പിടിയിലായിട്ടും മുഖത്ത് പുഞ്ചിരി മാത്രം, ‘അമര്‍ജീത് സദാ’ ഇന്ത്യയെ നടുക്കിയ, ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ സീരിയല്‍ കില്ലര്‍, കുട്ടിക്കുറ്റവാളികളെ കുറിച്ച് ടൊവിനോ പറയുന്നു

ടൊവിനോ തോമസ് നായകനായി എത്തി തീയ്യേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറിയ ചിത്രമാണ് ഫോറന്‍സിക്. അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രത്തില്‍ ഇന്ത്യയിലും വിദേശത്തുമുണ്ടായിരുന്ന നിരവധി കുട്ടി സീരിയല്‍ കില്ലറുകളെ കുറിച്ച് നായകനായ ടൊവിനോ പറയുന്നുണ്ട്.

ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ സീരിയല്‍ കില്ലര്‍ എന്ന പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച അമര്‍ജീത് സദാ എന്ന ഇന്ത്യന്‍ ബാലന്റെ പേരാണ് അതില്‍ ടൊവിനോ ആദ്യം പറയുന്നത്. സിനിമയില്‍ ടൊവിനോ പരാമര്‍ശിക്കുന്ന സീരിയല്‍ കില്ലറുകളെക്കുറിച്ചും അവര്‍ നടത്തിയ കൃത്യങ്ങളെ കുറിച്ചും വിശദമായി കുറിച്ചിരിക്കുകയാണ് സുനില്‍ വെയ്ന്‍സ് എന്ന വ്യക്തി.

സുനില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ചിത്രത്തില്‍ അമര്‍ജീത് സദാ, മേരി ബെല്‍, റോബര്‍ട്ട് തോംപ്സണ്‍ എന്നിവരെയെല്ലാം എടുത്ത് പറയുന്നുണ്ട്. നിങ്ങളില്‍ ചിലരെങ്കിലും ആദ്യമായിട്ടായിരിക്കും ഈ പേരുകളെല്ലാം കേള്‍ക്കുന്നതെന്ന് സുനില്‍ കുറിപ്പിലൂടെ പറയുന്നു.

ലോകത്തെ നടുക്കിയ കുട്ടികുറ്റവാളികളുടെ കഥ ഇവിടം കൊണ്ടൊന്നും അവസാനിക്കുന്നില്ല. കുട്ടിക്കുറ്റവാളികളെ പറ്റി നാമൊരുപാട് കേട്ടിട്ടുണ്ട് എങ്കിലും ഒരു പക്ഷെ ഫോറന്‍സിക് എന്ന ചിത്രം കണ്ട ശേഷം ആയിരിക്കാം നമ്മളില്‍ പലര്‍ക്കും സീരിയല്‍ കില്ലേഴ്‌സ് എന്നൊരു ഇമേജ് കുട്ടികളിലും കാണാവുന്ന സാധ്യതയെ പറ്റി ചിന്തിച്ചു കാണുകയെന്നും സുനില്‍ പറയുന്നു

സുനില്‍ വെയ്ന്‍സിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

‘ഫോറന്‍സിക്’ എന്ന സിനിമയിലെ നിര്‍ണായക കഥാ സന്ദര്‍ഭങ്ങളിലൊന്നില്‍ നായകന്‍ ടോവിനോ തോമസ് ലോകത്തെ ഞെട്ടിച്ച കുപ്രസിദ്ധരായ കുട്ടിക്കുറ്റവാളികളെ കുറിച്ച് തന്റെ സഹപ്രവര്‍ത്തകരുടെ മുന്നില്‍ പറയുന്നുണ്ട്. അതില്‍ ടോവിനോ ആദ്യം പരാമര്‍ശിക്കുന്ന പേര് ‘അമര്‍ജീത് സദാ’ എന്ന ഇന്ത്യന്‍ ബാലന്റേതാണ്. ശേഷം മേരി ബെല്‍, റോബര്‍ട്ട് തോംപ്സണ്‍ എന്നിവരെയെല്ലാം എടുത്ത് പറയുന്നുണ്ട്. നിങ്ങളില്‍ ചിലരെങ്കിലും ആദ്യമായിട്ടായിരിക്കും ഈ പേരുകളെല്ലാം കേള്‍ക്കുന്നത്.

