ചാര്‍ളിക്ക് ശേഷം പുതിയ ചിത്രവുമായി മാര്‍ട്ടിന്‍ പ്രക്കാട്ട്; നായകരാകുന്നത് കുഞ്ചാക്കോ ബോബനും ജോജുവും; ചിത്രത്തിന് ജനുവരി 11ന് തുടക്കം

ചാര്‍ളി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം പുതിയ ചിത്രവുമായി മാര്‍ട്ടിന്‍ പ്രക്കാട്ട്. കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജുമാണ് പുതിയ ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിമിഷ സജയനാണ് നായികയാകുന്നത്. പുതിയ സിനിമയുടെ ചിത്രീകരണം ജനുവരി 11ന് കോലഞ്ചേരിയില്‍ തുടങ്ങും.

ജോജു ജോര്‍ജ്ജ് അഭിനയിച്ച ഹിറ്റ് ചിത്രം ‘ജോസഫ്’ എഴുതിയ ഷാഹി കബീറിന്റേതാണ് രചന. അനില്‍ നെടുമങ്ങാട്, യമ, കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

സിനിമയുടെ പേരും മറ്റു വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. കൊടൈക്കനാല്‍ ആണ് പ്രധാന ലോക്കേഷന്‍. കോലഞ്ചേരി, അടിമാലി, മൂന്നാര്‍, വട്ടവട, കൊട്ടക്കാംബൂര്‍ എന്നിവിടങ്ങളാണ് മറ്റു ലോക്കേഷനുകള്‍.

ഷൈജു ഖാലിദാണ് ഛായാഗ്രഹണം. എഡിറ്റിങ് മഹേഷ് നാരായണന്‍, സംഗീതം വിഷ്ണു വിജയ്, ഗാനരചന അന്‍വര്‍ അലി. രഞ്ജിത് (സംവിധായകന്‍), ശശികുമാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയ്ന്‍ പിക്‌ച്ചേര്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് നിര്‍മാണം.

Exit mobile version