‘പണ്ട് സിനിമയില്‍ ചാന്‍സ് ചോദിക്കാന്‍ ചാണക ലോറിയുടെ പുറകില്‍ നിന്ന് പോയ ആളാണ് ജോജു ജോര്‍ജ്’; സിനിമയിലെത്താന്‍ ജോജു അനുഭവിച്ച കഷ്ടപ്പാടുകള്‍ വിവരിച്ച് സംവിധായകന്‍

ഏറെ കാലമായി മലയാള സിനിമയിലെ നിറസാന്നിധ്യമാണ് നടന്‍ ജോജു ജോര്‍ജ്. ലാളിത്യം കൊണ്ടും അഭിനയമികവുകൊണ്ടും മലയാള സിനിമാസ്വാദകരുടെ ഹൃദയത്തില്‍ കയറിപ്പറ്റിയ ജോജു ജോര്‍ജ് ദേശീയ അവാര്‍ഡിലേക്ക് വരെ നടന്നുകയറിയിട്ടുണ്ട്. ജോജുവിന്റെ സിനിമ യാത്രയിലെ ചില നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് സംവിധായകന്‍ ജിയോ ബേബി.

സിനിമയിലെത്താന്‍ ജോജു അനുഭവിച്ച കഷ്ടപ്പാടിന്റെ കഥകളാണ് ജിയോ ബേബി ഫേസ്ബുക്കിലൂടെ വിശദീകരിക്കുന്നത്. സ്വന്തം സ്ഥലമായ മാളയില്‍ നിന്നും സിനിമയില്‍ ചാന്‍സ് ചോദിക്കാന്‍ ജോജു എറണാകുളത്തേക്ക് പോയത് ചാണകം കൊണ്ടുപോകുന്ന ലോറിയുടെ പിന്നില്‍ നിന്നായിരുന്നുവെന്ന് ജിയോ ഫേസ്ബുക്കില്‍ കുറിക്കുന്നു.

ഷര്‍ട്ടില്‍ ചാണകം ആവാതെ അങ്ങനെ നിന്നു യാത്ര ചെയ്യാന്‍ ഒരുപാട് കഷ്ടപ്പാടാണെന്നും ലോറിയില്‍ നിന്ന് ഇറങ്ങി കഴിഞ്ഞാല്‍ ലിഫ്റ്റ് ചോദിച്ചു ചോദിച്ചു എറണാകുളം വരെ എത്തുമെന്നും ജോജു പറഞ്ഞിരുന്നുവെന്നും ജിയോ പറയുന്നു. തിരിച്ചു പോക്കും ഇങ്ങനെ തന്നെയാണ്, ജോജു അങ്ങനെ വന്നതാണ് സിനിമയിലെന്നും സംവിധായകന്‍ കുറിച്ചു.

കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് എന്ന റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ സംവിധായകനാണ് ജിയോ ബേബി. കുഞ്ഞു ദൈവം എന്ന ഹൃസ്വ ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ജിയോ ബേബി. ജോജുവായിരുന്നു ചിത്രത്തിലെ നായകന്‍.

സംവിധായകന്‍ ജിയോ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ്

25 വര്‍ഷങ്ങള്‍. ഒരിക്കല്‍ ജോജു ചേട്ടന്‍ പറഞ്ഞതാണ്. മാളയില്‍ നിന്ന് ചാന്‍സ് ചോദിക്കാന്‍ എറണാകുളം വരുന്നത് ചാണകം കൊണ്ടുപോകുന്ന ലോറിയുടെ പിന്നില്‍ നിന്നാണ്, ഷര്‍ട്ടില്‍ ചാണകം ആവാതെ അങ്ങനെ നിന്നു യാത്ര ചെയ്യാന്‍ ഒരുപാട് കഷ്ടപ്പാടാണ്.

ലോറിയില്‍ നിന്ന് ഇറങ്ങി കഴിഞ്ഞാല്‍ ലിഫ്റ്റ് ചോദിച്ചു ചോദിച്ചു എറണാകുളം എത്തും, തിരിച്ചു പോക്കും ഇങ്ങനെ തന്നെയാണ്. അങ്ങനെ വന്നതാണ് സിനിമയില്‍. വന്നിട്ട് 25 വര്‍ഷങ്ങള്‍ ആയി. അതു കൊണ്ട് ഇവിടെ തന്നെ കാണും. അവാര്‍ഡുകള്‍ തിക്കും തിരക്കും കൂട്ടാത്തെ വന്നു കേറേണ്ടതാണ്. എനിക്ക് മുത്താണ്, എന്ത് പ്രശ്‌നം വന്നാലും വിളിക്കാന്‍ ഉള്ള മനുഷ്യന്‍ ആണ് ജോജു ചേട്ടന്‍. ഇനിയും ഞങ്ങളെ വിസ്മയിപ്പിച്ചാലും.’-ജിയോ കുറിച്ചു.

Exit mobile version