ആരാണ് ഇവരൊക്കെ ??

വര്‍ഷം 2007, ബീഹാറിലെ ഭഗവാന്‍പൂര്‍ പോലീസ് സ്റ്റേഷനിലെ ടെലിഫോണിലേക്ക് പതിവില്ലാതെ നിരവധി കോളുകള്‍ വരുന്നു. ലോകത്തെയാകമാനം നടുക്കാന്‍ പോകുന്ന ഒരു കൊലപാതക പരമ്പരയുടെ അറിയിപ്പാണ് തങ്ങളെത്തേടി വരുന്നതെന്ന് അന്ന് ആ പോലീസ് സ്റ്റേഷനില്‍ വ്യാപൃതരായ പോലീസുകാര്‍ ആരും കരുതിക്കാണില്ല. ബിഹാറിലെ ഒരു ചെറിയ ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നായിരുന്നു ഫോണ്‍കോളുകള്‍ ഇടതടവില്ലാതെ ആ പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍കോളുകള്‍ പ്രവഹിച്ചത്. ഗ്രാമത്തില്‍ നിന്ന് ഒരു കൊടിയ കൊലപാതകിയെ തങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് പോലീസ് തങ്ങളുടെ ഗ്രാമത്തിലേക്ക് വരണമെന്നും, അവനെ കൈ മാറാന്‍ വേണ്ടി തങ്ങള്‍ കാത്തു നില്‍ക്കുകയാണെന്നുമായിരുന്നു ഗ്രാമവാസികള്‍ ടെലിഫോണ്‍ മുഖേനെ പോലീസുകാരെ അറിയിച്ചത്. പോലീസുകാര്‍ ഉടന്‍ തന്നെ സംഭവ സ്ഥലത്ത് പാഞ്ഞെത്തി. അവിടെ നിന്നാണ് ഇന്ത്യയെ നടുക്കിയ, ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ സീരിയല്‍ കില്ലറുടെ കഥ പുറം ലോകം അറിയുന്നത്. സംഭവ സ്ഥലത്ത് എത്തിയ പോലീസുകാര്‍ക്ക് കൊലപാതകിയെന്ന് പറഞ്ഞ് നാട്ടുകാര്‍ കൈമാറിയത് കേവലം 8 വയസ്സ് മാത്രം പ്രായമുള്ള ഒരു ചെറിയ ബാലനെയാണ്. അവന്റെ പേര് അമര്‍ജീത് സദാ (ചിലയിടങ്ങളില്‍ അമര്‍ദീപ് സദാ എന്നും കാണാം) നാട്ടുകാര്‍ അവനെ പോലീസിന് കൈമാറിയ സമയത്തും അവന്‍ പോലീസിനെ കണ്ണിമ വെട്ടാതെ നോക്കിക്കൊണ്ടു നില്‍ക്കുകയായിരുന്നു.1998-ല്‍ ആയിരുന്നു അമര്‍ജീത് സദാ എന്ന ആ ബാലന്റെ ജനനം, ബിഹാറിലെ ബെഗുസരയ് ജില്ലയില്‍. പിന്നീട് അവന്റെ കുടുംബം മുസ്റഹി എന്ന സ്ഥലത്തേക്ക് താമസം മാറി. അവന്റേത് തീര്‍ത്തും ഒരു ദരിദ്ര കുടുംബമായിരുന്നു, അച്ഛന്‍ ഒരു സാധാരണ കര്‍ഷകനായിരുന്നു.

ഇത്രയും ചെറിയൊരു പയ്യന്‍ എങ്ങനെ ഇത്രയും കൊലപാതകങ്ങള്‍ നടത്താനാണ് എന്ന് പറഞ്ഞ് പോലീസുകാര്‍ ആദ്യം നാട്ടുകാരോട് ദേഷ്യപ്പെടുകയാണുണ്ടായത്. എന്നാല്‍ നാട്ടുകാരില്‍ നിന്ന് സംഭവങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കിയ പോലീസുകാര്‍ അക്ഷരാര്‍ത്ഥത്തില്‍ വിറച്ചു പോയി. കുട്ടിത്തം വിട്ടു മാറാത്ത ആ ബാലനാണ് നാട്ടിലെ കൊലപാതക പരമ്പരകളുടെയെല്ലാം അമരക്കാരന്‍ എന്ന നടുക്കുന്ന സത്യം പോലീസുകാരെ ഏറെ അമ്പരപ്പിച്ചു. താന്‍ എങ്ങനെയാണ് കൊല നടത്തിയതെന്ന് യാതൊരു പേടിയും കൂസലുമില്ലാതെ ആ ബാലന്‍ പോലീസുകാര്‍ക്ക് വിവരിച്ചു കൊടുത്തു. അവന്റെ വെളിപ്പെടുത്തല്‍ കേട്ട പോലീസുകാര്‍ അക്ഷരാര്‍ത്ഥത്തില്‍ തരിച്ചു പോയി.

