അവനൊരു കൊച്ചുകുട്ടിയാണ്; നല്ലഭാവിയുള്ള നടനും; ഉപേക്ഷിക്കാൻ കഴിയില്ല; വീണ്ടും പ്രശ്‌ന പരിഹാരത്തിന് ഇടവേള ബാബു

നടൻ ഷെയിൻ നിഗവും നിർമ്മാതാക്കളും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ വീണ്ടും സജീവമായി ഇടപെട്ട് താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു. ഷെയിൻ നല്ല ഭാവിയുള്ള നടനാണെന്നും പ്രശ്നങ്ങൾ രമ്യമായി തന്നെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആര് ജയിക്കുന്നു ആര് തോൽക്കുന്നു എന്നതല്ല കാര്യമെന്നും ഇരുവർക്കും ദോഷകരമല്ലാത്ത രീതിയിൽ ചർച്ച ചെയ്ത് പ്രശ്നം തീർക്കാനുമാണ് ശ്രമിക്കുന്നതെന്നും ഇടവേള ബാബു പറഞ്ഞു.

‘അമ്മ സംഘടന എന്തു നിർദേശിക്കുന്നോ അത് അനുസരിക്കാമെന്ന് ഷെയിൻ നിഗം ഉറപ്പുനൽകിയിട്ടുണ്ട്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ സൗകര്യം നോക്കി ഇക്കാര്യം വീണ്ടും അവരുമായും ചർച്ച നടത്തും. ആര് ജയിക്കുന്നു ആര് തോൽക്കുന്നു എന്നതല്ല, ഇരുവർക്കും രമ്യമായ രീതിയിൽ ചർച്ച ചെയ്ത് പ്രശ്നം തീർക്കും. വിലക്കൊന്നും ഉണ്ടാകില്ല. മുടങ്ങിപ്പോയ മൂന്ന് സിനിമകളും തീർക്കും. അവനൊരു കൊച്ചുകുട്ടിയാണ്, നല്ല ഭാവിയുള്ള നടനും, ഉപേക്ഷിക്കാൻ കഴിയില്ല.’ ഇടവേള ബാബു പറഞ്ഞു.

കഴിഞ്ഞദിവസം അമ്മ പ്രസിഡന്റ് മോഹൻലാലിന്റെ നിർദേശപ്രകാരം ചേർന്ന അമ്മ നിർവാഹക സമിതി യോഗത്തിൽ ഷെയിൻ നിഗത്തെയും വിളിച്ചു വരുത്തിയിരുന്നു. ഉല്ലാസം സിനിമയുടെ ഡബ്ബിങ് ഉടൻ പൂർത്തിയാക്കുമെന്നും നിർത്തിവച്ച ചിത്രങ്ങൾ ഉടൻ പുനരാരംഭിക്കുമെന്നുമാണ് ‘അമ്മ’ എക്‌സിക്യുട്ടീവ് യോഗത്തിൽ തീരുമാനമായത്.

Exit mobile version