‘ഉചിതമായ സമയവും അവസരവും എത്തുമ്പോള്‍ ഞങ്ങള്‍ക്കും ഇന്ത്യയിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ’; പൃഥ്വിരാജ്

ജോര്‍ജാദ്ദിന്‍ ഷൂട്ടിങിനായ പോയ പൃഥ്വിരാജും സംഘവും അവിടെ കുടുങ്ങിക്കിടക്കുകയാണ്. ബ്ലെസി സംവിധാനം ചെയ്യുന്ന ‘ആടുജീവിതം’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായാണ് സംഘം ജോര്‍ദ്ദാനില്‍ പോയത്. ഇപ്പോഴിതാ നിലവിലെ തങ്ങളുടെ സാഹചര്യങ്ങളെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ്. ഇപ്പോള്‍ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണെന്നും അണിയറപ്രവര്‍ത്തകരെല്ലാം സുരക്ഷിതരാണെന്നുമാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ താരം വ്യക്തമാക്കിയത്. ഉചിതമായ സമയവും അവസരവും എത്തുമ്പോള്‍ ഞങ്ങള്‍ക്കും ഇന്ത്യയിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘എല്ലാവര്‍ക്കും എന്റെ നമസ്‌ക്കാരം. ഈ ദുഷ്‌കരമായ അവസരത്തില്‍ നിങ്ങള്‍ എല്ലാവരും സുരക്ഷിതരായിരിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് പ്രതീക്ഷിക്കുന്നു. ഈ മാസം 24ന് ആടുജീവത്തിന്റെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിന്നു. പിന്നീട് വാഡി റം മരുഭൂമിയില്‍ ഞങ്ങള്‍ സുരക്ഷിതരാണെന്നു വിലയിരുത്തിയ ശേഷം ജോര്‍ദ്ദാന്‍ അധികൃതര്‍ വീണ്ടും ചിത്രീകറണം തുടരാന്‍ അനുവാദം തന്നു.

എന്നാല്‍ അധികം വൈകാതെ തന്നെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഈ മാസം 27 മുതല്‍ ചിത്രീകരണം നടത്താനുള്ള അനുമതി റദ്ദാക്കി. ഇതേത്തുടര്‍ന്ന് വാദി റാം മരുഭൂമിയിലെ ക്യാമ്പിലാണ് ഞങ്ങള്‍ താമസിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ചിത്രീകരണം പുനഃരാരംഭിക്കാന്‍ ഉടന്‍ അനുമതി ലഭിക്കില്ലെന്നും ഉടന്‍ ഇന്ത്യയിലേക്ക് മടങ്ങുകയാണ് ഏക പോംവഴിയെന്നും അധികൃതര്‍ ഞങ്ങളോട് പറഞ്ഞു. ഏപ്രില്‍ രണ്ടാം വാരം വരെ വാദി റമില്‍ താമസിക്കാനാണ് ഞങ്ങള്‍ ശരിക്കും തീരുമാനിച്ചിരുന്നത്. അതുകൊണ്ടു തന്നെ സമീപഭാവിയില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് ദൗര്‍ലഭ്യം അനുഭവപ്പെട്ടേക്കാം. അതുകഴിഞ്ഞാല്‍ എന്തു ചെയ്യുമെന്ന് അറിയില്ല. ഞങ്ങള്‍ക്കൊപ്പം ഇവിടെ ഒരു ഡോക്ടര്‍ ഉണ്ട്. അദ്ദേഹം ഓരോ 72 മണിക്കൂറിലും സംഘാംഗങ്ങളെ പരിശോധിക്കുന്നുണ്ട്. ഇതുകൂടാതെ ജോര്‍ദ്ദാന്‍ നിയോഗിച്ചിട്ടുള്ള സര്‍ക്കാര്‍ ഡോക്ടറും പരിശോധന നടത്തുന്നുണ്ട്.

നിലവില്‍ ലോകത്താകമാനം നിലനില്‍ക്കുന്ന സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഞങ്ങളുടെ സംഘത്തിലുള്ള 58 പേരുടെ കാര്യം പരിഗണനാ വിഷയമെ അല്ലെന്നറിയാം. എന്നാല്‍ ബന്ധപ്പെട്ട എല്ലാവരേയും നിലവിലെ സാഹചര്യത്തെക്കുറിച്ച് അറിയിക്കേണ്ടത് ഞങ്ങളുടെ കടമയാണെന്ന് എനിക്ക് തോന്നി. ലോകമെമ്പാടും ആയിരക്കണക്കിന് ഇന്ത്യക്കാരാണ് നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നത്. ഉചിതമായ സമയവും അവസരവും എത്തുമ്പോള്‍ ഞങ്ങള്‍ക്കും ഇന്ത്യയിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ. അതുവരെ, നിങ്ങള്‍ എല്ലാവരും സുരക്ഷിതരായിരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഒപ്പം ജീവിതം സാധാരണ നിലയിലാകുമെന്ന് കൂട്ടായി പ്രത്യാശിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാം’ എന്നാണ് പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചത്.

Exit mobile version