ഏറ്റവും ഭയപ്പെടുത്തുന്ന സംഗതി എന്തെന്നാല്‍ അമര്‍ജീത്ത് സദാ എന്ന ആ ബാലന്‍, ക്രൂരമായി കൊന്നു കളഞ്ഞത് വെറും ആറു മാസം മാത്രം പ്രായമുള്ള ഒരു പെണ്‍ കുഞ്ഞിനെയാണ്. ഗ്രാമത്തിലെ ചുങ് ചുങ് ദേവി എന്ന സ്ത്രീ തന്റെ ആറു മാസം മാത്രം പ്രായമുള്ള ഏക മകള്‍ ഖുശ്ബുവിനെ അവിടെയുള്ള ഒരു പ്രൈമറി സ്‌കൂളില്‍ ഉറക്കിക്കിടത്തിയ ശേഷം വീട്ടുജോലികള്‍ ചെയ്യാനായി തിരിച്ചു പോയപ്പോഴായിരുന്നു ആ ദാരുണ സംഭവം അരങ്ങേറിയത്. ജോലി ചെയ്ത് മടങ്ങി വന്നപ്പോള്‍ തന്റെ കുഞ്ഞിനെ ആ അമ്മക്ക് അവിടെ കാണാന്‍ സാധിച്ചില്ല. ആ പിഞ്ചു കുഞ്ഞ് അതിനോടകം അമര്‍ജീത്തിന്റെ കൈപ്പിടികളില്‍ അമര്‍ന്നു കഴിഞ്ഞിരുന്നു. അവന്‍ ഒരു ദയാദാക്ഷണ്യവും കൂടാതെ നിഷ്ഠൂരമായി ആ കുഞ്ഞിനെ കൊന്നു കളഞ്ഞു. നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ ഒരു മടിയും കൂടാതെ അവന്‍ സംഭവിച്ച കാര്യങ്ങളെല്ലാം വള്ളിപുള്ളി തെറ്റാതെ വിവരിച്ചു കൊടുത്തു.

എന്നാല്‍ നാട്ടുകാരെ മുഴുവന്‍ ഞെട്ടിച്ച സംഭവ കഥകളാണ് അതിന് ശേഷം പുറത്ത് വന്നത്. ഇത് അവന്റെ ആദ്യത്തെ കൊലപാതകമല്ല പോലും, ഇതിന് മുമ്പും അവന്‍ രണ്ട് കുഞ്ഞുങ്ങളെ ഇത് പോലെ കൊന്നു തള്ളിയിട്ടുണ്ടെത്രെ.. അവന്‍ കൊന്നു തള്ളിയ രണ്ട് കുരുന്നുകളും 6 മാസത്തിനും ഒരു വയസ്സിനും ഇടയില്‍ മാത്രം പ്രായമുള്ളവരായിരുന്നു. തന്റെ ആദ്യ കൊലപാതകം നടത്തുമ്പോള്‍ അവന് പ്രായം വെറും 7 വയസ്സ് മാത്രം. എന്നാല്‍ നാട്ടുകാര്‍ ഞെട്ടാന്‍ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. അവന്‍ കൊന്നു കളഞ്ഞതില്‍ ഒരാള്‍ മറ്റാരുമല്ലായിരുന്നു, അവന്റെ ഒരു വയസ്സ് മാത്രം പ്രായമുള്ള സ്വന്തം അനുജത്തി തന്നെ ആയിരുന്നു.. അമ്മയുടെ മടിയില്‍ സുഖനിദ്രയില്‍ മുഴുകിക്കിടന്നിരുന്ന ആ പൈതലിനെ എടുത്ത് കൊണ്ട് പോകുമ്പോള്‍ അവന്റെ അമ്മ ഒരിക്കലും കരുതിക്കാണില്ല, അതവരുടെ കുഞ്ഞിന്റെ മരണത്തിലേക്കുള്ള മടക്കയാത്രയാണെന്ന്.

