അടിച്ചമര്‍ത്തുംതോറും പ്രതിഷേധങ്ങള്‍ പടര്‍ന്നു കൊണ്ടേയിരിക്കും, പ്രക്ഷോഭങ്ങളുണ്ടാവും!; ജാമിയ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ടൊവീനോ

തൃശ്ശൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ മിലിയ ഇസ്ലാമിയ അടക്കമുള്ള സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരായ പോലീസ് നടപടിയെ വിമര്‍ശിച്ച് നടന്‍ ടോവിനോ തോമസ്. അടിച്ചമര്‍ത്തും തോറും പ്രതിഷേധങ്ങള്‍ പടര്‍ന്നു കൊണ്ടേയിരിക്കുമെന്ന് ടൊവീനോ പറഞ്ഞു. വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് പോസ്റ്റിലൂടെയാണ് ടോവിനോ വിമര്‍ശനവുമായി രംഗത്ത് വന്നത്.

‘ഒരിക്കല്‍ കുറിച്ചത് വീണ്ടും ആവര്‍ത്തിക്കുന്നു. അടിച്ചമര്‍ത്തുംതോറും പ്രതിഷേധങ്ങള്‍ പടര്‍ന്നുകൊണ്ടേയിരിക്കും. ഹാഷ് ടാഗ് ക്യാമ്പെയ്‌നുകള്‍ക്കപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാവും! ചരിത്രം പഠിപ്പിക്കുന്നത് അതാണ്!’, ടൊവീനോയുടെ കുറിപ്പ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി നടി പാര്‍വതിയും നേരത്തെ രംഗത്തെത്തിയിരുന്നു. ‘ജാമിയയ്‌ക്കൊപ്പം നില്‍ക്കുക’ എന്ന ഹാഷ് ടാഗോടെ മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിന്റെ ട്വീറ്റ് പാര്‍വ്വതി റീട്വീറ്റ് ചെയ്യുകയായിരുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി നടന്‍ സണ്ണിവെയ്‌നു നേരത്തെ രംഗത്ത് വന്നിരുന്നു. മലയാളസിനിമയിലെ യുവനിരയിലെ പല താരങ്ങളും സമാന നിലപാടുമായി രംഗത്തെത്തിയിട്ടുണ്ട്.

Exit mobile version