ഇന്ത്യന്‍ 2 വിന്റെ സെറ്റിലെ അപകടം; മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി വീതം നല്‍കും; പ്രഖ്യാപിച്ച് കമല്‍ഹാസന്‍

പൂനെ ഇവിപി ഫിലിം സിറ്റിയിലെ ലൊക്കേഷനിലാണ് അപകടമുണ്ടായത്.

ഇന്ത്യന്‍ 2വിന്റെ സെറ്റില്‍ നടന്ന അപകടം തമിഴകത്തെ ഒന്നാകെ നടുക്കിയിരിക്കുകയാണ്. മൂന്ന് ജീവനുകളാണ് ഒരേ സമയം പൊലിഞ്ഞത്. ഇപ്പോള്‍ അപകടത്തില്‍ മരിച്ച മൂന്നുപേരുടെ കുടുംബാംഗങ്ങള്‍ക്ക് സഹായം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ കമല്‍ഹാസന്‍. ഓരോ കുടുംബങ്ങള്‍ക്കും ഒരു കോടി രൂപ വീതം നല്‍കുമെന്ന് കമല്‍ഹാസന്‍ പറഞ്ഞു.

ആശുപത്രിയിലെത്തി മരിച്ചവരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടത്തില്‍ നിന്ന് കമല്‍ഹാസനും നടി കാജല്‍ അഗര്‍വാളുമടക്കമുള്ളവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പൂനെ ഇവിപി ഫിലിം സിറ്റിയിലെ ലൊക്കേഷനിലാണ് അപകടമുണ്ടായത്.

സീന്‍ ചിത്രീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിനിടെ 150 അടിയിലേറെ ഉയരമുള്ള ക്രെയിന്‍ സംവിധായകനും സംഘവും ഇരുന്ന ടെന്റിന് മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ശങ്കറിന്റെ സഹായി മധു, സഹസംവിധായകന്‍ ചന്ദ്രന്‍, കാറ്ററിംഗ് യൂണിറ്റ് അംഗം കൃഷ്ണ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Exit mobile version