കുഞ്ഞുമായി ഒരൊഴിഞ്ഞ വയലിലേക്ക് ചെന്ന അമര്‍ജീത് പിന്നീട് വീട്ടിലേക്ക് തിരിച്ചു വന്നത്, അനുജത്തിയില്ലാതെ ഒഴിഞ്ഞ കൈകളുമായിട്ടാണ്. വീട്ടുകാര്‍ കുഞ്ഞെവിടെ എന്ന് ചോദിച്ചപ്പോള്‍ അവരെ അവന്‍ ആ വയലിലേക്ക് വിളിച്ചു കൊണ്ടുപോകുകയും അവിടെ കരിയിലയും പുല്ലും കൊണ്ട് മൂടിക്കിടത്തിയ തന്റെ സഹോദരിയുടെ മൃതദേഹം കാണിച്ചു കൊടുക്കുകയുമാണ് ഉണ്ടായത്. അത് കൊണ്ടും അവനിലെ മൃഗം അടങ്ങിയിട്ടില്ലായിരുന്നു. അടുത്ത ഇരയേയും അവന് ലഭിച്ചു; അതും സ്വന്തം കുടുംബത്തില്‍ നിന്ന് തന്നെ. തന്റെ സ്വന്തം അമ്മാവന്റെ ഒരു വയസ്സിന് താഴെ മാത്രം പ്രായമുള്ള ഒരു പെണ്‍കുഞ്ഞാണ് അവന്റെ അടുത്ത ഇരയായി തീര്‍ന്നത്.

ഈ രണ്ട് കൊലപാതകങ്ങളും അമര്‍ജീത് തന്നെയാണ് നടത്തിയതെന്ന് കുടുംബാംഗങ്ങള്‍ എല്ലാവരും അറിഞ്ഞു. എന്നിട്ടും അമര്‍ജീത്തിനെ രക്ഷിക്കാനായി ഈ വിവരങ്ങളെല്ലാം കുടുംബാംഗങ്ങള്‍ മൂടി വയ്ക്കുകയാണ് ഉണ്ടായത്. അത് അവനുള്ളിലെ മൃഗീയ തൃഷ്ണകള്‍ക്ക് കൂടുതല്‍ ശക്തിയും വീര്യവും പകര്‍ന്നു. ഏറ്റവുമൊടുവില്‍ അവന്റെ പ്രതികാരാഗ്‌നിക്ക് പാത്രമായി തീര്‍ന്നത് ഖുശ്ബു എന്ന ആ പാവം പെണ്‍കുഞ്ഞായിരുന്നു. നേരത്തെ തന്നെ അമര്‍ജീതില്‍ പലവിധ സംശയങ്ങള്‍ ഉണ്ടായിരുന്ന നാട്ടുകാര്‍ക്ക് ഖുശ്ബുവിന്റെ മരണത്തോടെ അത് ഉറപ്പിക്കാനായി. അങ്ങനെയാണ് നാട്ടുകാര്‍ പോലീസിനെ വിളിച്ചു വരുത്തിയത്. തുടര്‍ന്ന് അമര്‍ജീത്തിനെ പോലീസുകാര്‍ സ്റ്റേഷനില്‍ എത്തിച്ചു.

