നടന്‍ മണികണ്ഠന്‍ ആചാരി വിവാഹിതനായി; കല്യാണ ചെലവിനുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

നടന്‍ മണികണ്ഠന്‍ ആചാരി വിവാഹിതനായി. തൃപ്പൂണിത്തുറയില്‍ വെച്ചാണ് വിവാഹം നടന്നത്. മരട് സ്വദേശിയായ അഞ്ജലിയാണ് വധു. കൊറോണയുടെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടമോ ആഘോഷങ്ങളോ ഇല്ലാതെ വളരെ ലളിതമായാണ് വിവാഹം നടന്നത്. പ്രണയവിവാഹമാണ് മണികണ്ഠന്‍ ആചാരിയുടേത്. ഒന്നരവര്‍ഷം മുമ്പ് ഒരു ഉത്സവത്തിനിടെയാണ് അഞ്ജലിയെ അടുത്ത് പരിചയപ്പെടുന്നത്. പ്രണയം തുറന്ന് പറഞ്ഞപ്പോള്‍ അഞ്ജലിക്കും സമ്മതമായിരുന്നുവെന്നാണ് മണികണ്ഠന്‍ ആചാരി നേരത്തേ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

അതേസമയം കല്യാണ ചെലവിനുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താരം നല്‍കി. നടി സ്‌നേഹ ശ്രീകുമാര്‍ ആണ് ഈ വിവരം ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന താരം കല്യാണ ചിലവിലേക്കുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനും അദ്ദേഹം തീരുമാനിച്ചുവെന്നുമാണ് ഫേസ്ബുക്കില്‍ കുറിച്ചത്.

നാടകവേദികളില്‍ സജീവമായിരുന്ന മണികണ്ഠന്‍ ആചാരി രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടത്തിലൂടെയാണ് സിനിമയിലെത്തുന്നത്. പിന്നീട് മലയാളത്തിലും തമിഴിലുമായി ഒട്ടനവധി ചിത്രങ്ങളില്‍ വേഷമിട്ടു. തമിഴില്‍ വിജയ് സേതുപതി, രജനികാന്ത് തുടങ്ങിയ താരങ്ങള്‍ക്കൊപ്പവും താരം അഭിനയിച്ചിട്ടുണ്ട്.

Exit mobile version