്. ഈ മത ഭ്രാന്തന്‍മാരെ ഒറ്റപ്പെടുത്തിയേ മതിയാവു.ഈ വിഷജന്തുക്കളെ അഴിഞ്ഞാടാന്‍ അനുവദിക്കരുത്.ഇത് കേരളമാണ്.എല്ലാ ജനാധിപത്യ വാദികളും പ്രതിഷേധിക്കുക എന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്.

ആലുവ കാലടി മണപ്പുറത്ത് സജ്ജമാക്കിയ മിന്നല്‍ മുരളിയുടെ കൂറ്റന്‍ സെറ്റാണ് കഴിഞ്ഞ ദിവസം വര്‍ഗീയത ഉയര്‍ത്തി രാഷ്ട്രീയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്ത് കളഞ്ഞത്. സെറ്റ് വലിയ ചുറ്റികകള്‍ കൊണ്ട് അടിച്ചുതകര്‍ക്കുന്ന ചിത്രങ്ങള്‍ സഹിതം ആക്രമണം നടത്തിയ വിവരം ഇവര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.

സംഭവം ദൗര്‍ഭാഗ്യകരമെന്നാണ് നിര്‍മ്മാതാക്കളുടെ സംഘടന പ്രതികരിച്ചത്. നിര്‍മ്മാതാക്കളുടെ സംഘടനയുമായി ആലോചിച്ച് കൂടുതല്‍ നടപടികള്‍ എടുക്കും എന്നാണ് സിനിമയുടെ നിര്‍മ്മാതാവും പ്രതികരിച്ചത്. നിരവധി സിനിമതാരങ്ങളും പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ലക്ഷങ്ങള്‍ മുടക്കി കഴിഞ്ഞ മാര്‍ച്ചിലാണ് മനോഹരമായ ഈ സെറ്റ് നിര്‍മ്മിച്ചത്.

Exit mobile version