ശേഷം എന്തിനാണ് ഈ കൊലപാതകങ്ങളെല്ലാം ചെയ്തത് എന്ന് അവനോട് ചോദിച്ചു. എന്നാല്‍ അമര്‍ജീത് അപ്പോഴും പോലീസിനെ നോക്കി വെറുതെ പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്. ശേഷം പോലീസുകാരോട് തനിക്ക് വിശക്കുന്നുവെന്നും ബിസ്‌കറ്റ് വേണമെന്നും അവന്‍ ആവശ്യപ്പെട്ടു. ബിസ്‌ക്കറ്റ് നല്‍കിയ ശേഷം വീണ്ടും എങ്ങനെയാണ് ഈ കൊടും കൊലപാതകങ്ങളെല്ലാം ചെയ്തത് എന്ന് പോലീസുകാര്‍ ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ അവന്റെ ഉത്തരം ഇങ്ങനെയായിരുന്നു. താന്‍ ആ കുഞ്ഞുങ്ങളെയെല്ലാം ആളൊഴിഞ്ഞ ഒരു വയലിലേക്ക് കൊണ്ട് പോയെന്നും ശേഷം ആ കുഞ്ഞുങ്ങളുടെയെല്ലാം മുഖത്ത് ഒരു ഇഷ്ടിക ഉപയോഗിച്ച് ആഞ്ഞാഞ്ഞ് ഇടിക്കുകയും ഇത്തരത്തില്‍ എല്ലാവരെയും കൊന്നു തള്ളിയെന്നുമാണ് അവന്‍ പോലീസുകാരോട് പറഞ്ഞത്. അമര്‍ജീതിന്റെ ഉത്തരം കേട്ട പൊലീസുകാര്‍ ശരിക്കും സതംഭിച്ചു പോയി. അവരെ സംബന്ധിച്ചിടത്തോളം ഇങ്ങനെയൊരു അനുഭവം ആദ്യമായിട്ടായിരുന്നു. അത് കൊണ്ട് തന്നെ അവന്റെ മുഖത്തേക്ക് നോക്കാന്‍ പോലും അവരില്‍ പലരും മടിച്ചു. ഒരു മനശാസ്ത്രജ്ഞന്‍ വരുന്നത് വരെ പോലീസുകാര്‍ അക്ഷമയോടെ കാത്തിരുന്നു. അമര്‍ജീത് അപ്പോഴും പോലീസുകാരെ നോക്കി ചിരിച്ചു കൊണ്ടേയിരുന്നു

മൈനര്‍ ആയിരുന്നിട്ടും അമര്‍ജീത് സദാ എന്ന അവന്റെ യഥാര്‍ത്ഥ പേരും ഫോട്ടോയും പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചത് മന:പൂര്‍വം തന്നെയായിരുന്നു. അതീവശ്രദ്ധ ചെലുത്തേണ്ട അത്യന്തം അപകടകാരിയായ ഒരു മാനസിക രോഗിയാണ് അമര്‍ജീത് എന്ന് അവനെ പരിശോധിച്ച മനശാസ്ത്രജ്ഞര്‍ രേഖാമൂലം അറിയിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്തരമൊരു കരുതല്‍ നടപടി പോലീസുകാര്‍ സ്വീകരിച്ചത്. വെറും 8 വയസ്സുള്ള ഒരു ബാലനാണ് കൊലപാതക പരമ്പരകള്‍ നടത്തിയതെങ്കിലും കൊലപാതകം, കൊലപാതകം തന്നെയാണെന്നും അത്തരത്തില്‍ തന്നെയാണ് കേസ് മുന്നോട്ട് പോവുകയെന്നും പോലീസുകാര്‍ മാധ്യമങ്ങളെ അറിയിച്ചു. അവന്റെ പ്രായം പരിഗണിച്ചാല്‍ തന്നെയും, അവന്റെ മാനസിക നിലയും മാനസികാവസ്ഥയും ഒരിക്കലും പരിഗണിക്കാന്‍ സാധിക്കുകയില്ലെന്നും അവര്‍ പറഞ്ഞു. ജന്മനാലുള്ള സ്വഭാവ വൈകൃതമാണ് ഇത്തരത്തിലുള്ള കൊലപാതക പരമ്പരകള്‍ ചെയ്യാന്‍ അവന് പ്രേരകമാകുന്നതെന്നും മറ്റുള്ളവരെ ഉപദ്രവിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന ഒരു സാഡിസ്റ്റ് ആണ് അമര്‍ജീത് എന്നും അവനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ കണ്ടെത്തി.

