രാജ്യം കണ്ട ഏറ്റവും വലിയ ചാരവൃത്തിയുടെ കഥയുമായി പൃഥ്വിരാജ്!

തന്റെ പുതിയ ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തി പൃഥ്വിരാജ്. ഇത്തവണ ഐഎസ്‌ഐ യുദ്ധത്തിനെതിരെ പോരാടുന്ന കമാന്‍ഡോയുടെ കഥയുമായാണ് താരം എത്തുന്നത്. ചിത്രത്തിന്റെ പേരും മറ്റ് വിവരങ്ങളും നാളെയാണ് പുറത്തുവിടുക. പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്.

‘1947 ലെ കാശ്മീര്‍ യുദ്ധത്തിന് ശേഷം ഉണ്ടായ രണ്ട് യുദ്ധങ്ങളും തോറ്റ ഐഎസ്‌ഐ മൂന്നാമതും ഇന്ത്യക്കെതിരെ ആക്രമണത്തിന് ഒരുങ്ങുന്നു. ഇന്ത്യന്‍ ഇന്റലിജന്‍സ് ഇവരുടെ പടപ്പുറപ്പാട് മണത്തറിയുന്നു. അവരെ തടുക്കാന്‍ റോയുടെ ഉത്തരേന്ത്യന്‍, വടക്കു-കിഴക്ക് സന്നാഹത്തിന് പോലും കഴിയാതെ വരുന്ന സാഹചര്യത്തില്‍ അടുത്തതെന്തെന്ന ചോദ്യം ഉയരുന്നു. ഇന്ത്യയുടെ ഏറ്റവും മികച്ച കൗണ്ടര്‍ ഇന്‍സര്‍ജന്‍സി കമാന്‍ഡോയുടെ നേതൃത്വത്തില്‍ റോയുടെ ദക്ഷിണേന്ത്യന്‍ വിഭാഗം ഒരു സംഘത്തെ നിയോഗിക്കുന്നു. സാറ്റലൈറ്റുകളും, ഡിജിറ്റല്‍ സംവിധാനങ്ങളും ഇല്ലാതിരുന്ന കാലത്ത് യുദ്ധം നേരിട്ടവരുടെ കഥയാണ്’ എന്നുമാണ് പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചത്.

‘അയ്യപ്പനും കോശിയും’ ആണ് പൃഥ്വിരാജിന്റെ തീയ്യേറ്ററുകളില്‍ എത്താന്‍ പോവുന്ന ചിത്രം. ബിജു മേനോന്‍ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിരമിച്ച ഹവീല്‍ദാര്‍ കോശി കുര്യന്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. അയ്യപ്പന്‍ നായര്‍ എന്ന പോലീസ് ഉദ്യോഗസ്ഥനായിട്ടാണ് ബിജു മേനോന്‍ ചിത്രത്തില്‍ എത്തുന്നത്. സംവിധായകന്‍ രഞ്ജിത്ത്, അനുമോഹന്‍, ജോണി ആന്റണി, അനില്‍ നെടുമങ്ങാട്, സാബുമോന്‍, ഷാജു ശ്രീധര്‍, കോട്ടയം രമേശ്, അജി ജോണ്‍, നന്ദു ആനന്ദ്, അന്നാ രേഷ്മാ രാജന്‍, ഗൗരി നന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്തും പിഎം ശശിധരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version