എന്നാല്‍ അവന്റെ മാനസികവും ശാരീരികവുമായ എല്ലാം പ്രശ്‌നങ്ങളും മരുന്നുകളിലൂടെയും മറ്റ് ചികിത്സാ രീതികളിലൂടെയും പരിഹരിക്കാമെന്നായിരുന്നു അവനെ ചികിത്സിച്ച ഡോക്ടര്‍മാരുടെ അഭിപ്രായം. പൂര്‍ണ്ണമായി ചികിത്സിച്ചു ഭേദമാക്കാതെ അവനെ പുറത്തേക്കിറക്കി വിട്ടാല്‍ അത് അപകടകമാണെന്നും അവന്റെ മാനസികാവസ്ഥയില്‍ ശരി തെറ്റുകള്‍ തിരിച്ചറിയാനുള്ള മാനസിക നില അവന്‍ ആര്‍ജ്ജിച്ചിട്ടില്ല എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കേസ് നടക്കുന്നതിനിടെ ജഡ്ജിയുടെ മുന്‍പില്‍ പോലും ചിരിച്ചു ഉദാസീനനായി നിലകൊണ്ട അമര്‍ജിത്തിന്റെ വാര്‍ത്തകള്‍ക്ക് അക്കാലത്ത് വലിയ തോതില്‍ വാര്‍ത്താ പ്രാധാന്യം ലഭിച്ചിരുന്നു. ഇതിന് ശേഷം അമര്‍ജീത്തിനെ ഒരു ജുവനൈല്‍ ഹോമിലേക്ക് മാറ്റുകയാണ് ചെയ്തത്, അതും മറ്റ് കുട്ടികളോടൊന്നും യാതൊരുവിധ സമ്പര്‍ക്കവും സാധിക്കാന്‍ കഴിയാത്ത വിധത്തിലായിരുന്നു അവിടെയുള്ള അവന്റെ വാസം. പിന്നീട് അവനെ കുറിച്ചുള്ള യാതൊരു വിധ വാര്‍ത്തകളും മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. 18 വയസ്സ് പൂര്‍ത്തിയായ ശേഷം അവിടെ നിന്ന് പുറത്തിറങ്ങിയ അവന്‍ ഇപ്പോള്‍ ചിലപ്പോള്‍ എവിടെയെങ്കിലും സാധാരണ ജീവിതം നയിക്കുന്നുണ്ടാവും. അതുമല്ലെങ്കില്‍ മറ്റൊരു പേരില്‍ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ നയിച്ച് വേറെ എവിടെയെങ്കിലും ജീവിക്കുന്നുണ്ടാവാം..

മേരിബെല്‍-ന്റെ കഥയും ഏതാണ്ട് ഇത് പോലൊക്കെ തന്നെ.1957-ല്‍ ഒരു ലൈംഗിക തൊഴിലാളിയുടെ മകളായി ജനിച്ച മേരി ബെല്ലിനെ പല തവണ അവരുടെ അമ്മ തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. തീര്‍ത്തും അരക്ഷിതമായൊരു ബാല്യമായിരുന്നു മേരിയുടേത്. തന്റെ പതിനൊന്നാം പിറന്നാളിന് കൃത്യം ഒരു ദിവസം മുന്‍പാണ് മേരി നാലു വയസ്സുകാരനായ മാര്‍ട്ടിന്‍ ബ്രൗണിന്റെ കൈപിടിച്ച് ഇംഗ്ലണ്ടിലെ ന്യൂകാസില്‍ നഗരത്തിലുള്ള ആളൊഴിഞ്ഞ വീട്ടിലേക്ക് നടന്നു കയറിയത്. അവിടെ വച്ച് അവള്‍, ആ കുഞ്ഞിന്റെ കഴുത്ത് ഞെരിച്ച് അതിക്രൂരമായി കൊലപ്പെടുത്തി. മാര്‍ട്ടിന്റെ കൊലപാതകിയെ കണ്ടെത്താന്‍ ആദ്യ ദിവസങ്ങളിലൊന്നും പോലീസിന് കഴിഞ്ഞില്ല. ഒരിക്കല്‍ നഗരത്തിലുള്ള ഒരു നഴ്‌സറി സ്‌കൂളില്‍ കൂട്ടുകാരികള്‍ക്കൊപ്പമെത്തിയ മേരി ബെല്‍ താനാണ് കൊലപാതകിയെന്ന് പറഞ്ഞുള്ള ഏതാനും കടലാസുതുണ്ടുകള്‍ അവിടെ നിക്ഷേപിച്ച് കടന്നുകളഞ്ഞു. പോലീസ് ഇവരുടെ പ്രഖ്യാപനം അന്ന് കാര്യമായിട്ടെടുത്തില്ല. ഇത് മേരിക്ക് വലിയ പ്രോത്സാഹനമായി.

രണ്ടു മാസത്തിനു ശേഷം മൂന്നു വയസ്സുകാരന്‍ ബ്രയാന്‍ ഹോവിന്റെ കൊലപാതകത്തിലാണ് അത് ചെന്ന് കലാശിച്ചത്. മാര്‍ട്ടിന്‍ ബ്രൗണിന്റെ മൃതദേഹം കിട്ടിയ അതേ സ്ഥലത്ത് നിന്നാണ് ബ്രയാന്‍ ഹോവിന്റ മൃതദേഹവും പോലീസിന് കണ്ടുകിട്ടിയത്. ഈ പിടിവള്ളി ഉപയോഗിച്ച് കേസ് അന്വേഷിച്ച പോലീസ് ഒടുവില്‍ മേരിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിചാരണയ്‌ക്കൊടുവില്‍ മേരി ബെല്ലിന് മികച്ച മാനസിക രോഗവിദഗ്ധരുടെ സേവനം ലഭ്യമാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. കോടതി വിധിച്ച 12 വര്‍ഷത്തെ ജയില്‍ ശിക്ഷയ്‌ക്കൊടുവില്‍ 1980-ല്‍ മേരി പുറംലോകത്തെത്തി. മറ്റൊരു പേരില്‍ അവര്‍ പിന്നീട് സാധാരണ ജീവിതത്തിലേക്ക് കടന്നു.

റോബര്‍ട്ട് തോംപ്‌സണും ജോണ്‍ വെനബിള്‍സും പ്രിയപ്പെട്ട സുഹൃത്തുക്കളായിരുന്നു. എന്നാല്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ അവര്‍ ചെയ്ത കൊലപാതകം കേട്ട് ബ്രിട്ടന്‍ ശരിക്കും വിറങ്ങലിച്ചു പോയി. ജെയിംസ് ബള്‍ജര്‍ എന്ന രണ്ടു വയസ്സുകാരനെ ഇരുവരും ചേര്‍ന്ന് മൃഗീയമായി കൊലപ്പെടുത്തി. ഇംഗ്ലണ്ടിലെ മേഴ്‌സിസൈഡിലെ സ്‌കൂളില്‍ നിന്ന് സ്ഥിരമായി ക്ലാസ് കട്ട് ചെയ്തു പുറത്തു പോവുമായിരുന്നു ജോണും റോബര്‍ട്ടും. അങ്ങനെ 1993 ഫെബ്രുവരി 12-ന് അവര്‍ ചെന്നെത്തിയത് നഗരത്തിലെ വലിയൊരു ഷോപ്പിങ് കോംപ്ലക്‌സിലായിരുന്നു. കടകളില്‍ നിന്ന് ചെറിയ മോഷണങ്ങള്‍ നടത്തിയശേഷം അവര്‍ കോംപ്ലക്‌സിലെത്തിയ ചെറിയ കുട്ടികളെ നിരീക്ഷിക്കാന്‍ തുടങ്ങി.

അമ്മയുടെ അരികുപറ്റി ഷോപ്പിങ്ങിന് വന്ന ജെയിംസ് ‘ബള്‍ജര്‍’ എന്ന ബാലനെ അങ്ങനെയാണ് അവര്‍ കണ്ടെത്തുന്നത്. ബള്‍ജറുടെ അമ്മയുടെ കണ്ണു തെറ്റിയ ഒരു ദുര്‍ബല നിമിഷത്തില്‍ അവര്‍ ജയിംസിനെയും കൊണ്ട് അതിവേഗം കടന്നു കളഞ്ഞു. ആന്‍ഫീല്‍ഡിലെ ഒരു പഴയ റെയില്‍വേ സ്റ്റേഷന്‍ ലക്ഷ്യമാക്കിയായിരുന്നു അവര്‍ നടന്നു നീങ്ങിയത്. ചെറിയ കുട്ടിയുമായി ഇരുവരും നടക്കുന്നതു കണ്ട് സംശയം തോന്നി ചോദിച്ചവരോടൊക്കെ, അവന്‍ തങ്ങളുടെ ഇളയ സഹോദരനാണെന്നും വീട്ടിലേക്ക് കൊണ്ടു പോവുകയാണെന്നും ഇരുവരും മറുപടി നല്‍കി. ശേഷം റെയില്‍വേ സ്റ്റേഷനടുത്തുള്ള സെമിത്തേരിക്കടുത്ത് വച്ച് വെനബിള്‍സും തോംപ്‌സണും ചേര്‍ന്ന് ബള്‍ജറെ നിര്‍ത്താതെ ഉപദ്രവിക്കാന്‍ തുടങ്ങി.

ചായം നിറച്ച ടിന്നും ഇഷ്ടിക കഷ്ണങ്ങളും മുഖത്തേക്കെറിഞ്ഞായിരുന്നു തുടക്കം. പലവിധത്തിലുള്ള പീഡനങ്ങള്‍ക്ക് ശേഷം 10 കിലോ ഭാരമുള്ള ഇരുമ്പുദണ്ഡ് ഉപയോഗിച്ച് തുടരെത്തുടരെ മര്‍ദിച്ച് അതിക്രൂരമായി അവര്‍ ബള്‍ജറെ കൊലപ്പെടുത്തി. തുടര്‍ന്ന് അവനെ വിവസ്ത്രനാക്കിയ ശേഷം അവന്റെ മൃതശരീരം റെയില്‍വേ ട്രാക്കിലുപേക്ഷിച്ച് ഇരുവരും വീട്ടിലേക്കു മടങ്ങി. കുട്ടി ട്രെയിനിടിച്ച് മരിച്ചതാണെന്ന് വരുത്തി തീര്‍ക്കാനായിരുന്നു അവരുടെ ശ്രമം.

രണ്ടു ദിവസത്തിനു ശേഷമാണ് ബര്‍ജറിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്. ശരീരം പരിശോധിച്ച ഫോറന്‍സിക് വിദഗ്ധര്‍ ട്രെയിനിടിക്കുന്നതിനു മുന്‍പു തന്നെ കുട്ടി മരിച്ചിരുന്നെന്ന് ഉറപ്പിച്ചു പറഞ്ഞു. ഷോപ്പിങ് ക്ലോംപ്ലക്‌സില്‍ നിന്ന് കുട്ടിയുമായി പുറത്തുപോവുന്ന അവ്യക്തമായ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് റോബര്‍ട്ട് തോംപ്‌സണെ അയല്‍വാസിയായ ഒരു സ്ത്രീ തിരിച്ചറിഞ്ഞതോടെ രണ്ടു കുട്ടികളും പെട്ടെന്ന് തന്നെ പിടിയിലായി.

ഏറെ കാലം ജുവനൈല്‍ ഹോമില്‍ തടവില്‍ കഴിഞ്ഞ ഇരുവരും പിന്നീട് പുതിയ പേരുമായി ജയിലില്‍ നിന്ന് പുറത്തിറങ്ങി. പരോള്‍ നിയമങ്ങള്‍ ലംഘിച്ച് വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട വെനബിള്‍സ് രണ്ടു തവണ കൂടി ജയിലിലായി. തോംപ്‌സണ്‍ തന്റെ ഒരു പുതിയ വ്യക്തിത്വം സ്വീകരിച്ച് സാധാരണ ജീവിതം നയിക്കുന്നതായാണ് ഒടുവില്‍ അറിയാന്‍ സാധിച്ചത്.

ലോകത്തെ നടുക്കിയ കുട്ടികുറ്റവാളികളുടെ കഥ ഇവിടം കൊണ്ടൊന്നും അവസാനിക്കുന്നില്ല. കുട്ടിക്കുറ്റവാളികളെ പറ്റി നാമൊരുപാട് കേട്ടിട്ടുണ്ട് എങ്കിലും ഒരു പക്ഷെ ഫോറന്‍സിക് എന്ന ചിത്രം കണ്ട ശേഷം ആയിരിക്കാം നമ്മളില്‍ പലര്‍ക്കും സീരിയല്‍ കില്ലേഴ്‌സ് എന്നൊരു ഇമേജ് കുട്ടികളിലും കാണാവുന്ന സാധ്യതയെ പറ്റി ചിന്തിച്ചു കാണുക..

Exit mobile version